ഡബ്ല്യുസിസിയുമായുള്ള പ്രശ്‌നത്തില്‍ പ്രത്യേക ജനറല്‍ബോഡി വിളിക്കുമെന്ന നിലപാടില്‍ ഉറച്ച് ജഗദീഷ്; മോഹന്‍ലാലുമായി ചര്‍ച്ച ചെയ്താണ് തീരുമാനം അറിയിച്ചത്, ആശയക്കുഴപ്പമുണ്ടെങ്കില്‍ പരിഹരിക്കേണ്ടത് സിദ്ദിഖ്

തിരുവനന്തപുരം: അമ്മയുടെ നിലപാടാണ് താന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞത് തന്നെയെന്ന് ജഗദീഷ്. ഡബ്ല്യുസിസിയുമായുള്ള പ്രശ്‌നത്തില്‍ പ്രത്യേക ജനറല്‍ബോഡി വിളിക്കുമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. മോഹന്‍ലാലുമായി ചര്‍ച്ച ചെയ്താണ് തീരുമാനം അറിയിച്ചത്. ആശയക്കുഴപ്പമുണ്ടെങ്കില്‍ പരിഹരിക്കേണ്ടത് സിദ്ദിഖാണെന്നും ജഗദീഷ് പറഞ്ഞു.
ജഗദീഷിന്റെ പ്രസ്താവന സിദ്ദിഖ് ഇന്നലെ പരസ്യമായി തള്ളിയിരുന്നു. അടിയന്തരമായി ജനറല്‍ ബോഡി കൂടേണ്ട ഒരു സാഹചര്യവും നിലവിലില്ലെന്നാണ് സിദ്ദിഖ് പറഞ്ഞത്. അടുത്ത ജനറല്‍ ബോഡി വരുന്ന ജൂണിലാണ്. ജഗദീഷ് അമ്മയുടെ ഖജാന്‍ജി മാത്രമാണ്. അദ്ദേഹം സംഘടനയുടെ വക്താവല്ല. അമ്മയുടെ നിലപാട് താന്‍ പറഞ്ഞതാണെന്നും മോഹന്‍ലാലിനോടും ഇടവേള ബാബുവിനോടുമെല്ലാം ആലോചിച്ചാണ് താനിത് പറയുന്നതെന്നും സിദ്ദിഖ് പറഞ്ഞു. ജഗദീഷിന്റെ വാര്‍ത്താ കുറിപ്പ് കണ്ടിട്ടില്ല. എന്താണ് അതില്‍ പറഞ്ഞതെന്ന് അറിയില്ല. താന്‍ നടത്തിയത് അമ്മയുടെ ഔദ്യോഗിക വാര്‍ത്താസമ്മേളനം ആണെന്നും സിദ്ദിഖ് കൊച്ചിയില്‍ പറഞ്ഞിരുന്നു.
ദിലീപ് നിരപരാധിയോ അപരാധിയോ എന്ന് കരുതുന്നില്ലെന്നും നടിക്ക് നീതി ലഭിക്കണമെന്നാണ് നിലപാടെന്നുമാണ് അമ്മ വക്താവ് ജഗദീഷ് പ്രസ്താവനയില്‍ പറഞ്ഞത്. കോടതിവിധിക്ക് മുന്‍പ് ദിലീപിനെ പുറത്താക്കരുതെന്നായിരുന്നു അഭിപ്രായം. ഈ അഭിപ്രായത്തിനായിരുന്നു എക്‌സിക്യൂട്ടീവില്‍ മുന്‍തൂക്കം. രാജിവെച്ച നടിമാരെ തിരിച്ചെടുക്കുന്നതില്‍ സന്തോഷമേയുള്ളൂ. ഇത് മോഹന്‍ലാല്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ജഗദീഷ് പറഞ്ഞിരുന്നു. ഡബ്ല്യുസിസി ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനിടെ പ്രളയമെത്തി. അമ്മയുടെ അംഗങ്ങളും പ്രളയക്കെടുതിയില്‍പ്പെട്ടു. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വൈകാതെ പ്രത്യേക ജനറല്‍ ബോഡി വിളിക്കുമെന്നും ജഗദീഷ് വ്യക്തമാക്കിയിരുന്നു.

മാതൃകാപരമായ തീരുമാനം ഉണ്ടാകുമെന്ന് കരുതിയാണ് ഓഗസ്റ്റ് 7ന് നടന്ന അമ്മ നിര്‍വാഹക സമിതിയില്‍ ചര്‍ച്ചയ്ക്കു പോയതെന്നു സിനിമയിലെ വനിത കൂട്ടായ്മയായ ഡബ്ല്യുസിസി (വിമന്‍ ഇന്‍ സിനിമ കലക്ടീവ്) കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ആദ്യത്തെ 40 മിനിട്ട് ഞങ്ങളെ കുറ്റപ്പെടുത്തല്‍ മാത്രമായിരുന്നു. ആക്രമിക്കപ്പെട്ട നടിയുടെ ശബ്ദസന്ദേശം കേള്‍പ്പിച്ചതോടെ അവര്‍ നിശബ്ദരായി. താന്‍ ആ നടിക്കൊപ്പമാണന്നും എന്നാല്‍ ദിലീപിന്റെ കാര്യത്തില്‍ ജനറല്‍ബോഡിക്കു മാത്രമേ തീരുമാനം എടക്കാനാവൂവെന്നുമായിരുന്നു പ്രസിഡന്റ് മോഹന്‍ലാല്‍ പറഞ്ഞത്.
പിന്നീടു മാത്രമാണ് ഞങ്ങള്‍ക്കു സംസാരിക്കാന്‍ അവസരം തന്നത്. ദിലീപ് വിഷയത്തില്‍ മാത്രമായിരുന്നു അവര്‍ക്ക് വിയോജിപ്പ്. നിയമോപദേശം വേണമെന്ന നിലപാടെടുത്തപ്പോള്‍ പത്മപ്രിയ സുപ്രീം കോടതി അഭിഭാഷകയെ ബന്ധപ്പെട്ട് ഉടന്‍ നിയമോപദേശം തേടിക്കൊടുത്തു.എന്നാല്‍ യോഗ വേദിയില്‍ നിന്നു മാധ്യമങ്ങള്‍ മടങ്ങിയതോടെ ഭാരവാഹികളുടെ ഭാവം മാറി. യോഗ തീരുമാനങ്ങളൊന്നും മാധ്യമങ്ങളെ അറിയിക്കരുതെന്നും 10 ദിവസത്തിനുള്ളില്‍ തീരുമാനമെടുത്ത് യോജിച്ച് പ്രഖ്യാപിക്കാം എന്നുമായിരുന്നു പറഞ്ഞത്.

പക്ഷേ, ആവശ്യങ്ങളില്‍ ഒന്നു പോലും അംഗീകരിക്കാതെയാണ് മറുപടി നല്‍കിയത്. ദിലീപിനെതിരായ നടപടി തീരുമാനിക്കാന്‍ തങ്ങള്‍ക്കു അധികാരമില്ലെന്ന നിര്‍വാഹക സമിതി നിലപാട് കുറ്റാരോപിതനെ സംരക്ഷിക്കുന്നതാണ്. വനിതാ കൂട്ടായ്മ സമര്‍പ്പിച്ച മൂന്ന് നിയമോപദേശവും തള്ളിയാണ് അവര്‍ക്കു ലഭിച്ചെന്നു പറയുന്ന നിയമോപദേശത്തിന്റെ പേരില്‍ ഈ തീരുമാനം എടുത്തത്. മുന്‍പ് തിലകനെതിരെ നടപടിയെടുത്തത് നിര്‍വാഹക സമിതിയാണ്.ആ അധികാരം ദിലീപിന്റെ കാര്യത്തില്‍ മാത്രം ഇല്ലാതാവുന്നതെങ്ങനെ? സംഘടനയുടെ നിയമാവലിയില്‍ തന്നെ നിര്‍വാഹക സമിതിയുടെ അധികാരം വ്യക്തമാക്കിയിട്ടുണ്ട്. ഡബ്ല്യുസിസി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment