ഡബ്ല്യുസിസിയുടെ വെളിപ്പെടുത്തലുകള്‍ മലയാള സിനിമയുടെ ആണാധികാരത്തിന്റെ മുഖത്തിട്ടു കൊടുത്ത പ്രഹരമെന്ന് ഡോ. ബിജു; അതും നമ്മുടെ അഴകൊഴമ്പന്‍ സിനിമാ നേതാക്കന്മാര്‍ക്ക് മനസ്സിലാക്കാന്‍ കാലങ്ങള്‍ പിടിക്കും

കൊച്ചി: ഡബ്ല്യുസിസിയുടെ പത്രസമ്മേളനത്തില്‍ അര്‍ച്ചന നടത്തിയ വെളിപ്പെടുത്തലുകള്‍ മലയാള സിനിമയുടെ ആണാധികാരത്തിന്റെ മുഖത്തിട്ടു കൊടുത്ത പ്രഹരമാണെന്ന് ഡോ. ബിജു. വാര്‍ത്തകളുടെ താഴെ അശ്ലീല കമന്റുകളുമായി എത്തിയ ആരാധകരെ കണ്ട് ഞെട്ടേണ്ടെന്നും ഇവരെ മാനസിക ആരോഗ്യ കേന്ദ്രങ്ങളിലേക്ക് അയക്കാനുള്ളവരാണെന്നും ബിജു പറയുന്നു.

ഡോ.ബിജുവിന്റെ കുറിപ്പ് ഇങ്ങനെ:

1. തന്റെ പുതിയ സിനിമ ആയ മുഗളിന്റെ സംവിധായകന്‍ സുഭാഷ് കപൂറിന് എതിരെ ലൈംഗിക അതിക്രമണ ആരോപണം ഉണ്ടായപ്പോള്‍ അമീര്‍ഖാന്‍ എന്ന നടന്‍ ആ പ്രോജക്ട് ഉപേക്ഷിച്ചു. താരം എന്നാല്‍ അല്‍പ്പം പോലും സാമൂഹിക ബോധമോ വിവരമോ വേണ്ട എന്ന് കരുതുന്ന മലയാളത്തിലെ നട്ടെല്ലില്ലാത്ത അഴകൊഴമ്പന്‍ അഭിനയ തൊഴിലാളികള്‍ക്കും സംവിധായക തൊഴിലാളികള്‍ക്കും ഈ നിലപാട് മനസ്സിലായിക്കൊള്ളണം എന്നില്ല. അതിന് അവരൊക്കെ കുറെ കൂടി വളരേണ്ടി വരും..അതീ ജന്മത്ത് ഉണ്ടാകുമെന്ന് യാതൊരു പ്രതീക്ഷയും ഇല്ല.

2. ഇന്നത്തെ WCC പത്ര സമ്മേളനത്തില്‍ അര്‍ച്ചന പദ്മിനി പറഞ്ഞതാണ് കാര്യം. ജീവിതത്തില്‍ ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാനുണ്ട്. ഈ ഊളകള്‍ക്ക് പിറകെ നടന്നു സമയം കളയാനില്ല. മലയാള സിനിമയുടെ ആണധികാരത്തിന്റെ മുഖത്തിട്ടു കൊടുത്ത ഒരു പ്രഹരം ആണത്. അതും പക്ഷെ നമ്മുടെ അഴകൊഴമ്പന്‍ സിനിമാ നേതാക്കന്മാര്‍ക്ക് മനസ്സിലാക്കാന്‍ കാലങ്ങള്‍ പിടിക്കും.

3. WCC യുടെ പ്രസ് മീറ്റ് വാര്‍ത്തകളുടെ ലിങ്കിന് താഴെ കമന്റ് വിസര്‍ജ്ജിക്കുവാന്‍ വന്ന ‘ഫാനരന്മാരുടെ’എണ്ണവും ഭാഷയും കണ്ട് ഞെട്ടേണ്ടതില്ല. കേരളത്തില്‍ എല്ലാ ജില്ലകളിലും ഒട്ടേറെ മാനസിക ആരോഗ്യ കേന്ദ്രങ്ങള്‍ വേണം എന്ന അടിയന്തിര ഘട്ടം സര്‍ക്കാര്‍ ശ്രദ്ധയില്‍ പെടുത്താന്‍ ഇത് സഹായിക്കും.

4. മീ റ്റൂ മൂവ്മെന്റിനെതിരെ 20 വര്‍ഷം മുമ്പ് കുഞ്ഞായിരുന്നപ്പോള്‍ ഓമനിച്ചിട്ടുണ്ട് ഇപ്പോള്‍ അത് ആരോപണം ആയി വരുമോ എന്നൊക്കെയുള്ള ചളി തമാശകളും കാര്‍ട്ടൂണും പോസ്റ്റിയും ഷെയര്‍ ചെയ്തും രസിക്കുന്ന ചില ആളുകള്‍ ഉണ്ട്. അവരെയൊക്കെ ഇപ്പോഴേ ഒന്നു സൂക്ഷിക്കുന്നത് നല്ലതാ. ജെണ്ടര്‍ ഇക്വാലിറ്റിയും ലൈംഗിക അതിക്രമണത്തിന്റെ സാമൂഹിക രാഷ്ട്രീയ മാനങ്ങളും ഒക്കെ അറിയാത്തത് കൊണ്ട് മാത്രമല്ല. മറിച്ചു ഇവരുടെ മാനസിക നിലവാരം ആണ് ഇവര്‍ പ്രകടിപ്പിക്കുന്നത്. ഒളിഞ്ഞിരിക്കുന്ന അപകടകാരികളായ സോഷ്യല്‍ ക്രിമിനലുകള്‍ ആണിവര്‍.

5. പത്രത്തില്‍ ജോലി ചെയ്യുന്നു എന്നത് കൊണ്ട് സാമാന്യ വിവരമോ പൊതു ബോധമോ ഉണ്ടായിക്കൊള്ളണം എന്നില്ല. കൃതമായി അറിയണമെങ്കില്‍. ണഇഇ യുടെ ഇന്നത്തെ പത്രസമ്മേളനത്തില്‍ ചില പത്ര പ്രവര്‍ത്തകരുടെ ചോദ്യങ്ങളും ഭാഷയും നോക്കിയാല്‍ മതി. ഇവരാണ് സിനിമ എന്നാല്‍ താര മാഹാത്മ്യം ആണ് എന്ന മട്ടില്‍ പൈങ്കിളി സിനിമാ സാഹിത്യം രചിച്ചു താരങ്ങളെ കാണുമ്പോള്‍ കുനിഞ്ഞു കുമ്പിട്ടു വണങ്ങുന്ന വയറ്റുപിഴപ്പു തൊഴിലാളികള്‍. അതല്ലാതെ വേറെ പണിയൊന്നും ഇവര്‍ക്ക് വശമില്ല.

pathram:
Leave a Comment