ഒപ്പം താമസിച്ച സ്ത്രീകളുടെ നഗ്നദൃശ്യങ്ങള്‍ ഒളിക്യാമറയിലൂടെ പ്രവാസി പകര്‍ത്തി; കണ്ടെത്തിയത് നൂറോളം ദൃശ്യങ്ങള്‍

സ്ത്രീകളുടെ നഗ്‌നദൃശ്യങ്ങള്‍ ഒളിക്യാമറയിലൂടെ പകര്‍ത്തിയ കേസില്‍ പ്രവാസിക്ക് ശിക്ഷ. ഒപ്പം താമസിച്ചിരുന്ന സ്ത്രീകളുടെ നഗ്നദൃശ്യങ്ങളാണ് 41 വയസ്സുള്ള ഏഷ്യന്‍ പൗരന്‍ പകര്‍ത്തിയത്. ഇയാള്‍ക്ക് ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി ആറു മാസം ജയില്‍ ശിക്ഷ വിധിച്ചു. യുവതിയുടെ സ്വകാര്യതയിലേക്കു കടന്നു കയറിയെന്നും സ്ത്രീകളോട് മോശമായി പെരുമാറിയെന്നുമാണു കേസ്. ശിക്ഷയ്ക്കു ശേഷം പ്രതിയെ നാടുകടത്താനും ഉത്തരവിട്ടു. പ്രതി കുറ്റം സമ്മതിച്ചുവെന്നു പൊലീസ് പറഞ്ഞു. ഉത്തരവിനെ ചോദ്യം ചെയ്ത് ഇയാള്‍ക്ക് അപ്പീല്‍ കോടതിയെ സമീപിക്കാം.

ഈ വര്‍ഷം ഓഗസ്റ്റില്‍ ഫിലിപ്പീന്‍ സ്വദേശിയായ യുവതി കുളിമുറിയില്‍ കയറിയപ്പോഴാണ് ഒളിക്യാമറ കണ്ടെത്തിയത്. തുടര്‍ന്ന് മെമ്മറി കാര്‍ഡ് പരിശോധിച്ചപ്പോള്‍ തന്റേത് ഉള്‍പ്പെടെയുള്ള നിരവധി നഗ്‌നദൃശ്യങ്ങള്‍ കണ്ടെത്തുകയായിരുന്നു. മറ്റൊരു യുവതി നടത്തിയ പരിശോധനയില്‍ നൂറോളം വിഡിയോകളും ചിത്രങ്ങളും ഇതിലുണ്ടെന്ന് വ്യക്തമായി, തുടര്‍ന്നു പൊലീസില്‍ പരാതി നല്‍കി. പോര്‍ട്ടബിള്‍ ചാര്‍ജറും മെമ്മറി കാര്‍ഡും അടക്കമുള്ള ഉപകരണങ്ങള്‍ കുളിമുറിയുടെ സീലിങില്‍ ഒളിപ്പിച്ച് വച്ചായിരുന്നു ദൃശ്യങ്ങള്‍ പകര്‍ത്തിയത്. രണ്ടു കിടപ്പുമുറികളുള്ള ഫ്‌ലാറ്റിലായിരുന്നു ഇവരുടെ താമസം.

യുവതി കുളിക്കാനായി കുളിമുറിയില്‍ കയറിയപ്പോഴാണു ക്യാമറയുടെ ലെന്‍സ് പോലെ എന്തോ ശ്രദ്ധയില്‍പ്പെടുന്നത്. ഇവര്‍ അത് പുറത്തെടുത്ത ശേഷം പരിശോധിക്കാനായി സുഹൃത്തിന് നല്‍കി. ഇവര്‍ മെമ്മറി കാര്‍ഡ് പരിശോധിച്ചപ്പോള്‍ നഗ്‌ന ദൃശ്യങ്ങള്‍ കണ്ടു. ഈ സമയം ഉറങ്ങുകയായിരുന്ന പ്രതി ഉറക്കമുണര്‍ന്ന് ക്യാമറ കണ്ടെത്തിയ വിവരം മനസിലാക്കി, അതു പിടിച്ചു വാങ്ങാന്‍ ശ്രമിച്ചു. എന്നാല്‍, അവര്‍ കൊടുക്കാതെ വന്നതോടെ മാപ്പ് അപേക്ഷിക്കുകയും ഇനി ഇത് ആവര്‍ത്തിക്കില്ലെന്ന് ഉറപ്പു നല്‍കുകയും ചെയ്തു. സ്ത്രീകള്‍ അപ്പോള്‍ അയാളെ വെറുതെ വിട്ടു. മറ്റാരുടെയും ദൃശ്യങ്ങള്‍ ഇല്ലെന്നും ഇയാള്‍ ഉറപ്പു നല്‍കിയിരുന്നു.

എന്നാല്‍, മറ്റൊരു സ്ത്രീ മെമ്മറി കാര്‍ഡ് ലാപ്‌ടോപ്പില്‍ ഇട്ടു പരിശോധിച്ചപ്പോള്‍ നൂറുകണക്കിന് വിഡിയോകളും ചിത്രങ്ങളും ഇതിലുണ്ടായിരുന്നെന്നു കണ്ടെത്തി. ഒപ്പം താമസിച്ചിരുന്ന എല്ലാവരുടെയും നഗ്‌ന ദൃശ്യങ്ങള്‍ ഇതിലുണ്ടായിരുന്നു. ഇതിന് പുറമേ മാസങ്ങള്‍ക്ക് മുന്‍പ് ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന മറ്റൊരു സ്ത്രീയുടെ ദൃശ്യങ്ങളും കാര്‍ഡില്‍ കണ്ടതോടെ ഇവര്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.
പൊലീസ് ചോദ്യം ചെയ്തപ്പോഴാണു കഴിഞ്ഞ ഡിസംബറില്‍ തന്നെ ക്യാമറ സ്ഥാപിച്ചിരുന്നെന്ന കാര്യം ഇയാള്‍ വെളിപ്പെടുത്തിയത്. വീട്ടിലുണ്ടായിരുന്ന എല്ലാവരുടെയും നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടെന്നും അതില്‍ തനിക്ക് ഇഷ്ടമുള്ളവ എഡിറ്റ് ചെയ്തു സൂക്ഷിച്ചിട്ടുണ്ടെന്നും പ്രതി പൊലീസിനോടു പറഞ്ഞിരുന്നു.

pathram:
Related Post
Leave a Comment