കേരള ബ്ലാസ്റ്റേഴ്സില്‍ നിന്ന് ഡേവിഡ് ജെയിംസ് പുറത്തേക്ക്

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് മാനേജരായ ഡേവിഡ് ജെയിംസിന്റെ സ്ഥാനം തെറിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ മത്സരത്തില്‍ എഫ്സി ഗോവയോട് സ്വന്തം മൈതാനത്ത് ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് തോറ്റതോടെയാണ് അഭ്യൂഹങ്ങള്‍ ശക്തമായത്. പരിശീലകന്‍ എന്ന നിലയില്‍ ജെയിംസിന് ബ്ലാസ്റ്റേഴ്സിനെ ഇതുവരെ മികച്ച പ്രകടനത്തിലെത്തിക്കാന്‍ സാധിച്ചിട്ടില്ല.
ജെയിംസിന്റെ മാനേജ്മെന്റിനെതിരേ ഐഎം വിജയന്‍ അടക്കമുള്ള പ്രമുഖര്‍ നേരത്തെ രംഗത്ത് വന്നിരുന്നു. ഈ സീസണില്‍ ഏഴ് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഒരു ജയം മാത്രമാണ് ബ്ലാസ്റ്റേഴ്സിന് നേടാന്‍ സാധിച്ചിട്ടുള്ളത്. ലീഗില്‍ പൊതുവെ ദുര്‍ബലരായി കണക്കാക്കപ്പെടുന്ന എടികെയെ അവരുടെ മൈതാനത്ത് തോല്‍പ്പിച്ചതാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ജയം. എന്നാല്‍ പൂനെ സിറ്റി അടക്കമുള്ള പോയിന്റ് പട്ടികയില്‍ ദുര്‍ബലരായ ടീമുകളോട് സമനില പിണഞ്ഞതും ബ്ലാസ്റ്റേഴ്സിന്റെ മികവില്‍ ആരാധകര്‍ക്ക് സംശയമുയരാന്‍ കാരണമായി.
ഇത്രയും മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടും ഇതുവരെ ടീമിന് കൃത്യമായ ഫോര്‍മേഷന്‍ കാണാന്‍ ഡേവിഡ് ജെയിംസിന് സാധിക്കുന്നില്ല. ഓരോ മത്സരത്തിലും വ്യത്യസ്ത ഫോര്‍മേഷന്‍ പരീക്ഷിക്കുന്ന ജെയിംസിന് മത്സര ഫലങ്ങള്‍ എല്ലാം പ്രതികൂലമായിട്ടാണ് ലഭിക്കുന്നത്. വിദേശ താരങ്ങളെ ഉപയോഗപ്പെടുത്തുന്നതില്‍ ജെയിംസ് പൂര്‍ണ പരാജയമാണെന്നാണ് വിലയിരുത്തലുകള്‍.
പോപ്ലാനിക്ക്, സഹല്‍ അബ്ദുള്‍ സമദ് എന്നീ മികവ് പുലര്‍ത്തുന്ന താരങ്ങളെ പുറത്തിരുത്തി വരെ ജെയിംസ് തന്റെ ലൈനപ്പ് പരീക്ഷണങ്ങള്‍ നടത്തുന്നതില്‍ ആരാധകരും ആശങ്കയിലാണ്. കൃത്യമായ ഫോര്‍മേഷന്‍ കണ്ടെത്താതെ ടീമിന് മികവിലെത്താന്‍ സാധിക്കില്ലെന്നതാണ് സത്യം. ഇക്കാര്യത്തില്‍ ജെയിംസ് പുലര്‍ത്തുന്ന അലംഭാവത്തില്‍ ആരാധകര്‍ രോഷം പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്.
2018 ജനുവരി മൂന്നിന് റെനെ മ്യൂലന്‍സ്റ്റീനെ പുറത്താക്കിയ സ്ഥാനത്തേക്ക് ഡേവിഡ് ജെയിംസിനെ നിയോഗിച്ച ശേഷം 19 മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്സ് കളിച്ചത്. ഇതില്‍ ആറ് മത്സരങ്ങളില്‍ മാത്രമാണ് ജെയിംസിന് ടീമിനെ ജയിപ്പിക്കാന്‍ സാധിച്ചത്. ഏഴ് മത്സരങ്ങള്‍ സമനിലയും ആറ് തോല്‍വിയുമാണ് ബാക്കിയുള്ള ഫലങ്ങള്‍.
അതേസമയം, ജെയിംസിന്റെ കാര്യത്തില്‍ മാനേജ്മെന്റ് ഉറച്ച നിലപാടില്‍ തന്നെയാണെന്നാണ് സൂചന. 2021 വരെ ബ്ലാസ്റ്റേഴ്സുമായി കരാറുള്ള ജെയിംസ് ടീമിനെ വിജയപാതയില്‍ തിരിച്ചെത്തിക്കുമെന്ന പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ്.

pathram:
Leave a Comment