നിലയ്ക്കലിലെത്തിയാല്‍ സുരക്ഷ നല്‍കാന്‍ തയ്യാറാണെന്ന് പോലീസ്

കൊച്ചി: ശബരിമല ദര്‍ശനത്തിനായി കൊച്ചി വിമാനത്താവളത്തിലെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായും സംഘവും നിലയ്ക്കലിലെത്തിയാല്‍ സുരക്ഷ നല്‍കാന്‍ തയ്യാറാണെന്ന് പോലീസ് അറിയിച്ചു.
നേരത്തെ അവരെ ഹോട്ടലിലേക്ക് മാറ്റാന്‍ അനുവദിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടുവെങ്കിലും അതനുവദിക്കില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാര്‍. തൃപ്തി ദേശായി ഉടന്‍ തിരിച്ച് പോകണമെന്നും വിമാനത്താവളത്തിന് പുറത്തിറങ്ങരുതെന്നുമാണ് പ്രതിഷേധക്കാര്‍ പറയുന്നത്. വിമാനത്താവള പരിസരത്ത് കനത്ത സുരക്ഷയും പോലീസ് ഒരുക്കിയിട്ടുണ്ട്. പുലര്‍ച്ചെ കുറച്ച് പ്രതിഷേധക്കാര്‍ മാത്രമെ ഉണ്ടായിരുന്നുള്ളുവെങ്കിലും നേരം പുലര്‍ന്നതോടെ നൂറു കണക്കിന് ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വിമാനത്താവള പരിസരത്ത് എത്തിയിട്ടുണ്ട്. പ്രതിഷേധത്തിനിടെ കാര്‍ഗോ ടെര്‍മിനല്‍ വഴി പുറത്തെത്തിക്കാന്‍ ശ്രമിച്ചുവെങ്കിലും ഉടന്‍ തന്നെ പ്രതിഷേധക്കാര്‍ സംഘടിച്ചെത്തി കാര്‍ഗോ ടെര്‍മിനലും ഉപരോധിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം ശബരിമല ദര്‍ശനത്തിന് പ്രത്യേക സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് തൃപ്തി മുഖ്യമന്ത്രിക്കും പോലീസിനും കത്തയച്ചിരുന്നു. എന്നാല്‍ പ്രത്യേക സുരക്ഷ ഒരുക്കില്ലെന്ന് പോലീസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
മഹാരാഷ്ട്ര അഹമ്മദ്‌നഗര്‍ ശനി ശിംഘനാപുര്‍ ക്ഷേത്രത്തിലെ സ്ത്രീപ്രവേശം, മുംബൈ ഹാജി അലി ദര്‍ഗ സ്ത്രീപ്രവേശം എന്നീ സമരങ്ങളിലൂടെയാണ് തൃപ്തി ദേശായ് ശ്രദ്ധനേടിയത്. കൊച്ചിയിലെത്തി തിരിച്ച് മഹാരാഷ്ട്രയിലെത്തുന്നവരെയുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു.
പുലര്‍ച്ചെ 4.30ന് നെടുമ്പാശേരിയില്‍ എത്തിയ തൃപ്തി ദേശായിക്കും സംഘത്തിനും നേരെ വന്‍ പ്രതിഷേധമാണ് വിമാനത്താവളത്തിന് അകത്തും പുറത്തും നടക്കുന്നത്. വിമാനത്താവളത്തിനു പുറത്ത് പ്രതിഷേധക്കാര്‍ നാമജപവുമായി തമ്പടിച്ചിരിക്കുകയാണ്. ദര്‍ശനം നടത്താതെ തിരികെ പോകില്ലെന്ന് തൃപ്തിയും പുറത്തുകടക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാരും നിലപാടെടുക്കുന്നു. പുലര്‍ച്ചെ 4.40 ഓടെ ഇന്‍ഡിഗോ വിമാനത്തിലാണ് തൃപ്തിയെത്തിയത്. എന്നാല്‍ പുറത്ത് കനത്ത പ്രതിഷേധം തുടരുന്നതിനാല്‍ അവര്‍ക്ക് ഇതുവരെ പുറത്തിറങ്ങാനായിട്ടില്ല.
ശരണം വിളികളുമായി പ്രതിഷേധം തുടരുകയാണ്. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹമുണ്ട്. നാമജപ പ്രതിഷേധവുമായി നൂറുകണക്കിനു പേരാണ് വിമാനത്താവളത്തിനു പുറത്തുള്ളത്. തൃപ്തി ദേശായിക്കൊപ്പം മറ്റ് ആറ് യുവതികളുമുണ്ട്. വിമാനത്താവളത്തില്‍ എത്തുന്നതു മുതല്‍ സുരക്ഷയൊരുക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ മുഖ്യമന്ത്രിക്കു കത്ത് അയച്ചിരുന്നെങ്കിലും അതിന് മറുപടി നല്‍കിയിരുന്നില്ല. സുരക്ഷയൊരുക്കാന്‍ സാധിക്കില്ലെന്ന് പൊലീസും അറിയിച്ചിരുന്നു. അതേസമയം, ഇന്നു വൈകിട്ട് അഞ്ചിന് മണ്ഡലകാല പൂജകള്‍ക്കായി ശബരിമല നട തുറക്കും

pathram:
Related Post
Leave a Comment