കൊച്ചി: ശബരിമല വിഷയത്തിലെ വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് അറസ്റ്റിലായ രാഹുല്‍ ഈശ്വറിന് കോടതി ജാമ്യം അനുവദിച്ചു. ആഴ്ചയില്‍ ഒരിക്കല്‍ സ്റ്റേഷനില്‍ ഹാജരാകണം, അന്വേഷണവുമായി സഹകരിക്കണം തുടങ്ങിയ ഉപാധികളോടെയാണ് കോടതി ജാമ്യം നല്‍കിയത്.
ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചാല്‍ രക്തം വീഴ്ത്തി സന്നിധാനം അശുദ്ധമാക്കാന്‍ തയ്യാറായിരുന്നു എന്ന വിവാദപരാമര്‍ശമാണ് രാഹുല്‍ ഈശ്വറിനെ കുരുക്കിലായത്. ഈ പരാമര്‍ശം സംബന്ധിച്ച് കൊച്ചി സിറ്റി പോലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് ഞായറാഴ്ച രാവിലെ തിരുവനന്തപുരം നന്തന്‍കോട്ടെ ഫ്ളാറ്റിലെത്തി കൊച്ചി പോലീസ് രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കലാപാഹ്വാനം നടത്തി, മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങളാണ് രാഹുല്‍ ഈശ്വറിനെതിരായ പരാതിലുണ്ടായിരുന്നത്. തുടര്‍ന്ന് എറണാകുളം പ്രസ്‌ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തത്.
അതേസമയം രാഹുല്‍ ഈശ്വറിനെ തള്ളിപ്പറഞ്ഞ് തന്ത്രി കുടുംബം രംഗത്ത് എത്തി. രാഹുലിന്റെ പ്രസ്താവനകള്‍ തന്ത്രി കുടുംബത്തിന്റേതല്ലെന്ന് കണ്ഠര് മോഹനര് വ്യക്തമാക്കി. തന്ത്രി സമൂഹം വിശ്വാസത്തിലും അനുഷ്ഠാനത്തിലും ഉറച്ച് നില്‍ക്കും. വിശ്വാസത്തിന്റെ പേരില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുകയല്ല വേണ്ടത്. വിധി പ്രകാരം രാഹുല്‍ ഈശ്വറിന് തന്ത്രി കുടുംബമായോ ശബരിമലയുമായോ യാതൊരു ബന്ധവും ഇല്ലെന്നും കണ്ഠര് മോഹനര് കൂട്ടിച്ചേര്‍ത്തു. ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട സമരങ്ങളില്‍ മുന്‍നിരയിലുള്ള രാഹുല്‍ ഈശ്വര്‍ തന്ത്രി കുടുംബാംഗമായാണ് അറിയപ്പെട്ടിരുന്നത്.
Leave a Comment