ശബരിമല സ്ത്രീപ്രവേശനം; വിധി മറികടക്കാന്‍ നിയമ നിര്‍മാണമില്ല, വിശ്വാസികളെ ആരും തടയരുത്, ക്രമസമാധാന പ്രശ്‌നങ്ങള്‍ ശക്തമായി തന്നെ നേരിടുമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശത്തില്‍ സുപ്രീംകോടതി വിധി മറികടക്കാന്‍ നിയമ നിര്‍മാണമില്ല. വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വിധിക്കെതിരെ സര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കില്ലെന്നും മുഖ്യമന്ത്രി . വിശ്വാസികളെ ആരും തടയരുത്. ക്രമസമാധാന പ്രശ്‌നങ്ങള്‍ ശക്തമായി തന്നെ നേരിടും. സമരക്കാര്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയാല്‍ താന്‍ എങ്ങനെ ഉത്തരവാദിയാകുമെന്നും മുഖ്യമന്ത്രി ചോദിച്ചു. മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ നേരത്തെ നല്‍കിയ സത്യവാങ്മൂലത്തില്‍ ഹിന്ദു ധര്‍മശാസ്ത്ര പണ്ഡിതരുടെ കമ്മിഷന്‍ വച്ച് അഭിപ്രായം തേടണം എന്നു പറഞ്ഞിരുന്നു. സര്‍ക്കാരിന്റെ അഭിപ്രായം അതാണ്. സര്‍ക്കാരിനു പുരുഷനും സ്ത്രീയും തമ്മില്‍ വ്യത്യാസമില്ല. പുരുഷനുള്ള എല്ലാ അവകാശവും സ്ത്രീക്കും ഉണ്ട്. നിലയ്ക്കലില്‍ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ വാഹനം പരിശോധിച്ച് സ്ത്രീകളെ തിരിച്ചയയ്ക്കുന്നത് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍, അതിനുള്ള അവകാശം ആര്‍ക്കും ഇല്ലെന്നും നിയമ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിശ്വാസികള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കും. അതിന് എതിരു നില്‍ക്കുന്നവരെ ഒരുതരത്തിലും പ്രോത്സാഹിപ്പിക്കില്ല. ശബരിമലയില്‍ വിശ്വാസികള്‍ പോയി ശാന്തമായി തിരിച്ചു വരികയാണ് പതിവ്. അതിന് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിന് വിരുദ്ധമായി കാര്യങ്ങള്‍ ഉണ്ടായാല്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

pathram:
Related Post
Leave a Comment