കൊച്ചി: താരസംഘടനയായ അമ്മ രൂപീകരിച്ച വനിതാ സെല്ലിന്റെ ആദ്യ യോഗത്തില്‍ മീടൂ വെളിപ്പെടുത്തലുകള്‍ ഉണ്ടായിട്ടില്ലെന്ന് അംഗങ്ങള്‍. പന്ത്രണ്ട് നടിമാര്‍ പങ്കെടുത്ത യോഗത്തില്‍ ചില നടന്മാര്‍ക്കെതിരെ ആരോപണമുന്നയിച്ചെന്ന വാര്‍ത്തകളാണ് അംഗങ്ങള്‍ നിഷേധിച്ചത്. യോഗത്തിലെ ചര്‍ച്ചകളെല്ലാം റെക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്നും അത് പരിശോധിച്ചാല്‍ കാര്യങ്ങളെല്ലാം വ്യക്തമാകുമെന്നും അവര്‍ പറഞ്ഞു.
അമ്മ നിര്‍വാഹക സമിതിയുടെ തീരുമാന പ്രകാരമാണ് മൂന്ന് അംഗങ്ങളെ ഉള്‍പ്പെടുത്തി വനിതാ സെല്‍ രൂപീകരിക്കാന്‍ തീരുമാനമെടുത്തത്. കെപിഎസി ലളിത, പൊന്നമ്മ ബാബു, കുക്കു പരമേശ്വരന്‍ എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍. ഈ സമിതിയുടെ യോഗമാണ് കഴിഞ്ഞ ദിവസം നടന്നത്.
എന്നാല്‍ ഈ യോഗത്തില്‍ മൂന്ന് അംഗങ്ങളെ കൂടാതെ ക്ഷണിക്കപ്പെട്ട ഒമ്പത് നടിമാര്‍ കൂടി പങ്കെടുത്തിരുന്നു. മഞ്ജു പിള്ള, ഷംന കാസിം, സീനത്ത്, തെസ്നി ഖാന്‍, ലക്ഷ്മി പ്രിയ, ബീന ആന്റണി, ഉഷ, ലിസി ജോസ്, പ്രിയങ്ക എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. അനൗപചാരിക യോഗമാണെന്ന് പറഞ്ഞാണ് ഇവരെ വിളിച്ചതെന്നറിയുന്നു. പിന്നീട് യോഗം കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് പലരും അമ്മയുടെ വനിതാ സെല്‍ യോഗമാണെന്ന് അറിഞ്ഞത്.
ദിലീപ് വിഷയം യോഗത്തില്‍ ആദ്യമേ ഉയര്‍ന്നു. എന്നാല്‍ അതിന്റെ ആവശ്യമില്ലെന്നും ആരുടേയും പക്ഷം പിടിക്കാതെ സ്വന്തം പ്രശ്നങ്ങളും വിഷയങ്ങളും മാത്രം ചര്‍ച്ച ചെയ്താല്‍ മതിയെന്നും മറ്റൊരംഗം പറഞ്ഞതോടെ ദിലീപ് വിഷയത്തിലേക്ക് ചര്‍ച്ച പോയില്ല. ഡബ്ല്യുസിസിയെ എതിര്‍ക്കേണ്ട കാര്യമില്ലെന്നും അവരുടെ വഴിക്ക് അവരെ വിടാമെന്നും അഭിപ്രായം ഉയര്‍ന്നു.
പിന്നീട് നടന്ന ചര്‍ച്ചയിലാണ് അംഗങ്ങള്‍ തങ്ങള്‍ക്ക് നേരിട്ട ദുരനുഭവങ്ങളെ കുറിച്ച് പറഞ്ഞത്. വിശദമായ ചര്‍ച്ചയാണ് ഇക്കാര്യത്തില്‍ ഉണ്ടായത്. ഇത്തരം സംഭവങ്ങളില്‍ ജാഗ്രത കാണിക്കണമെന്നും പ്രതികരണം ഉടനെ തന്നെ ഉണ്ടാവണമെന്നും യോഗത്തില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടു. അംഗങ്ങള്‍ ഉന്നയിച്ച പ്രശ്നങ്ങളും ആരോപണങ്ങളോടും പ്രതികരിക്കാതെ അമ്മക്ക് മുന്നോട്ട് പോവാനാവില്ല. ഈ ആരോപണങ്ങളോട് എന്ത് നടപടിയാണ് അമ്മ എടുക്കുന്നതെന്ന് നോക്കുകയാണ് സിനിമാ ലോകവും പൊതു സമൂഹവും. എന്നാല്‍ അതിനിടെയാണ് യോഗത്തില്‍ മീ ടു വെളിപ്പെടുത്തലുകള്‍ നടന്നിട്ടില്ലെന്ന് വ്യക്തമാക്കി നടിമാര്‍ രംഗത്ത് എത്തിയിരിക്കുന്നത്.
