ഏകദിന പരമ്പര സ്വന്തമാക്കിയതിനു പിന്നാലെ ഇന്ത്യന്‍ താരങ്ങളെ തേടിയെത്തിയത് വമ്പന്‍ നേട്ടങ്ങള്‍

ഡല്‍ഹി: വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കിയതിനു പിന്നാലെ ഇന്ത്യന്‍ താരങ്ങളെ തേടിയെത്തിയത് വമ്പന്‍ നേട്ടങ്ങള്‍. പരമ്പരയില്‍ തകര്‍പ്പന്‍ ബോളിംഗ് പ്രകടനം കാഴ്ച വെച്ച രവീന്ദ്ര ജഡേജയ്ക്കും, യുസ്വേന്ദ്ര ചഹലിനും ഐസിസി റാങ്കിംഗിലും നേട്ടം. പരമ്പരയിലെ നാല് മത്സരങ്ങളില്‍ 7 വിക്കറ്റുകള്‍ വീഴ്ത്തിയ രവീന്ദ്ര ജഡേജ, ഐസിസി ബോളര്‍മാരുടെ റാങ്കിംഗില്‍ പതിനാറാം സ്ഥാനം മെച്ചപ്പെടുത്തി ഇരുപത്തിയഞ്ചാം റാങ്കിലെത്തിയപ്പോള്‍, മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍ ബോളര്‍മാരില്‍ എട്ടാമതെത്തി. വിന്‍ഡീസിനെതിരായ അവസാന മൂന്ന്ഏകദിന മത്സരങ്ങളില്‍ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയ ജസ്പ്രീത് ബുംറയാണ് ബോളിംഗില്‍ ഒന്നാം റാങ്കിലുള്ളത്.
അഞ്ച് മത്സര ഏകദിന പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിലും സെഞ്ചുറി നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി ബാറ്റ്സ്മാന്മാരില്‍ തന്റെ ഒന്നാം റാങ്ക് നിലനിര്‍ത്തി. ഉപനായകന്‍ രോഹിത് ശര്‍മ്മയാണ് രണ്ടാം സ്ഥാനത്ത്. അതേസമയം പരമ്പരയില്‍ നിരാശപ്പെടുത്തിയ ഇന്ത്യന്‍ ഓപ്പണര്‍ ശിഖാര്‍ ധവാന്‍ നാല് സ്ഥാനങ്ങള്‍ പിന്നിലേക്കിറങ്ങി ഒന്‍പതാമതായി.
വെസ്റ്റിന്‍ഡീസ് താരങ്ങള്‍ക്കും പുതിയ റാങ്കിംഗ് നേട്ടം സമ്മാനിച്ചിട്ടുണ്ട്. ഇന്ത്യയ്ക്കെതിരായ പരമ്പരയില്‍ മികച്ച ബാറ്റിംഗ് പ്രകടനം നടത്തിയ ഷിം റോണ്‍ ഹിറ്റ്മേയര്‍ 22 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഇരുപത്തിയഞ്ചാം റാങ്കില്‍ എത്തിയപ്പോള്‍, 31 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ഷായ് ഹോപ് ഇരുപത്തിയറാം റാങ്കിലായി.

pathram:
Related Post
Leave a Comment