യുവതാരങ്ങള്‍ അവസരം കാത്തിരിക്കുമ്പോള്‍ കടിച്ചുതൂങ്ങുന്നത് ശരിയല്ല, രാജ്യാന്തര ക്രിക്കറ്റില്‍നിന്നു മുനാഫ് പട്ടേല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു

മുംബൈ: രാജ്യാന്തര ക്രിക്കറ്റില്‍നിന്നു മുനാഫ് പട്ടേല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. 2011ലെ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്ന പേസ് ബോളര്‍ മുനാഫ് പട്ടേല്‍ രാജ്യാന്തര ക്രിക്കറ്റില്‍നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2006ല്‍ ഇംഗ്ലണ്ടിനെതിരെ മൊഹാലിയിലായിരുന്നു രാജ്യാന്തര ക്രിക്കറ്റിലെ അരങ്ങേറ്റം. ഇന്ത്യയ്ക്കായി 13 ടെസ്റ്റുകളും 70 ഏകദിനങ്ങളും മൂന്നു ട്വന്റി20 മല്‍സരങ്ങളും കളിച്ചിട്ടുള്ള താരമാണ്. മൂന്നു ഫോര്‍മാറ്റുകളിലുമായി 125 വിക്കറ്റുകളും നേടിയിട്ടുണ്ട്.
വിരമിക്കല്‍ പ്രഖ്യാപിക്കുമ്പോള്‍ അല്‍പം പോലും ഖേദമില്ലെന്ന് മുനാഫ് പട്ടേല്‍ വ്യക്തമാക്കി. തനിക്കൊപ്പം രാജ്യാന്തര ക്രിക്കറ്റില്‍ സജീവമായിരുന്ന താരങ്ങളെല്ലാം തന്നെ വിരമിച്ചതായി മുപ്പത്തഞ്ചുകാരനായ പട്ടേല്‍ ചൂണ്ടിക്കാട്ടി. ഇനി ധോണി മാത്രമാണ് അവശേഷിക്കുന്നത്. അതുകൊണ്ടുതന്നെ വിടവാങ്ങുമ്പോള്‍ വേദനയൊന്നും തോന്നുന്നില്ല. എല്ലാവരുടെയും സമയം അവസാനിച്ചു. എല്ലാവരും കളി തുടരുകയും ഞാന്‍ മാത്രം അവസാനിപ്പിക്കുകയും ചെയ്തിരുന്നെങ്കില്‍ അതു വേദനിപ്പിക്കുമായിരുന്നു – മുനാഫ് വ്യക്തമാക്കി.പെട്ടെന്ന് വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ പ്രത്യേകിച്ചു കാരണമൊന്നും ഇല്ലെന്നും മുനാഫ് പട്ടേല്‍ വ്യക്തമാക്കി. പ്രായം ഏറെയായി. കായികക്ഷമതയും പഴയ പോലെയല്ല. യുവതാരങ്ങള്‍ അവസരം കാത്തിരിക്കുമ്പോള്‍ ഞാന്‍ കടിച്ചുതൂങ്ങുന്നത് ശരിയല്ല. കളിക്കാനുള്ള ത്വര അവശേഷിക്കുന്നില്ല എന്നതാണ് സത്യം. 2011ല്‍ ലോകകപ്പ് നേടിയ ടീമില്‍ അംഗമായിരുന്നു ഞാന്‍. അതിലും വലിയ നേട്ടങ്ങളൊന്നും ഇനി സ്വന്തമാക്കാനുമില്ല – പട്ടേല്‍ വ്യക്തമാക്കി.ഗുജറാത്തിലെ ഇഖറില്‍ ജനിച്ച മുനാഫ് ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈ, മഹാരാഷ്ട്ര, ബറോഡ, ഗുജറാത്ത് ടീമുകളെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ്, രാജസ്ഥാന്‍ റോയല്‍സ്, ഗുജറാത്ത് ലയണ്‍സ് ടീമുകള്‍ക്കായും കളിച്ചു.2011ല്‍ ലോകകപ്പ് നേടിയ ടീമില്‍ സ്ഥിര സാന്നിധ്യമായിരുന്നു മുനാഫ്. രാജ്യാന്തര ക്രിക്കറ്റിലെ അവസാന ഏകദിനം കളിച്ചത് ഏതാണ്ട് അക്കാലത്തുതന്നെയാണ്. ഇംഗ്ലണ്ടിനെതിരെ കാര്‍ഡിഫില്‍. 2016നുശേഷം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും സജീവമായിരുന്നില്ല. ഐപിഎല്ലിലും അത്ര സജീവ സാന്നിധ്യമായിരുന്നില്ല.

pathram:
Related Post
Leave a Comment