കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; വിശാല സഖ്യത്തിന്റെ ഭാഗമാകില്ലെന്ന് സിപിഎമ്മും

ന്യൂഡല്‍ഹി: ബിഎസ്പിയും എസ്പിയും പിന്‍മാറിയതിന് പിന്നാലെ ദേശീയതലത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന വിശാല സഖ്യത്തിന്റെ ഭാഗമാകേണ്ടതില്ലെന്ന് സിപിഎമ്മും തീരുമാനിച്ചു. കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് തീരുമാനം എടുത്തത്. നിലവില്‍ വിശാല സഖ്യത്തിന്റെ ഭാഗമാകാന്‍ മറ്റു പ്രതിപക്ഷ കക്ഷികളൊന്നും താല്‍പര്യം പ്രകടിപ്പിക്കാത്തതിനാല്‍ ഇക്കാര്യത്തില്‍ മുന്‍കയ്യെടുക്കേണ്ടെന്നാണ് സിപിഎം തീരുമാനം.

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സിപിഎം രാഷ്ട്രീയ നിലപാട് പിന്നീടു കേന്ദ്ര കമ്മിറ്റി പരിശോധിക്കും. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ചു സംസ്ഥാനങ്ങളില്‍ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കനുസരിച്ചു സഖ്യം തീരുമാനിക്കാമെന്നാണ് പാര്‍ട്ടി കണക്കുകൂട്ടുന്നത്. എന്നാല്‍ ബംഗാളില്‍ കോണ്‍ഗ്രസുമായുള്ള സഹകരണം സംബന്ധിച്ചു തര്‍ക്കം തുടരുന്നതിനാല്‍ തീരുമാനത്തിലെത്താന്‍ സാധിച്ചില്ല. കോണ്‍ഗ്രസുമായി സഹകരണം വേണമെന്ന ബംഗാള്‍ ഘടകത്തിന്റെ നിലപാടിനെ പ്രകാശ് കാരാട്ട് ഉള്‍പ്പെട്ട നേതൃനിര എതിര്‍ത്തു.

തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ ബിജെപി, കോണ്‍ഗ്രസ് ഇതര പാര്‍ട്ടികളുടെ സഖ്യം വേണമെന്നു കാരാട്ടു പക്ഷം നിലപാടെടുത്തു. തെലങ്കാനയില്‍ കോണ്‍ഗ്രസ്, ടിഡിപി, സിപിഐ എന്നിവയുള്‍പ്പെട്ട സഖ്യത്തില്‍ ചേരേണ്ടെന്നു സിപിഎം സംസ്ഥാന ഘടകം നേരത്തേ തീരുമാനിച്ചിരുന്നു. പാര്‍ട്ടിയെ ശക്തിപ്പെടുത്തേണ്ട നിലപാടാണു സ്വീകരിക്കേണ്ടതെന്നു കോണ്‍ഗ്രസ് സഹകരണത്തെ പരോക്ഷമായി പിന്തുണച്ചു വി.എസ്. അച്യുതാനന്ദന്‍ കുറിപ്പ് നല്‍കി. കേന്ദ്ര കമ്മിറ്റിയില്‍ വി.എസ് പങ്കെടുത്തില്ല. കേന്ദ്ര കമ്മിറ്റി യോഗം തിങ്കളാഴ്ച അവസാനിക്കും.

pathram:
Leave a Comment