ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയും യു.പി, ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമായ എന്‍. ഡി തിവാരി (93) അന്തരിച്ചു. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച നാലുമണിയോടെയായിരുന്നു അന്ത്യം. വൃക്കകളിലെ അണുബാധയും രക്തസമ്മര്‍ദ്ദം കുറഞ്ഞതുമാണ് മരണത്തിനിടയാക്കിയത്. തിവാരിയുടെ ജന്മദിനമായിരുന്നു വ്യാഴാഴ്ച. രണ്ടു സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിയായ ഏക നേതാവാണ് അദ്ദേഹം. 1986-87 കാലത്ത് രാജീവ് ഗാന്ധി മന്ത്രിസഭയില്‍ വിദേശകാര്യ മന്ത്രിയും 1987-88 കാലത്ത് ധനകാര്യ മന്ത്രിയുമായിരുന്ന തിവാരി 2007-2009 കാലത്ത് ആന്ധ്രപ്രദേശ് ഗവര്‍ണറുമായിരുന്നു.
മൂന്ന് തവണ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന തിവാരി ഉത്തര്‍പ്രദേശ് വിഭജിച്ച് ഉത്തരാഖണ്ഡ് രൂപീകരിച്ചപ്പോള്‍ ഉത്തരാഖണ്ഡിലും മുഖ്യമന്ത്രിയായി. 1976-77, 1984-85, 1988-89 കാലത്താണ് അദ്ദേഹം ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി സ്ഥാനം വഹിച്ചത്. പിന്നീട് 2002 മുതല്‍ 2007 വരെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി.
2009 ല്‍ 86ാം വയസ്സില്‍ ആന്ധ്രാപ്രദേശ് ഗവര്‍ണറായിരിക്കെ ലൈംഗീകാപവാദത്തെത്തുടര്‍ന്ന് സ്ഥാനം രാജിവെച്ചു.
ഒരു കാലത്ത് കോണ്‍ഗ്രസിലെ ശക്തനായ നേതാവായിരുന്ന തിവാരിയെ 1990 കളില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. പാര്‍ട്ടിയിലെ പടലപിണക്കത്തെത്തുടര്‍ന്ന് അര്‍ജുന്‍ സിങിനൊപ്പം പാര്‍ട്ടി വിട്ട് കോണ്‍ഗ്രസ് (തിവാരി) പാര്‍ട്ടി രൂപവത്ക്കരിച്ചു. പിന്നീട് സോണിയാ ഗാന്ധി പാര്‍ട്ടി പ്രസിഡന്റായപ്പോളാണ് തിരിച്ചെത്തിയത്.
Leave a Comment