അതേസമയം താരസംഘടനയായ അമ്മയില്‍ നിന്നും രാജിവെച്ചവര്‍ അംഗത്വത്തിന് ആദ്യം മുതലെ അപേക്ഷ തരണമെന്ന് പ്രസിഡന്റ് മോഹന്‍ലാലിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ വിമണ്‍ ഇന്‍ കളക്റ്റീവ് അംഗമായ നടി പദ്മപ്രിയ. പ്രസിഡന്റ് എപ്പോഴും പറയുന്നത് താന്‍ ഇരയോടൊപ്പമാണെന്നാണ്. അങ്ങനെയുളള ഒരാള്‍ ഈ നിലപാട് എടുക്കുന്നത് ശരിയാണോ. ഞങ്ങള്‍ സംഘടനയില്‍ നിന്ന് വിട്ടുപോയത് അവര്‍ കാരണമാണ്.
എന്നിട്ടും ഇനിയും ഞങ്ങള്‍ അപേക്ഷ തരട്ടെ, അപ്പോള്‍ ഇത് പരിഗണിക്കുമെന്നൊക്കെ പറയുന്നത് എന്തുകൊണ്ടാണെന്ന് എല്ലാവര്‍ക്കുമറിയാമെന്നും പദ്മപ്രിയ പറഞ്ഞു. മാതൃഭൂമി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് പദ്മപ്രിയ ഇക്കാര്യം വ്യക്തമാക്കുന്നത്. ജനറല്‍ ബോഡി ചര്‍ച്ച ചെയ്താണോ എല്ലാ അംഗത്വ അപേക്ഷകളും പരിഗണിക്കുന്നതെന്നും അവര്‍ ചോദിച്ചു.
തങ്ങള്‍ നിലപാടുകള്‍ പറഞ്ഞത് മോഹന്‍ലാല്‍ എന്ന വ്യക്തിക്കെതിരെ ആയിരുന്നില്ല. സംഘടനയുടെ പ്രസിഡന്റ് എന്ന നിലയിലാണ് അദ്ദേഹത്തിന് മുന്നില്‍ കാര്യങ്ങള്‍ അവതരിപ്പിച്ചത്. അത് മനസിലാക്കാതെ മോഹന്‍ലാലിനെതിരെയുളള ആക്രമണമെന്നൊക്കെ ചിലര്‍ വെറുതെ പ്രചരിപ്പിക്കുന്നതാണ്.
അമ്മയില്‍ വനിതാ സമിതി രൂപവത്കരിക്കുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും എന്നാല്‍ അങ്ങനെയൊന്ന് രൂപവത്കരിച്ചിട്ടുണ്ടോ എന്ന് തങ്ങള്‍ക്ക് അറിയില്ലെന്നും പദ്മപ്രിയ പറഞ്ഞു. സംഘടനയ്ക്കുളളില്‍ തന്നെയുളള ചിലരെ ഉള്‍പ്പെടുത്തി രൂപവത്കരിക്കുന്ന സമിതിക്ക് തീര്‍ത്തും നിഷ്പക്ഷമായി പ്രവര്‍ത്തിച്ച് പ്രശ്നപരിഹാരത്തിന് സാധിക്കുമോ എന്നതില്‍ സംശയമുണ്ട്. പ്രശ്നപരിഹാരമുണ്ടായാല്‍ ഏറെ സന്തോഷമെന്നും പദ്മപ്രിയ പറഞ്ഞു.
താരസംഘടന അമ്മയ്‌ക്കെതിരെ മറ്റൊരു നടികൂടി രംഗത്ത്
Leave a Comment