കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ‘അമ്മ’ സംഘടനയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വിമന്‍ ഇന്‍ സിനിമാ കലക്ടീവ് (ഡബ്ല്യുസിസി). സംഭവത്തിനുശേഷം നടന്ന ആദ്യ എക്‌സിക്യൂട്ടിവ് കമ്മിറ്റിക്കുശേഷം, ആരോപണ വിധേയനായ ദിലീപിനെ പുറത്താക്കും എന്ന് അറിയിച്ചിരുന്നു. പ്രതിയായ നടനെ സംരക്ഷിക്കുന്നതിനുള്ള ഉദ്ദേശ്യമെന്താണ്? ഇരയെ സംരക്ഷിക്കാന്‍ സംഘടന ശ്രമിച്ചിട്ടില്ല. പ്രതി രാജിവച്ചിട്ടില്ല, പുറത്താക്കിയിട്ടില്ല, സസ്‌പെന്‍ഡ് ചെയ്തിട്ടില്ല. അമ്മ നേതൃത്വം ഞങ്ങളോടു കള്ളം പറഞ്ഞു. എന്താണ് അമ്മയുടെ ഉദ്ദേശ്യം?– പത്മപ്രിയ ചോദിച്ചു. കറുത്ത വസ്ത്രങ്ങള്‍ ധരിച്ചാണ് നടിമാര്‍ വാര്‍ത്താസമ്മേളനത്തിന് എത്തിയത്.
‘അമ്മ’ പ്രസിഡന്റ് മോഹന്‍ലാലിനെതിരെയും ഡബ്ല്യുസിസി ആഞ്ഞടിച്ചു. കുറച്ചു ദിവസം മുന്‍പ് അമ്മ പ്രസിഡന്റ് ഞങ്ങളെ നടിമാര്‍ എന്നു പറഞ്ഞു. ഞങ്ങള്‍ മൂന്നുപേരുടെ പേരുപോലും പറയാന്‍ അദ്ദേഹത്തിനു സാധിച്ചില്ലെന്ന് രേവതി പറഞ്ഞു. ഇതു ഞങ്ങളെ വളരെയധികം ബുദ്ധിമുട്ടിച്ചു. താന്‍ അമ്മ എന്ന സംഘടനയിലെ അംഗമാണ്. പക്ഷേ ഒരു പരിപാടിക്കും വിളിച്ചിട്ടില്ല. ഓഗസ്റ്റില്‍ അമ്മ എക്‌സിക്യൂട്ടിവ് അംഗങ്ങളോടു സംസാരിച്ചിരുന്നു. കുറ്റാരോപിതന്‍ സംഘടനയുടെ അകത്താണ്. പീഡനം അനുഭവിച്ച ആള്‍ പുറത്താണ്. ഇതാണോ നീതി?– സംവിധായികയും നടിയുമായ രേവതി ചോദിച്ചു.
അമ്മയില്‍നിന്നു രാജിവക്കാന്‍ കത്ത് തയാറാക്കിയിരുന്നുവെന്നു പാര്‍വതി വെളിപ്പെടുത്തി. ഇടവേള ബാബുവിനെ വിളിച്ചപ്പോള്‍ എന്തിനാണ് അമ്മയുടെ പേര് മോശമാക്കുന്നത് എന്നാണു ചോദിച്ചത്. ജനറല്‍ ബോഡി അംഗങ്ങള്‍ക്ക് എന്തു പറയാനുണ്ടെങ്കിലും അടിയന്തര യോഗം ചേരും എന്നാണ് ഇടവേള ബാബു പറഞ്ഞത്. തുടര്‍ന്നാണ് അമ്മ എന്ന സംഘടനയുമായി വീണ്ടും വിഷയം ചര്‍ച്ച ചെയ്യാന്‍ പോയത്. ഓഗസ്റ്റ് ഏഴിലെ യോഗത്തില്‍ 40 മിനിറ്റ് നടന്നത് മുഴുവന്‍ ആരോപണങ്ങളായിരുന്നു. സംസാരിക്കാന്‍ അവസരം തരണമെന്നു കെഞ്ചി പറഞ്ഞു. പക്ഷേ അവര്‍ അതിനു തയാറായില്ല– പാര്‍വതി പറഞ്ഞു. ആക്രമിക്കപ്പെട്ട നടിയുടെ രാജിക്കത്ത് പാര്‍വതി മാധ്യമങ്ങള്‍ക്കു മുന്നില്‍ വായിച്ചു.
