ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ ഉയര്‍ന്ന പുതിയ ആരോപണങ്ങള്‍ക്ക് വിശദീകരണവുമായി ഫ്രഞ്ച് കമ്പനി ദസ്സോയുടെ മേധാവി രംഗത്ത്. റിലയന്‍സിനെ പങ്കാളിയാക്കാനുള്ള തീരുമാനം കമ്പനിയുടേതാണ്. കരാറില്‍ പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശം തങ്ങള്‍ക്കാണെന്നും ദസ്സോ സി.ഇ.ഒ എറിക് ട്രാപ്പിയര്‍ പറഞ്ഞു.
ഇന്ത്യയിലെ നിയമപ്രകാരം ഓഫ്സെറ്റ് കരാറില്‍ ഒരു ഇന്ത്യന്‍ കമ്പനിയെ പങ്കാളിയാക്കേണ്ടതുണ്ട്. എന്നാല്‍ പങ്കാളി ആരെന്ന് തീരുമാനിക്കാനുള്ള അവകാശം ദസ്സോയ്ക്കാണ്.
ഇന്ത്യയില്‍ ദീര്‍ഘകാലം പ്രവര്‍ത്തനം നടത്താന്‍ ദസ്സോ ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ടാണ് റിലയന്‍സുമായി ചേര്‍ന്ന് ഒരു കമ്പനിയുണ്ടാക്കി ഫാക്ടറി തുടങ്ങിയത്. കമ്പനിയില്‍ റിലയന്‍സിന്റെ പങ്കാളിത്തം 10 ശതമാനം മാത്രമാണ്. നൂറോളം ഇന്ത്യന്‍ കമ്പനികളുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇതില്‍ മുപ്പതോളം കമ്പനികളുമായി ധാരണയിലെത്തിയിട്ടുണ്ട്.
വിവാദങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. എന്നാല്‍ അതൊന്നും ഇന്ത്യയിലെ ദസ്സോയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ല. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും എറിക് ട്രാപ്പിയര്‍ പറഞ്ഞു.
റിലയന്‍സിനെ പങ്കാളികളാക്കാന്‍ ഇന്ത്യ നിര്‍ബന്ധം പിടിച്ചെന്ന് കഴിഞ്ഞ ദിവസം ഒരു ഫ്രഞ്ച് മാധ്യമം വെളിപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് വിശദീകരണവുമായി ദസ്സോ രംഗത്തെത്തിയത്.