ന്യൂഡല്‍ഹി: വിവിധ സേവനങ്ങളുമായി ആധാര്‍ ബന്ധിപ്പിക്കുന്നത് സംബന്ധിച്ച സുപ്രീം കോടതി വിധിയില്‍ ആശ്വസിച്ചിരിക്കുകയായിരുന്നു ജനങ്ങള്‍. എന്നാല്‍ മൊബൈല്‍ ഫോണ്‍ നമ്പറും ബാങ്ക് അക്കൗണ്ടും ആധാറുമായി ബന്ധിപ്പിക്കുന്നതു പാര്‍ലമെന്റ് അംഗീകാരത്തോടെയുള്ള നിയമം വഴി പുനഃസ്ഥാപിക്കാന്‍ കഴിയുമെന്നു കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞിരിക്കുന്നു. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ആധാര്‍ വിവരങ്ങള്‍ സ്വകാര്യ കമ്പനികള്‍ ശേഖരിക്കുന്നതിലെ തടസ്സവും നിയമം വഴി മറികടക്കാമെന്നു കേന്ദ്ര ധനമന്ത്രി വ്യക്തമാക്കി. എന്നാല്‍ ഇതിനായി കേന്ദ്ര സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തുമോയെന്ന കാര്യത്തില്‍ അദ്ദേഹം നിലപാട് അറിയിച്ചില്ല.
ആധാര്‍ കാര്‍ഡിനു സുപ്രീം കോടതി ഉപാധികളോടെയാണ് അംഗീകാരം നല്‍കിയത്. മൊബൈല്‍ ഫോണ്‍ നമ്പറും ബാങ്ക് അക്കൗണ്ടും പന്ത്രണ്ട് അക്ക ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കേണ്ടതില്ലെന്നു സുപ്രധാന വിധിയില്‍ കോടതി വ്യക്തമാക്കിയിരുന്നു. സ്വകാര്യ കമ്പനികള്‍ വ്യക്തികളുടെ ആധാര്‍ വിവരങ്ങള്‍ ഏതെങ്കിലും കരാര്‍ പ്രകാരം സ്വന്തമാക്കുന്നതു തടഞ്ഞ കോടതി ആധാര്‍ നിയമത്തിലെ 57ാം വകുപ്പ് റദ്ദാക്കുകയും ചെയ്തിരുന്നു. ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ആധാര്‍ വേണമെന്നു കോടതി വ്യക്തമാക്കിയതിനാല്‍ ബാങ്ക് അക്കൗണ്ടുകളെ ആധാറുമായി ബന്ധിപ്പിക്കുന്നതു നിയമം വഴി നടപ്പാക്കാനാകുമെന്ന് ജയ്റ്റ്‌ലി വിശദീകരിച്ചു. വ്യാജ അക്കൗണ്ടുകള്‍ കണ്ടെത്താന്‍ ഇതിലൂടെ സാധിക്കും. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ അനര്‍ഹര്‍ക്കു ലഭിക്കുന്നതു തടയാന്‍ അധാര്‍ വഴി സാധിക്കുന്നുണ്ട്. 90,000 കോടി രൂപയാണു പ്രതിവര്‍ഷം ഇത്തരത്തില്‍ ലാഭിക്കുന്നത്. നിയമത്തിന്റെ പിന്‍ബലമുണ്ടെങ്കില്‍ സ്വകാര്യ കമ്പനികള്‍ക്ക് ആധാര്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനു തടസ്സമില്ലെന്നും ജയ്റ്റ്‌ലി പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ലമെന്റിന്റെ അവശേഷിക്കുന്ന ശൈത്യകാല സമ്മേളനത്തില്‍ നിര്‍ണായക നിയമനിര്‍മാണത്തിനു സര്‍ക്കാര്‍ ഒരുങ്ങുമോ എന്നു വ്യക്തമല്ല. ആധാര്‍ കേസിലുണ്ടായ തിരിച്ചടികളെ നിയമനിര്‍മാണത്തിലൂടെ മറികടക്കാനുള്ള ആലോചനകള്‍ കേന്ദ്ര സര്‍ക്കാര്‍ തലത്തില്‍ നടക്കുന്നുവെന്ന സൂചനകളാണ് അരുണ്‍ ജയ്റ്റ്‌ലിയുടെ വാക്കുകളെന്ന് നിരീക്ഷണങ്ങള്‍ ഉയരുന്നുണ്ട്.
അതേസമയം, കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരത് പ്രകാരം ചികില്‍സ തേടുന്നവര്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണെന്നു ദേശീയ ആരോഗ്യ ഏജന്‍സി സിഇഒ ഇന്ദു ഭൂഷണ്‍ പറ!ഞ്ഞു. പദ്ധതി പ്രകാരം രണ്ടാമത്തെ തവണ മുതല്‍ ചികില്‍സ തേടുന്നവര്‍ക്കാണ് ആധാര്‍ കാര്‍ഡ് നിര്‍ബന്ധം. ആദ്യ തവണ ഏതെങ്കിലും അംഗീകൃത തിരിച്ചറിയല്‍ രേഖ മതിയാകും. കഴിഞ്ഞ മാസം 23–നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത പദ്ധതിയില്‍ ഏകദേശം 10 കോടി ഗുണഭോക്താക്കള്‍ ഉണ്ടാകുമെന്നാണു കരുതുന്നത്.
Leave a Comment