കൊച്ചി: വാക്കുമാറാന്‍ സര്‍ക്കാരിനാവില്ല. ദിവസേന വാക്കുമാറുന്നവരായി മാറാന്‍ ഞങ്ങള്‍ക്കാവില്ല… വാക്കിനു സ്ഥിരതയില്ലാത്തവരല്ല ഞങ്ങളെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല യുവതീപ്രവേശ വിഷയത്തില്‍ സുപ്രീംകോടതി മറിച്ചൊരു നിലപാടെടുത്താലും സ്ത്രീക്കും പുരുഷനും തുല്യ ആരാധനാ സ്വാതന്ത്ര്യം ഉണ്ടെന്നായിരിക്കും സര്‍ക്കാരിന്റെയും ഇടതുമുന്നണിയുടെയും നിലപാടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിരവധിപ്പേര്‍ റിവ്യൂ ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. കോടതി വിധി എന്തായാലും അതു നടപ്പാക്കും. ജനാധിപത്യ വ്യവസ്ഥിതിയില്‍ അതു മാത്രമേ നടക്കൂ. സുപ്രീം കോടതി വിധി വരുന്നതു വരെ ഹൈക്കോടതി പറഞ്ഞ വിധിയാണ് ഈ സര്‍ക്കാരും മുമ്പുള്ള സര്‍ക്കാരും നടപ്പാക്കിയിരുന്നത്. എല്‍ഡിഎഫ് ജനകീയ റാലി കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
സുപ്രീംകോടതി വിധിക്കെതിരെ സര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കാത്തതെന്താണെന്നാണ് ചിലര്‍ ചോദിക്കുന്നത്. സ്ത്രീ അവകാശപ്രശ്‌നത്തില്‍ പ്രത്യേകിച്ച് ആരാധനാക്കാര്യത്തില്‍ സ്ത്രീക്കും പുരുഷനും തുല്യ അവകാശം വേണം എന്നാണ് സര്‍ക്കാരിന്റെ അഭിപ്രായം. ഇതു സംബന്ധിച്ച് സുപ്രീംകോടതി നിലപാട് ആരാഞ്ഞപ്പോള്‍ ഇതാണ് 2007ലെ ഇടതുസര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്. ഇതുപഠിച്ച് തീരുമാനം എടുക്കുന്നതിന് ഹിന്ദുമത ധര്‍മശാസ്ത്രത്തില്‍ പാണ്ഡിത്യമുള്ളവരുടെ സമിതി ഉണ്ടാക്കണമെന്നും നിര്‍ദേശം വച്ചിരുന്നു. ഇക്കാര്യത്തില്‍ നിയമനിര്‍മാണം നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും പറഞ്ഞിരുന്നു. ഇപ്പോള്‍ സുപ്രീംകോടതി വിധി യുവതീപ്രവേശത്തിന് അനുകൂലമായപ്പോള്‍ വാക്കുമാറാന്‍ സര്‍ക്കാരിനാവില്ല. ദിവസേന വാക്കുമാറുന്നവരായി മാറാന്‍ ഞങ്ങള്‍ക്കാവില്ല. വാക്കിനു സ്ഥിരതയില്ലാത്തവരല്ല ഞങ്ങള്‍.
നാടിന്റെ സ്വസ്ഥതയും സൈ്വര്യവും നിലനിര്‍ത്തുക സര്‍ക്കാരിന്റെ ഉത്തവാദിത്തമാണ്. ചിലര്‍ പറയുന്നതു പോലെ വിശ്വാസികളെ അല്ല അറസ്റ്റ് ചെയ്യുന്നത്. ആരും ഹിന്ദുക്കള്‍ക്കെതിരെ തിരിഞ്ഞിട്ടില്ല. ചിലര്‍ പൊലീസിനെ ആക്രമിച്ചു. ഭക്തരെ തടഞ്ഞു. അക്രമം നടത്തിക്കോളൂ എന്നൊരു സര്‍ക്കാരിനു പറയാനാവില്ല. നിയമവാഴ്ച നടപ്പാക്കാന്‍ സര്‍ക്കാരില്‍നിന്നു നടപടിയുണ്ടാകും. പൊലീസ് കേസെടുക്കുന്നത് അക്രമികള്‍ക്കെതിരെയാണ്. ക്രിമിനലുകള്‍ ആരായിരുന്നാലും ഏതു മതവിഭാഗത്തില്‍ പെട്ടവരായാലും കേസുവരും. നിയമപ്രകാരമുള്ള നടപടിമാത്രമേ ഉണ്ടാകൂ.
മാധ്യമപ്രവര്‍ത്തകരുടെ പുറകില്‍ മൂര്‍ച്ചയുള്ള ആയുധങ്ങള്‍പിടിച്ചു ലൈവ് അവര്‍ പറയുന്നതുപോലെ കൊടുക്കാന്‍ പറഞ്ഞു ചെയ്യിച്ചു. റിപ്പോര്‍ട്ടര്‍മാര്‍ക്ക് അടിയും ഇടിയും ചവിട്ടും ഏറ്റു. ഇതെല്ലാം ചെയ്തവര്‍ അക്രമികളല്ലേ? അവര്‍ക്കെതിരെ നടപടി വേണ്ടേ? ഇന്ന് എല്ലാത്തിനും തെളിവുണ്ട്. കൃത്യമായ ചിത്രങ്ങള്‍ സഹിതമാണ് അവര്‍ കേസില്‍ പെട്ടത്. ഏതെങ്കിലും മതത്തില്‍ പെട്ടതിനല്ല കേസ്. വിശ്വാസ സ്വാതന്ത്ര്യത്തിന് ഇടതുമുന്നണി എപ്പോഴും മുന്നിലുണ്ടാകും. ശബരിമലയെ കലാപഭൂമിയാക്കാന്‍ ആരേയും അനുവദിക്കില്ല. അതു മനസ്സിലാക്കിയാല്‍ നന്ന്.
Leave a Comment