ബന്ധുനിയമനം: അപേക്ഷിച്ച 6 പേര്‍ക്കു യോഗ്യതയുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്

കണ്ണൂര്‍: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി.ജലീലിനെതിരെ കുരുക്ക് മുറുകുന്നു. ജലീലിനെതിരെ പുതിയ തെളിവുകള്‍ പുറത്ത് വന്നു. ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷനിലെ ജനറല്‍ മാനേജര്‍ തസ്തികയില്‍ അപേക്ഷിച്ച 6 പേര്‍ക്കു യോഗ്യതയുണ്ടെന്ന രേഖകളാണു പുറത്തുവന്നത്. എംബിഎ അല്ലെങ്കില്‍ ബിടെക്, 3 വര്‍ഷത്തെ പ്രവൃത്തിപരിചയം എന്നിവയാണു യോഗ്യതയായി വിജ്ഞാപനത്തില്‍ കാണിച്ചിരുന്നത്.

അപേക്ഷിച്ചവരും അവരുടെ യോഗ്യതയും:
അനസ് വി.പി എംബിഎ, 5 വര്‍ഷം പ്രവൃത്തിപരിചയം
പി.മോഹനന്‍ എംബിഎ, എസ്ബിഐ റീജനല്‍ മാനേജര്‍, 3 വര്‍ഷം പ്രവൃത്തിപരിചയം
സഹീര്‍ കാലടി എംബിഎ, മലപ്പുറം മാല്‍കോടെക്‌സ് സ്പിന്നിങ് മില്ലിലെ ഫിനാന്‍സ് മാനേജരായി 11 വര്‍ഷം പ്രവൃത്തിപരിചയം
റിജാസ് എംബിഎ, ഐസിഐസിഐ ബാങ്ക്, സ്വകാര്യ ഇന്‍ഷുറന്‍സ് ബാങ്ക് എന്നിവിടങ്ങളിലെ ജോലി പരിചയം, നിലവില്‍ ന്യൂനപക്ഷ വികസന കോര്‍പറേഷന്‍ മാനേജര്‍
സാജിദ് മുഹമ്മദ് എംബിഎ, 5 വര്‍ഷം പ്രവൃത്തിപരിചയം
വി.ബാബു ധനവകുപ്പിലെ അണ്ടര്‍ സെക്രട്ടറി, എംബിഎ യോഗ്യതയില്ല.

ഏഴാമത്തെ അപേക്ഷകനും മന്ത്രി കെ.ടി.ജലീലിന്റെ ബന്ധുവുമായ കെ.ടി.അദീബിന് പക്ഷേ വിജ്ഞാപനത്തില്‍ പറയുന്ന എംബിഎ ഇല്ല. മാത്രമല്ല അപേക്ഷ നല്‍കുന്ന സമയത്ത് സൗത്ത് ഇന്ത്യന്‍ ബാങ്കിലെ ബ്രാഞ്ച് മാനേജര്‍ മാത്രമായിരുന്നു. പരിചയസമ്പന്നനായ ആളുടെ സേവനം കോര്‍പറേഷന് ആവശ്യമായതിനാല്‍, അപേക്ഷകരില്‍ യോഗ്യതയുള്ള ഒരേ ഒരാളെ ബന്ധപ്പെട്ടു എന്നാണു മന്ത്രിയുടെ വിശദീകരണം.

ബന്ധുവിനെ നിയമിക്കാന്‍ കോര്‍പറേഷനില്‍ മനഃപൂര്‍വം ഒഴിവുണ്ടാക്കുകയായിരുന്നു എന്ന വിവരവും പുറത്തുവന്നു. നേരത്തേ ഈ തസ്തികയിലുണ്ടായിരുന്ന വനിതാ വികസന കോര്‍പറേഷനിലെ റീജനല്‍ മാനേജരെ മാതൃസ്ഥാപനത്തിലേക്കു തിരിച്ചയച്ചാണ് ഒഴിവുണ്ടാക്കിയെടുത്തത്. അദ്ദേഹത്തിന്റെ സേവനം ആവശ്യമാണെന്ന ഡയറക്ടര്‍ ബോര്‍ഡിന്റെ ശുപാര്‍ശ തള്ളുകയായിരുന്നു. ഡപ്യൂട്ടേഷന്‍ കാലാവധി 5 വര്‍ഷം വരെ നീട്ടാമെന്നിരിക്കെയാണു പ്രവര്‍ത്തന പരിചയമുള്ള ആളെ ഒരു വര്‍ഷം കഴിഞ്ഞയുടനെ പറഞ്ഞുവിട്ടത്.

അതേസമയം, മന്ത്രി കെ.ടി.ജലീലിനെ മുഖ്യമന്ത്രി പുറത്താക്കിയില്ലെങ്കില്‍ നിയമനടപടികളിലേക്കു കടക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ് പറഞ്ഞു. ആവശ്യമെങ്കില്‍ ഗവര്‍ണറെ കാണും. സത്യപ്രതിജ്ഞാലംഘനവും സ്വജനപക്ഷപാതവും ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിക്കുമെന്നും മജീദ് പറഞ്ഞു

pathram:
Related Post
Leave a Comment