മുംബൈ: രാജ്യത്തെ വിറപ്പിച്ചുകൊണ്ടു മുന്നോട്ട് പോകുകയാണ് മീടൂ ക്യാംപെയിന്‍. ബോളീവുഡില്‍ ശക്തമായ ക്യാംപെയിന്‍ ഇപ്പോള്‍ തെന്നിന്ത്യയിലേക്കും എത്തി. പലരും നിരവധി പ്രമുഖരുടെ പേരുകള്‍ വെളിപ്പെടുത്തി ഇതിനോടകം രംഗത്ത് എത്തിക്കഴിഞ്ഞു. ബോളീവുഡില്‍ പല പ്രമുഖരുടെയും മുഖംമൂടികള്‍ അഴിഞ്ഞ് വീണിരിക്കുകയാണ്., അമിതാഭ് ബച്ചനെതിരെയാണ് ഇപ്പോള്‍ പുതിയ വിവാദം ഉയരുന്നത് . അമിതാഭ് ബച്ചനെ കുറിച്ചുള്ള സത്യങ്ങള്‍ ഉടന്‍ പുറത്തു വരുമെന്ന് സിനിമ പ്രവര്‍ത്തക സപ്ന ഭവാനി പറയുന്നു. ബോളിവുഡിലെ തിരക്കേറിയ ഹെയര്‍ സ്റ്റെലിസ്റ്റായ സപ്ന ട്വിറ്ററിലാണ് അമിതാഭ് ബച്ചനെതിരെ ശക്തമായി തുറന്നടിച്ചത്.
അമിതാഭ് ബച്ചന്‍ പിറന്നാള്‍ ദിനത്തില്‍ മീടൂ ക്യാംപയിനിനെ ശക്തമായി പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ”ഒരു സ്ത്രീയ്ക്കും എവിടെ വച്ചും ഒരു തരത്തിലുള്ള മോശം പെരുമാറ്റങ്ങളും നേരിടേണ്ട അവസ്ഥ വരരുത്. പ്രത്യേകിച്ച് അവളുടെ തൊഴിലിടത്തില്‍. അത്തരം അതിക്രമങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുകയും വേണ്ട നടപടികള്‍ സ്വീകരിക്കുകയും വേണം” അമിതാഭ് ബച്ചന്‍ പറഞ്ഞു. സ്ത്രീകളും കുട്ടികളുമാണ് നമ്മുടെ സമൂഹത്തില്‍ ഏറ്റവുമധികം ആക്രമിക്കപ്പെടുന്നത്. അതിനാല്‍ അവര്‍ക്ക് പ്രത്യേക സുരക്ഷ നല്‍കണമെന്നും ബച്ചന്‍ പറഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് സപ്ന ഭവാനി ട്വിറ്ററില്‍ പ്രതികരിച്ചത്. ഇതു വരെ കേട്ട ഏറ്റവും വലിയ നുണയാണ് ഇത്. പിങ്ക് എന്ന ചിത്രത്തിലെ അഭിനയത്തിന് ശേഷമാണ് സാമൂഹ്യ പ്രവര്‍ത്തകന്‍ എന്ന പരിവേഷം താങ്കള്‍ക്ക് ലഭിച്ചത്. എന്നാല്‍ നിങ്ങളെക്കുറിച്ചുള്ള സത്യവും ഉടന്‍ പുറത്തു വരും. അപ്പോള്‍ മാനസിക സമ്മര്‍ദ്ദം മറികടക്കാന്‍ നഖങ്ങള്‍ മാത്രം കടിച്ചാല്‍ മതിയാവില്ല കൈകള്‍ മുഴുവന്‍ കടിക്കേണ്ട അവസ്ഥയാവുമെന്നും സപ്ന പറയുന്നു.
Leave a Comment