മടങ്ങിപ്പോകുന്ന കാര്യം ആറുമണിക്ക് ശേഷം തീരുമാനിക്കും; പോയാലും തിരികെയെത്തുമെന്നും തൃപ്തിദേശായി; കൂടുതല്‍ തയാറെടുപ്പുകളോടെ വരാന്‍ പൊലീസിന്റെ നിര്‍ദേശം

കൊച്ചി: ശബരിമല ദര്‍ശനത്തിന് നെടുമ്പാശേരിയില്‍ എത്തിയ തൃപ്തി ദേശായി പുറത്തിറങ്ങാനാകാത്തതിനാല്‍ തിരിച്ചു പോകാന്‍ ഒരുങ്ങുന്നു. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് തൃപ്തി ദേശായി പറഞ്ഞു. ബിജെപിയോ കോണ്‍ഗ്രസോ എന്നല്ല ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ല. സ്ത്രീകളുടെ പക്ഷത്താണ്. അഞ്ച് വര്‍ഷമായി ഒരു പാര്‍ട്ടിയുമായും ബന്ധമില്ല. മടങ്ങുന്ന കാര്യത്തില്‍ ആറു മണിക്കു ശേഷം തീരുമാനമെടുക്കും. പോയാലും മണ്ഡലകാലത്തു തന്നെ തിരികെയെത്തും–തൃപ്തി പറഞ്ഞു. അടുത്ത തവണ കൂടുതല്‍ തയാറെടുപ്പുകളോടെ ശബരിമല സന്ദര്‍ശനത്തിന് എത്താന്‍ തൃപ്തിയോടും സംഘത്തോടും പൊലീസ് നിര്‍ദേശിച്ചു. അതേസമയം ഇവര്‍ക്കു നിയമസഹായം വാഗ്ദാനം ചെയ്ത് മൂന്ന് വനിതാ അഭിഭാഷകര്‍ രംഗത്തെത്തി.

ശബരിമല സന്ദര്‍ശനത്തിനായി ഇന്ന് പുലര്‍ച്ചെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തി പ്രതിഷേധത്തെ തുടര്‍ന്ന് പുറത്തിറങ്ങാനാകാതെ കുടുങ്ങി കിടക്കുന്ന തൃപ്തി ദേശായിയുമായി പൊലീസ് വീണ്ടും ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ തീരുമാനം ആയില്ലെന്ന് പൊലീസ് അറിയിച്ചു. വാഹനവും താമസ സൗകര്യവും സ്വന്തമായി ഏര്‍പ്പാടാക്കിയാല്‍ സംരക്ഷണം ഒരുക്കാമെന്ന് പൊലീസ് വീണ്ടും അറിയിച്ചു. തൃപ്തി ദേശായിയെ വിമാനത്താവളത്തിനു പുറത്തിറക്കാനുള്ള സാഹചര്യം ഇപ്പോഴില്ലെന്നാണ് പൊലീസ് വിശദീകരണം. ഇതിനിടെ സമരക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

കണ്ടാലറിയുന്ന 250 പേര്‍ക്കെതിരെയാണ് കേസ്. അതേ സമയം വിമാനത്താവളത്തിനു മുന്നില്‍ നടത്തുന്ന പ്രതിഷേധം സിയാലിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതായി സിയാല്‍ എം.ഡി. പൊലീസിനെ അറിയിച്ചു. എത്രയും പെട്ടെന്ന് തീരുമാനം എടുക്കണമെന്നും തുടര്‍ നടപടി ഉണ്ടാകണമെന്നും പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ തൃപ്തി ദേശായിയുമായി ആലുവ തഹസില്‍ദാര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ശബരിമല സന്ദര്‍ശിച്ച ശേഷമേ മടങ്ങൂ എന്ന നിലപാടില്‍ മാറ്റം വരുത്താന്‍ അവര്‍ തയാറായിട്ടില്ല. അതേ സമയം വിശ്വാസികളുടെ പ്രതിഷേധം പരിഗണിച്ച് തൃപ്തി ദേശായിയെ തിരിച്ചയയ്ക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിളള ആവശ്യപ്പെട്ടു. നെടുമ്പാശേരി വിമാനത്താവളത്തില്‍ നടക്കുന്നത് ഭക്തരുടെ പ്രതിഷേധമാണെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ശബരിമലയില്‍ പ്രവേശനം നടത്തുന്നതിന് പോലീസിന്റെ സുരക്ഷ ആവശ്യപ്പെട്ട് തൃപ്തി ദേശായി ഹൈക്കോടതിയെ സമീപിച്ചേക്കുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് കോടതിയെ സമീപിക്കാന്‍ അവര്‍ ഒരുങ്ങിയത്. ഇക്കാര്യത്തില്‍ തൃപ്തി ദേശായി നിയമോപദേശം തേടിയതായാണ് സൂചന.

നേരത്തെ തൃപ്തി ദേശായിയുമായി പോലീസ് ഉന്നതോദ്യോഗസ്ഥര്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമുണ്ടായിരുന്നില്ല. ആഭ്യന്തര ടെര്‍മിനലിനു പുറത്ത് പ്രതിഷേധം കൂടുതല്‍ ശക്തമാകുന്ന സാഹചര്യവും പോലീസ് തൃപ്തി ദേശായിയെ ബോധ്യപ്പെടുത്തി. എന്നാല്‍ ഏതു സാഹചര്യത്തിലും വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്നും മടങ്ങിപ്പോകില്ലെന്നുമുള്ള നിലപാടാണ് തൃപ്തി ദേശായി സ്വീകരിച്ചിരിക്കുന്നത്.

ആവശ്യപ്പെട്ട പ്രകാരം വാഹനവും താമസ സൗകര്യവും ഏര്‍പ്പാടാക്കാന്‍ കഴിയില്ലെന്നും പോലീസ് തൃപ്തി ദേശായിയെ അറിയിച്ചിട്ടുണ്ട്. വിമാനത്താവളത്തിലെ ആഭ്യന്തര ടെര്‍മിനലിനു പുറത്ത് പ്രതിഷേധം ശക്തമായ സാഹചര്യമാണുള്ളത്. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന നിലയിലേക്ക് പ്രതിഷേധം രൂക്ഷമായതിനെ തുടര്‍ന്ന് ഉടന്‍ പ്രശ്‌നപരിഹാരം വേണമെന്ന് വിമാനത്താവള അധികൃതര്‍ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിരവധി വിമാനങ്ങള്‍ ഏതാനും സമയത്തിനുള്ളില്‍ ഇവിടെ ഇറങ്ങാനുള്ളതിനാല്‍ പ്രതിഷേധം കനക്കുന്നത് ഗുരുതരമായ സുരക്ഷാ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്ന് വിമാനത്താവള അധികൃതര്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്.

pathram:
Leave a Comment