രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകില്ല…? ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്…

ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി രാഹുല്‍ ഗാന്ധിയെ ഉയര്‍ത്തിക്കാട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ പി. ചിദംബരം. കോണ്‍ഗ്രസുമായി പ്രാദേശിക പാര്‍ട്ടികള്‍ സഖ്യമുണ്ടാക്കുന്നത് തടയുന്നതിന് അപകടകരമായ തന്ത്രങ്ങളാണ് ബിജെപി പയറ്റുന്നതെന്നും അദ്ദേഹം ആരോപിച്ചു. രാഹുല്‍ ഗാന്ധിയെയോ മറ്റേതെങ്കിലും നേതാവിനെയോ ഉയര്‍ത്തിക്കാട്ടില്ല. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് ഞങ്ങള്‍ ഒരിക്കലും പറഞ്ഞിട്ടില്ല. ചില കോണ്‍ഗ്രസ് നേതാക്കള്‍ ഇത്തരത്തില്‍ പ്രസ്താവനകള്‍ നടത്തിയപ്പോള്‍ എഐസിസി ഇടപെടുകയും അത് തടയുകയും ചെയ്തിട്ടുണ്ട്. ബിജെപിയെ അധികാരത്തില്‍നിന്ന് പുറത്താക്കുക എന്നതാണ് പ്രധാനം. തല്‍സ്ഥാനത്ത് പുരോഗമനപരവും വ്യക്തിസ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്നതും നികുതി ഭീകരവാദം ഇല്ലാത്തതും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സംരക്ഷണംകൊടുക്കുന്നതും കര്‍ഷക സൗഹാര്‍ദപരവുമായ ഒരു സര്‍ക്കാരാണ് വരേണ്ടതെന്നും ചിദംബരം പറഞ്ഞു.

സംസ്ഥാന തലങ്ങളില്‍ പ്രാദേശിക പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാനായാല്‍ രാഷ്ട്രീയ സാഹചര്യങ്ങള്‍ വലിയതോതില്‍ മാറും. തിരഞ്ഞെടുപ്പിന് ശേഷം സഖ്യകക്ഷികള്‍ ചേര്‍ന്ന് പ്രധാനമന്ത്രിയെ തീരുമാനിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതില്‍നിന്ന് പ്രാദേശിക പാര്‍ട്ടികളെ തടയുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഭീഷണിയുടെ തന്ത്രങ്ങള്‍ പ്രയോഗിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും വോട്ടുവിഹിതം ചേര്‍ത്തുവെച്ചാല്‍ മൊത്തം വോട്ടിന്റെ അമ്പതു ശതമാനത്തില്‍ താഴെ മാത്രമേ വരൂ. കഴിഞ്ഞ രണ്ടു പതിറ്റാണ്ടോളമായി ദേശീയ പാര്‍ട്ടികളുടെ വോട്ട് പിടിച്ചെടുത്ത് പ്രാദേശിക പാര്‍ട്ടികള്‍ വലിയ തോതില്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ചിദംബരം ചൂണ്ടിക്കാട്ടി.

അതേസമയം തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കി രാഹുല്‍ഗാന്ധി രംഗത്തുണ്ട്.
കോണ്‍ഗ്രസ് തെലങ്കാനയില്‍ അധികാരത്തില്‍വന്നാല്‍ രണ്ടുലക്ഷം വരെയുള്ള കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളുമെന്നും പ്രതിമാസം 3000 രൂപ തൊഴിലില്ലാവേതനമായി നല്‍കുമെന്നും എ.ഐ.സി.സി. അധ്യക്ഷന്‍ രാഹുല്‍ഗാന്ധി പറഞ്ഞു. തെലങ്കാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് നടന്ന യോഗങ്ങളില്‍ പ്രസംഗിക്കുകയായിരുന്നു രാഹുല്‍. കെ. ചന്ദ്രശേഖരറാവുവിന്റെ കുടുംബവാഴ്ചയാണ് തെലങ്കാനയില്‍ നടക്കുന്നതെന്നും ഇവര്‍ക്കെതിരേ സംസാരിക്കുന്നവരെ അടിച്ചമര്‍ത്തുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

റഫാല്‍ ഇടപാടില്‍ വന്‍ അഴിമതിയാണ് നരേന്ദ്രമോദി നടത്തിയത്. രാജ്യത്തിന്റെ ചൗക്കിദാര്‍ ആണ് താനെന്നു പറഞ്ഞ മോദി ഇടപാടിലൂടെ പതിനായിരക്കണക്കിനു കോടി രൂപയാണ് അനില്‍ അംബാനിക്ക് നേടിക്കൊടുത്തതെന്നും രാഹുല്‍ പറഞ്ഞു. തെലങ്കാനയില്‍ കോണ്‍ഗ്രസ് തീര്‍ച്ചയായും അധികാരത്തില്‍ വരുമെന്നും രാഹുല്‍ പറഞ്ഞു.

pathram:
Leave a Comment