പൊലീസ് ഒപ്പമില്ലാതെ സന്നിധാനത്തിന് അടുത്തുവരെ യുവതി എത്തി; പക്ഷേ ദര്‍ശനം നടത്താനായില്ല

സന്നിധാനം: പ്രതിഷേധക്കാരുടെ കണ്ണുവെട്ടിച്ച് സന്നിധാനത്തിനടുത്തുവരെ എത്തിയെങ്കിലും യുവതിക്ക് ദര്‍ശനം നടത്താനായില്ല. ആന്ധ്ര സ്വദേശിനി ആര്‍. ബാലമ്മ (48)യ്ക്കാണ് പടികയറി ദര്‍ശനം നടത്താനാവാഞ്ഞത്. ആന്ധ്രയിലെ ഗുണ്ടൂരില്‍നിന്നാണ് ബാലമ്മ എത്തിയത്. കണ്ടാല്‍ പ്രായം തോന്നിക്കുന്നതിനാല്‍ അവര്‍ മല ചവിട്ടാന്‍ പൊലീസ് സഹായം തേടിയില്ല. തലയില്‍ തുണിയിട്ട് നേരെ മലചവിട്ടി. മഞ്ഞയും ചവപ്പും കലര്‍ന്ന പട്ടുസാരിയായിരുന്നു വേഷം.

സന്നിധാനം ഗവ.ആശുപത്രിക്കു മുന്‍പില്‍ എത്തിയപ്പോള്‍ ഭക്തര്‍ക്കു സംശയം. അവര്‍ വയസ് ചോദിച്ചു. ഒന്നും പറയാതെ നടക്കാന്‍ തുടങ്ങിയപ്പോള്‍ ശരണം വിളിച്ചു. ഇതു കേട്ടു നിമിഷങ്ങള്‍ക്കുള്ളില്‍ ആയിരത്തിലേറെ അയ്യപ്പന്മാര്‍ ഓടി എത്തി. എന്താണു സംഭവിച്ചതെന്നറിയാതെ ശരണം വിളിച്ചു.

പ്രതിരോധക്കാരുടെ ഇടയില്‍ അകപ്പെട്ടതോടെ അവര്‍ പെട്ടെന്ന് തളര്‍ന്നു. വീഴാന്‍ തുടങ്ങിയപ്പോള്‍ പ്രതിരോധത്തിനെത്തിയ മാളികപ്പുറങ്ങള്‍ അവരെ താങ്ങിപ്പിടിച്ചു. തൊട്ടടുത്ത ഗവ.ആശുപത്രിയില്‍ എത്തിച്ചു. അവരുടെ തിരിച്ചറിയല്‍ കാര്‍ഡ് നോക്കിയപ്പോള്‍ ജനന വര്‍ഷം 1971 എന്നു കണ്ടു. അപ്പോഴേക്കും എസ്പി വി.അജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തി. ദേവസ്വത്തിന്റെ ആംബുലന്‍സില്‍ കയറ്റി പമ്പയിലേക്കു കൊണ്ടുപോയി.

pathram:
Related Post
Leave a Comment