13 കെഎസ്ആര്‍ടിസി ബസുകള്‍ തകര്‍ത്തു; പമ്പ-നിലയ്ക്കല്‍ സര്‍വീസ് നിര്‍ത്തിവച്ചു; അക്രമം അടിച്ചമര്‍ത്തുമെന്ന് സര്‍ക്കാര്‍; മാധ്യമപ്രവര്‍ത്തകരെ അക്രമിച്ചവര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കും

പമ്പ: നിലയ്ക്കലില്‍ ബുധനാഴ്ചയുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ക്കുനേരെ വ്യാപക കല്ലേറ്. 13 കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ കല്ലേറില്‍ തകര്‍ന്നു.
പമ്പ – നിലയ്ക്കല്‍ ചെയിന്‍ സര്‍വീസ് നടത്തിവന്ന എട്ട് ബസ്സുകള്‍ അടക്കമുള്ളവയാണ് എറിഞ്ഞു തകര്‍ത്തത്. ഇതോടെ പമ്പ – നിലയ്ക്കല്‍ ചെയിന്‍ സര്‍വീസ് രാത്രിയോടെ നിലച്ചു. അതിനുശേഷം ദര്‍ശനം കഴിഞ്ഞു മടങ്ങുന്നവര്‍ക്ക് നിലയ്ക്കലിലേക്ക് നടന്നു പോകേണ്ടിവന്നു. രാത്രി വൈകിയാണ് ബസ് സര്‍വീസ് പുനരാരംഭിച്ചത്.

കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ക്ക് പുറമെ പോലീസ് ജീപ്പുകള്‍ക്കുനേരെയും വ്യാപക കല്ലേറുണ്ടായി. നിലയ്ക്കലില്‍ കല്ലേറിനെത്തുടര്‍ന്ന് പോലീസ് വാഹനം കൊക്കയിലേക്ക് മറിഞ്ഞു. മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിസാര പരിക്കേറ്റു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ശബരിമലയില്‍ നാലിടത്ത് ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. നിരോധനാജ്ഞ നിലവില്‍വന്നശേഷം യാതൊരുവിധ പ്രക്ഷോഭവും അനുവദിക്കില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്. ശബരിമലയിലേക്ക് വരുന്ന ഭക്തര്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

അതേസമയം നിലയ്ക്കലില്‍ അക്രമം നടത്തിയവര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഇ.പി ജയരാജന്‍. ഇത്തരത്തില്‍ അഴിഞ്ഞാടാന്‍ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

വിശ്വാസികളെ തടഞ്ഞുനിര്‍ത്തുകയും ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്യുന്ന നടപടികളെ വച്ചു പൊറുപ്പിക്കില്ല. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണം നടത്തിയവര്‍ക്കെതിരെ ജാമ്യം ലഭിക്കാത്ത വകുപ്പു പ്രകാരം കേസെടുക്കും. അക്രമത്തിന് നേതൃത്വം കൊടുത്ത ബി.ജെ.പി നേതാക്കള്‍ ഇപ്പോള്‍ മാലാഖ ചമയുകയാണ്.

അക്രമസജ്ജരായി വന്ന ആര്‍.എസ്.എസുകാരാണ് നിലയ്ക്കലിലെ അക്രമത്തിനു പിന്നിലെന്ന് മന്ത്രി ആരോപിച്ചു. വിശ്വാസികള്‍ക്ക് സുഖകരമായ പാത ഒരുക്കുന്നതിനു പകരം അവരെ ആക്രമിക്കുകയും ഭക്തരുടെ വിശ്വാസത്തെ അലങ്കോലപ്പെടുത്തുകയും ചെയ്യുന്ന രീതിയാണ് നിലയ്ക്കലില്‍ കാണാന്‍ സാധിച്ചത്. തങ്ങള്‍ പറയുന്നതു പോലെ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ദേശീയ മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരെ ആക്രമിച്ചത്. ഭക്തജനങ്ങള്‍ക്ക് ശബരിമലയിലേക്ക് പോകാനുള്ള എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുപ്രീം കോടതി വിധി നടപ്പാക്കുക എന്ന ഉത്തരവാദിത്തമാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നത്. സുപ്രീം കോടതിയുടെ വിധി എല്ലാവര്‍ക്കും ബാധകമാണ്. അതിന് അനുസരിച്ച് പ്രവര്‍ത്തിക്കുക മാത്രമേ സര്‍ക്കാര്‍ ചെയ്തിട്ടുള്ളു. വിശ്വാസിസമൂഹത്തെ തടങ്കലില്‍ വച്ചും തങ്ങളുടെ രാഷ്ട്രീയലക്ഷ്യം സാധിച്ചെടുക്കാനുള്ള ഹീനമായ അജണ്ടയാണ് ആര്‍.എസ്.എസ് നടപ്പാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

pathram:
Leave a Comment