യുവനടിക്കെതിരെ അതിക്രമം നടന്നപ്പോള്‍ വേണ്ടരീതിയിലുള്ള പിന്തുണ കിട്ടിയില്ലെന്നു സംവിധായിക അഞ്ജലി മേനോന്‍ പറഞ്ഞു. അതുകൊണ്ടാണ് ഒരുമിച്ചു പ്രവര്‍!ത്തിക്കാന്‍ ഇടയായത്. ഇന്ത്യ മുഴുവനും ഒരു മൂവ്‌മെന്റ് (മീ ടു) നടക്കുകയാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇതില്‍ നടപടി എടുക്കുന്നു. സ്ത്രീകള്‍ പറയുന്നതു വിശ്വസിക്കുന്നു. പക്ഷേ കേരളത്തില്‍ കുറച്ചുകൂടി ഞങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും അഞ്ജലി മേനോന്‍ പറഞ്ഞു.
ക്രൂരമായ അക്രമണമേറ്റ കുട്ടിയെ ചൂടുവെള്ളത്തില്‍ വീണ പൂച്ച എന്നാണു ബാബുരാജ് വിളിച്ചത്. എക്‌സിക്യൂട്ടിവ് കമ്മിറ്റിയിലുണ്ടായ വളരെകുറച്ച് പേരാണ് ഇപ്പോള്‍ തന്നെ തീരുമാനമെടുക്കാമെന്നു പറഞ്ഞത്. സര്‍ക്കാര്‍ തലത്തില്‍ സിനിമാക്കാര്‍ക്കു വേണ്ടി സംഘടനയില്ല, അമ്മ മാത്രമാണ് ഉള്ളത്. കരുണാനിധി മരിച്ച ദിവസത്തില്‍ മാധ്യമങ്ങളോടു സംസാരിക്കാം എന്നു തീരുമാനിച്ചിരുന്നു. അന്നും മാധ്യമങ്ങളോടു ഒന്നും പറയരുതെന്നു പറഞ്ഞിരുന്നു. അതും അവസാനിച്ചു. മാധ്യമ യോഗം കഴിഞ്ഞപ്പോള്‍ സംയുക്ത പ്രസ്താവനയുടെ പ്രിന്റ് ഔട്ട് എടുക്കാന്‍ പറഞ്ഞു. മാധ്യമങ്ങള്‍ പോയതോടെ അവരുടെ രീതി മാറി. തീരുമാനം ഉണ്ടാകാന്‍ വേണ്ടി സംഘടന പറയുന്നതെല്ലാം വിശ്വസിച്ചു. എല്ലാവരുടെയും കണ്ണില്‍ പൊടിയിടുക എന്നതല്ലാതെ മറ്റൊരു ഉദ്ദേശ്യവും അമ്മയ്ക്ക് ഉണ്ടായില്ലെന്നും പാര്‍വതി പറഞ്ഞു.
ഇരയ്ക്കും രാജിവച്ചവര്‍ക്കും അമ്മയില്‍ തിരികെയെത്തണമെങ്കില്‍ ആദ്യം മുതലേ അപേക്ഷ നല്‍കണമെന്നാണ് കത്തില്‍ ഉണ്ടായിരുന്നത്. മറ്റൊന്നും ഇല്ല. നടന്‍ തിലകന്റെ സംഭവമുണ്ടായ സമയത്ത് എക്‌സിക്യൂട്ടിവ് കമ്മിറ്റിയാണു തീരുമാനമെടുത്തത്. ഇപ്പോള്‍ തീരുമാനമെടുക്കണമെങ്കില്‍ ജനറല്‍ ബോഡി വേണമെന്നാണു പറയുന്നത്. ഞങ്ങളുടെ മക്കള്‍ക്കു വേണ്ടിയിട്ടെങ്കിലും സിനിമാ വ്യവസായത്തില്‍ സുരക്ഷ ഉറപ്പാക്കണം. അമ്മ സംഘടനയുടെ ഓരോ എക്‌സിക്യൂട്ടിവ് അംഗത്തിനും ഉത്തരവാദിത്തം വേണ്ടേ? നാളെ മറ്റൊരാള്‍ക്കും ഇതു സംഭവിക്കാന്‍ ഇടയുണ്ട്. 17 വയസ്സുള്ള കുട്ടി വാതിലില്‍ മുട്ടിയിട്ട് എന്നെ രക്ഷിക്കൂ എന്നു പറഞ്ഞ സംഭവം ഓര്‍മയിലുണ്ട്. അത് ഇനി സംഭവിക്കരുത്. അക്രമിക്കപ്പെട്ട നടി പരാതിപ്പെടാന്‍ കാണിച്ചത് ധൈര്യമാണ്– രേവതി പറഞ്ഞു.
അമ്മയുടെ ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റം കാരണമാണു രാജി വച്ചതെന്നു രമ്യ നമ്പീശന്‍ പറഞ്ഞു. അമ്മയില്‍ നിയമങ്ങള്‍ അവര്‍ എഴുതും. പലതും അവര്‍ ഒഴിവാക്കും. അംഗങ്ങളെ പോലും പറ്റിക്കുകയാണ്. പച്ചയായിട്ടു പറഞ്ഞാല്‍ നാടകങ്ങളാണു നടക്കുന്നത്. ഇനി അങ്ങനെയൊരു സ്ഥലം വേണ്ടെന്നും രമ്യ പറഞ്ഞു. നമ്മള്‍ ഇവിടം വിട്ടുപോകും എന്ന് ആരെങ്കിലും കരുതിയിട്ടുണ്ടെങ്കില്‍ അതു വേണ്ട. അനീതിക്ക് ഒരു തീര്‍പ്പു വേണം. കണ്ണടച്ച് മിണ്ടാതിരിക്കാന്‍ കഴിയില്ല. അമ്മ സംഘടനയിലുള്ള വിശ്വാസമല്ല പോയത്. നേതൃത്വത്തിലുള്ള വിശ്വാസമാണു പോയതെന്നും പാര്‍വതി വ്യക്തമാക്കി.
ഡബ്ല്യുസിസി ഒരു വര്‍ഷമായി പ്രവര്‍ത്തിക്കുന്നു. സിനിമാ മേഖലയില്‍ ശുദ്ധീകരണം നടപ്പാക്കേണ്ടത് ആവശ്യമാണ്. സിനിമാ വ്യവസായത്തെ നാണം കെടുത്താനല്ല ഇവിടെ വന്നത്. കേസിലെ ഇര എവിടെയുമില്ല. പക്ഷേ പ്രതി സമൂഹത്തിലെ പ്രധാനപ്പെട്ട എല്ലാവരുടെയും കൂടെ പ്രവര്‍ത്തിക്കുന്നു. നീതിയാണു ഞങ്ങള്‍ക്കു വേണ്ടത്. സംഘടനയില്‍നിന്നു രാജിവയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ല. മീടൂ ഉണ്ടാക്കാനില്ലെന്നും ബീനാ പോള്‍ പറഞ്ഞു.
പുള്ളിക്കാരന്‍ സ്റ്റാറാ എന്ന സിനിമയില്‍ ജോലി ചെയ്യുന്ന സമയത്തു ഷെറിന്‍ സ്റ്റാന്‍ലി എന്ന ആളില്‍നിന്ന് മോശം അനുഭവം ഉണ്ടായെന്ന് അര്‍ച്ചന പദ്മിനി പറഞ്ഞു. ഫെഫ്കയില്‍ പരാതി നല്‍കി. സംവിധായകന്‍ ബി.ഉണ്ണികൃഷ്ണനു നേരിട്ടാണ് പരാതി നല്‍കിയത്. ഒന്നും ഉണ്ടായില്ല. അവസരങ്ങള്‍ നഷ്ടമായതു മാത്രമാണു മിച്ചം. ജീവിതത്തില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുള്ളതിനാല്‍ ഇവയുടെ പിറകേ പോകാന്‍ താല്‍പര്യമില്ലെന്ന് അര്‍ച്ചന പറഞ്ഞു.
മീ ടൂവില്‍ എന്താണു നടക്കുന്നതെന്നു നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. വലിയ വെളിപ്പെടുത്തലും അതിനെതിരെ നടപടികളും ഉണ്ടാകുകയാണ്. ഫെഫ്കയുടെ ചെയര്‍മാന്‍ ബി.ഉണ്ണികൃഷ്ണന്‍, നടിയെ ആക്രമിച്ച കേസിലെ പ്രതിയെ വച്ച് സിനിമ പ്രഖ്യാപിച്ചു. ഒരു നാട് മുഴുവന്‍ നടിയുടെ നിന്നിട്ട് അമ്മയുടെ പ്രസിഡന്റ് നമുക്ക് നോക്കാം എന്നാണു പറഞ്ഞത്– റിമ കല്ലിങ്കല്‍ പറഞ്ഞു.
Leave a Comment