രാജ്യത്ത് ആദ്യമായി പെട്രോള്‍ വിലയെ മറികടന്ന് ഡിസല്‍ വില

ഒടുവില്‍ അത് സംഭവിച്ചു. രാജ്യത്ത് ആദ്യമായി പെട്രോള്‍ വിലയെ കടത്തിവെട്ടി ഡീസല്‍ വില. ഒഡീഷയിലാണ് എണ്ണവിലയിലെ ഈ സംഭവം. ഒരു ലിറ്റര്‍ ഡീസല്‍ പെട്രോളിനെക്കാള്‍ 12 പൈസ കൂടുതലായാണ് ഇന്നലെ ഭുവനേശ്വറില്‍ വിറ്റത്. പെട്രോളിന് ലിറ്ററിന് 80.65 പൈസയും ഡീസലിന് 80.78 പൈസയുമായിരുന്നു ഇന്നലത്തെ വില.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി പെട്രോളിനും ഡീസലനും തുല്യ നികുതിയാണ് ഒഡീഷ ഇടാക്കുന്നത്. 26 ശതമാനമാണ് ഒഡീഷ പെട്രോളിനും ഡീസലിനും ഈടാക്കുന്ന വാറ്റ്. വിലവര്‍ധനവ് കാരണം ഡീസല്‍ വില്‍പനയില്‍ കുറവ് വന്നിട്ടുള്ളതായി കച്ചവടക്കാര്‍ വ്യക്തമാക്കി.

കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാരിന്റ വികലമായ നയങ്ങളാണ് ഇത്തരം അസന്തുലിതാവസ്ഥയ്ക്ക് കാരണമെന്ന് ഒഡീഷ ധനമന്ത്രി എസ്.ബി ബെഹ്‌റ ആരോപിച്ചു. കേന്ദ്ര സര്‍ക്കാരും ഇന്ധന കമ്പനികളും തമ്മില്‍ ഇക്കാര്യത്തില്‍ തന്ത്രപരമായ ധാരണകളുണ്ടെന്നും ബെഹ്‌റ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ നികുതി കുറയ്ക്കാന്‍ തയ്യാറാകാത്തതാണ് ഇന്ധനവില വര്‍ധനവിന് കാരണമെന്നാണ് സംസ്ഥാന ബി.ജെ.പി ജനറല്‍ സെക്രട്ടറി പൃഥ്വിരാജ് ഹരിചന്ദിന്റെ വിശദീകരണം.

pathram:
Leave a Comment