മുംബൈയിലും പ്രതിഷേധം: തൃപ്തി ദേശായിയ്ക്ക് വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാനായില്ല

മുംബൈ: ശബരിമല ദര്‍ശനത്തിന് എത്തി പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങേണ്ടി വന്ന് തൃപ്തി ദേശായിക്കെതിരെ മുംബൈയിലും പ്രതിഷേധം. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ തൃപ്തി ദേശായിക്കെതിരെ വിമാനത്താവളത്തിനു മുന്നില്‍ നിരവധി ആളുകള്‍ പ്രതിഷേധവുമായെത്തി.
മലയാളികളായ വിശ്വാസികളാണ് തൃപ്തി ദേശായിക്കെതിരെ പ്രതിഷേധവുമായി മുംബൈ വിമാനത്താവളത്തിനു പുറത്തെത്തിയത്. നാമജപം നടത്തിയാണ് ഇവരുടെ പ്രതിഷേധം. ഇതേതുടര്‍ന്ന് തൃപ്തിക്ക് വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാനായില്ല.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് തൃപ്തി നെടുമ്പാശ്ശേരിയിലെത്തിയത്. എന്നാല്‍ വിശ്വാസികള്‍ പ്രതിഷേധ നാമജപവുമായി എത്തിയതോടെ വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ സാധിക്കാതെ രാത്രി 9.30 ന് മുംബൈയ്ക്ക് തിരിച്ചുപോയി. തൃപ്തി ദേശായി തിരിച്ചെത്തിയ വിവരം അറിഞ്ഞാണ് പ്രതിഷേധക്കാര്‍ മുംബൈ വിമാനത്താവളത്തിനുമുന്നില്‍ തടിച്ചുകൂടിയത്.
ശബരിമലയിലെത്താന്‍ ഇനിയും കേരളത്തിലേക്കെത്തുമെന്ന് ഇവര്‍ തിരികെ പോകുന്നതിന് മുമ്പ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതാണ് മുംബൈയിലെ പ്രതിഷേധത്തിന് കാരണമെന്നാണ് വിവരം.

pathram:
Related Post
Leave a Comment