സാവകാശം നല്‍കാനാവില്ല; വിധി ഉടന്‍ നടപ്പാക്കണം; ശബരിമല വിഷയത്തില്‍ ദേവസ്വം ബോര്‍ഡിന് കര്‍ശന നിര്‍ദേശവുമായി പിണറായി

പത്തനംതിട്ട: ശബരിമലയിലെ സ്ത്രീപ്രവേശനത്തില്‍ വിധി ഉടന്‍ നടപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാവകാശം നല്‍കാനാവില്ലെന്ന് ദേവസ്വംബോര്‍ഡിനെ രാവിലെ നടന്ന കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി അറിയിച്ചു. സൗകര്യങ്ങളൊരുക്കാന്‍ ദേവസ്വംബോര്‍ഡ് സമയം ആവശ്യപ്പെട്ടിരുന്നു.

വിശ്വാസികളായ സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കുമെന്ന് കരുതുന്നില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു. സുപ്രീംകോടതി വിധിക്കെതിരെ പുനപരിശോധനാഹര്‍ജി നല്‍കുന്നകാര്യം ബുധനാഴ്ചത്തെ ബോര്‍ഡ് യോഗം തീരുമാനിക്കും. വിധിയെത്തുടര്‍ന്ന് ഭക്തരുടെ എണ്ണത്തില്‍ 40 ശതമാനത്തോളം വര്‍ധനയുണ്ടാകും. സ്ത്രീകള്‍ക്കുവേണ്ടി ശുചിമുറികളും വിരിവയ്ക്കാനുള്ള സൗകര്യത്തിനുമപ്പുറം ