കൊച്ചി: ഐഎസ്എല്‍ മത്സരത്തില്‍ സെല്‍ഫ് ഗോളിലൂടെ കേരള ബ്ലാസ്‌റ്റേഴ്‌സിന് ദയനീയ തോല്‍വി. സുനില്‍ ഛേത്രിയുടെ ബെംഗളൂരു എഫ്.സിയോട് ഒന്നിനെതിരേ രണ്ട് ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ തോല്‍വി. ആദ്യം ഛേത്രിയുടെ ഗോളില്‍ ലീഡ് വഴങ്ങി. പിന്നീട് പെനാല്‍റ്റി ഗോളില്‍ ഒപ്പം പിടിച്ചു. കളി തീരാന്‍ പത്ത് മിനിറ്റുള്ളപ്പോള്‍ സെല്‍ഫ് ഗോളില്‍ വീണ്ടും ലീഡ് വഴങ്ങുകയായിരുന്നു ബ്ലാസ്‌റ്റേഴ്‌സ്.
പകുതി സമയത്ത് പിരിയുമ്പോള്‍ 11 എന്ന സ്‌കോറിലായിരുന്നു ടീമുകള്‍. പതിനേഴാം മിനിറ്റില്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രിയുടെ ഗോളിലാണ് ബെംഗളൂരു ലീഡ് നേടിയത്. മിക്കുവില്‍ നിന്ന് ലഭിച്ച പന്ത് നിറഞ്ഞ ബോക്‌സിന്റെ ഇടതുഭാഗത്ത് നിന്ന് ഡിഫന്‍ഡര്‍മാരോട് മത്സരിച്ചാണ് ഛേത്രി ബുള്ളറ്റിലൂടെ വലയിലേയ്ക്ക് വഴിതിരിച്ചുവിട്ടത്. ഗോള്‍ നേടിയശേഷം മുടന്തിയാണ് ഛേത്രി നീങ്ങിയത്.
ഒന്നു രണ്ട് സുവര്‍ണാവസരങ്ങള്‍ പാഴാക്കിയശേഷമാണ് ബ്ലാസ്‌റ്റേഴ്‌സിന് ഒരു പെനാല്‍റ്റി വീണു കിട്ടിയത്. ബോക്‌സിലേയ്ക്ക് പന്തുമായി കുതിക്കുകയായിരുന്ന സഹല്‍ അബ്ദു സമദിനെ നിഷു കുമാര്‍ പിറകില്‍ നിന്ന് വീഴ്ത്തിയതിനെ തുടര്‍ന്നാണ് ബ്ലാസ്‌റ്റേഴ്‌സിന് പെനാല്‍റ്റി ലഭിച്ചത്. കിക്കെടുത്ത സ്ലാവിസ്ല സ്‌റ്റോയനോവിച്ചിന്റെ ഷോട്ട് ബാറിലിടിച്ചാണ് വലയില്‍ പതിച്ചത്. (11).
മത്സരം ഒപ്പത്തിനൊപ്പം നീങ്ങുമ്പോഴായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടി നല്‍കിക്കൊണ്ട് സെല്‍ഫ് ഗോള്‍ വീണത്. നിക്കോള ക്രാമരവിച്ചിന്റെ കാലില്‍ നിന്ന് സെല്‍ഫ് ഗോള്‍ വീണത്. ഹെര്‍ണാണ്ടസിന്റെ ഷോട്ട് ഗോളിയുടെ കാലില്‍ തട്ടി നേരെയെത്തിയത് ക്രാമരവിച്ചിന്റെ കാലില്‍. പന്ത് വഴിതിരിഞ്ഞ് നേരെ വലയിലും.
ഈ ജയത്തോടെ അഞ്ചു കളികളില്‍ നിന്ന് പതിമൂന്ന് പോയിന്റായ ബെംഗളൂരു പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനക്കാരായി. ആറു കളികളില്‍ നിന്ന് ഏഴു പോയിന്റുള്ള ബ്ലാസ്‌റ്റേഴ്‌സ് ആറാം സ്ഥാനത്ത് തുടരുകയാണ്. ഒരു ജയത്തിനും പിന്നീട് തുടര്‍ച്ചയായ നാല് സമനിലകള്‍ക്കും ശേഷമാണ് ബ്ലാസ്‌റ്റേഴ്‌സ് ഈ തോല്‍വി ഏറ്റുവാങ്ങുന്നത്. ബെംഗളൂരുവിന്റെ തുടര്‍ച്ചയായ മൂന്നാം ജയമാണിത്. അവരും ഇതുവരെ തോറ്റിട്ടില്ല.
Leave a Comment