കൃസ്റ്റിയാനോ ബലാത്സംഗം ചെയ്തു; പരാതിയുമായി കൂടുതല്‍ യുവതികള്‍; വന്‍ പ്രതിസന്ധിയിൽ താരം

ലോകോത്തര ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരെ പീഡന ആരോപണവുമായി കൂടുതല്‍ യുവതികള്‍ രംഗത്ത്. അമേരിക്കന്‍ നിശാക്ലബ്ബില്‍വെച്ച് ക്രിസ്റ്റിയാനോ തന്നെ ബലാത്സംഗം ചെയ്തുവെന്ന കാതറിന്‍ മയോര്‍ഗയുടെ പരാതിയില്‍ ലാസ് വേഗസ്സ് പൊലീസ് അന്വേഷണം നടത്തവെയാണ്, മൂന്ന് പരാതികള്‍കൂടി താരത്തിനെതിരേ ഉയര്‍ന്നുവന്നിരിക്കുന്നത്. അതോടെ ലോകോത്തര ഫുട്‌ബോള്‍ താരത്തില്‍നിന്ന് ക്രിസ്റ്റിയാനോ ലൈംഗിക കുറ്റവാളിയുടെ പരിവേഷത്തിലേക്ക് കൂപ്പുകുത്തുമോയെന്ന ആശങ്കയിലാണ് ആരാധകരിപ്പോള്‍.

ക്രിസ്റ്റായാനോയ്‌ക്കെതിരേ മൂന്ന് പരാതികള്‍കൂടി ഉയര്‍ന്നിട്ടുള്ള വിവരം കാതറിന്‍ മയോര്‍ഗയുടെ കേസ് നടത്തുന്ന അഭിഭാഷകന്‍ തന്നെയാണ് വെളിപ്പെടുത്തിയത്. ഒരു വിരുന്നിനുശേഷം തന്നെ ക്രിസ്റ്റ്യാനോ ബലാത്സംഗം ചെയ്‌തെന്നാണ് ഇതിലൊരു യുവതിയുടെ പരാതി. മറ്റൊരാള്‍ ക്രിസ്റ്റ്യാനോ തന്നെ ഉപദ്രവിച്ചെന്നും മൂന്നാമത്തെയാള്‍ ക്രിസ്റ്റ്യാനോയുമായി വിവരം പുറത്തുവിടില്ലെന്ന കരാറില്‍ 2009ല്‍ ഒപ്പുവെച്ചുവെന്നും അവകാശപ്പെടുന്നു. ഇതില്‍ ബലാത്സംഗം ചെയ്തുവെന്ന വെളിപ്പെടുത്തല്‍ നടത്തിയ യുവതിയുടേതല്ലാത്ത പരാതികള്‍ ലൈംഗികാതിക്രമം സംബന്ധിച്ചാണോയെന്ന് വ്യക്തമായിട്ടില്ല.

മയോര്‍ഗയുടെ പരാതി അന്വേഷിക്കുന്ന ലെസ്‌ലി സ്‌റ്റോവാളാണ് പുതിയ ആരോപണവും പുറത്തുവിട്ടത്. തന്നെ ഫോണില്‍ വിളിച്ചാണ് ഒരു യുവതി ബലാത്സംഗ ആരോപണം നടത്തിയതെന്ന് അവര്‍ പറഞ്ഞു. ഈ വിവരം പരിശോധിച്ചുവരികയാണെനനും അദ്ദേഹം പറഞ്ഞു. ഈ യുവതിയുടെ പേരുവിവരം വെളിപ്പെടുത്താന്‍ സ്‌റ്റോവാള്‍ തയ്യാറായില്ലെങ്കിലും വിശദാംശങ്ങള്‍ മയോര്‍ഗയുടെ പരാതിയന്വേഷിക്കുന്ന ലാസ് വേഗസ് പൊലീസിന് കൈമാറുമെന്ന് വ്യക്തമാക്കി.

അതിനിടെ, മയോര്‍ഗയുമായി ബലാത്സംഗ വിവരം പുറത്തുപറയാതിരിക്കുന്നതിന് ക്രിസ്റ്റ്യാനോ 2,87,000 പൗണ്ടിന്റെ കരാറില്‍ ഒപ്പിച്ചിരുന്നതായി ജര്‍മന്‍ പത്രം ഡെര്‍ സ്പീഗല്‍ റിപ്പോര്‍ട്ട് ചെയ്തു. 2010ലാണ് ഇത്തരമൊരു കരാറില്‍ ഒപ്പുവെച്ചത്. ഇതനുസരിച്ച് കരാറൊപ്പിട്ട് ഏഴാം ദിവസം മയോര്‍ഗയ്ക്ക് പണം ലഭിച്ചു. മയോര്‍ഗയ്ക്ക് എച്ച്‌ഐവി പോലുള്ള ലൈംഗികരോഗങ്ങള്‍ പിടിപെട്ടാല്‍, ക്രിസ്റ്റ്യാനോ ടെസ്റ്റിന് വിധേയനായി തനല്ല ഉത്തരവാദിയെന്ന് തെളിയിക്കണമെന്ന ഉപാധിയും കരാറിലുണ്ടെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇപ്പോള്‍ ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസില്‍ കളിക്കുന്ന 33കാരനായ ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ താരമായിരിക്കെയാണ് വിവാദമായ സംഭവം നടന്നത്. പിന്നീട് താരം സ്‌പെയിനിലെ റയല്‍മാഡ്രിഡിലേക്ക് മാറുകയായിരുന്നു. ബലാത്സംഗ ആരോപണം നിഷേധിച്ച ക്രിസ്റ്റ്യാനോ തന്റെ ചെയ്തികളില്‍ തനിക്ക് ഉത്തമബോധ്യമുണ്ടെന്നും താന്‍ ബലാത്സംഗത്തിന് എതിരാണെന്നും വ്യക്തമാക്കി. ഏതായാലും ആരോപണം വന്നതിന് പിന്നാലെ, പോര്‍ച്ചുഗല്‍ ദേശീയ ടീമില്‍നിന്ന് താല്‍ക്കാലികമായ നീക്കി നിര്‍ത്തപ്പെട്ട ക്രിസ്റ്റ്യാനോയ്ക്ക് പരസ്യക്കരാറുകളും നഷ്ടമാവുകയാണ്.

pathram:
Leave a Comment