ശബരിമല വിഷയം; തെരുവുകളില്‍ നടക്കുന്നത് കോടതിയലക്ഷ്യം; പറയേണ്ടത് കോടതിയില്‍ പറയണം; പാര്‍ട്ടികള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നു

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയുടെ പേരില്‍ തെരുവുകളില്‍ നടക്കുന്നതു കോടതിയലക്ഷ്യമാണെന്നു ജസ്റ്റിസ് കെമാല്‍ പാഷ. രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ടു ലക്ഷ്യമിട്ടു ജനത്തെ വിധിയുടെ പേരില്‍ തെറ്റിദ്ധരിപ്പിക്കുകയാണ്. പറയേണ്ടതു കോടതിയില്‍ പറയാതെ ഇപ്പോള്‍ ജനത്തിന്റെ കണ്ണില്‍ പൊടിയിടാനാണ് ഇക്കൂട്ടരുടെ ശ്രമമെന്നും കെമാല്‍ പാഷ പറഞ്ഞു.

ശബരിമല വിഷയം കോടതിക്കു മുന്നില്‍ എത്താതിരിക്കാനായിരുന്നു ശ്രദ്ധിക്കേണ്ടിയിരുന്നത്. കോടതിയിലെത്തിയതിനാല്‍ നീതിയുക്തമായ തീരുമാനമുണ്ടായി. വിശ്വാസികളായ സ്ത്രീകള്‍ക്കു ശബരിമലയ്ക്കു പോകണോ വേണ്ടയോ എന്നു തീരുമാനിക്കാം. തെരുവിലേക്ക് ഈ പ്രശ്‌നത്തെ വലിച്ചിഴയ്‌ക്കേണ്ട കാര്യമില്ലായിരുന്നു. വിവരക്കേടാണ് ഇതിന്റെ പേരില്‍ പലരും വിളിച്ചു പറയുന്നത്.– കെമാല്‍ പാഷ കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് ഒട്ടേറെ അടിസ്ഥാന പ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോള്‍ അവയ്ക്കു പരിഹാരം കാണാതെ കോടതികളുടെ സമയവും പൊതുപണവും ഇത്തരം കേസുകള്‍ക്കായി ചെലവഴിക്കുന്നതു ശരിയല്ല. ഇതു കൊണ്ടെന്തു പ്രയോജനമെന്നു ജനം ആലോചിക്കണം. റിവ്യൂ ഹര്‍ജി കൊണ്ടു കാര്യമായ പ്രയോജനമില്ലെന്നും വിധിയില്‍ തെറ്റില്ലെന്നും കെമാല്‍ പാഷ പറഞ്ഞു.

അതേസമയം സ്ത്രീപ്രവേശനം അനുവദിച്ച് സുപ്രീംകോടതി ഉത്തരവിട്ടതോടെ ശബരിമല ദര്‍ശനത്തിനെത്തുമെന്നു പ്രഖ്യാപിച്ച് വനിതാ അവകാശ പ്രവര്‍ത്തക തൃപ്തി ദേശായി രംഗത്തെത്തി. ക്രമസമാധാന പ്രശ്‌നമുണ്ടാക്കുന്നതും സമരം ചെയ്യുന്നതും ശരിയല്ലെന്ന് തൃപ്തി പറഞ്ഞു. തടയാന്‍ ശ്രമിക്കുന്നത് കോടതി അലക്ഷ്യമാകും. ഭരണഘടന അംഗീകരിക്കുന്നുണ്ടോയെന്ന് കോണ്‍ഗ്രസും ബിജെപിയും വ്യക്തമാക്കണമെന്നും അവര്‍ പറഞ്ഞു. ലിംഗവിവേചനത്തിനെതിരെ പോരാടുന്ന തൃപ്തി ദേശായി ഭൂമാതാ ബ്രിഗേഡ് എന്ന സംഘടനയുടെ നേതാവാണ്. സ്ത്രീ പ്രവേശനം വിലക്കിയിരുന്ന ഹാജി അലി ദര്‍ഗ, െ്രെതയംബകേശ്വര്‍ ക്ഷേത്രം, ശനി ശിംഘനാപൂര്‍ ക്ഷേത്രം എന്നിവിടങ്ങളില്‍ സ്ത്രീകളോടൊപ്പം ഇവര്‍ പ്രവേശിച്ചിരുന്നു. ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയെ തൃപ്തി നേരത്തേ സ്വാഗതം ചെയ്തിരുന്നു.

pathram:
Leave a Comment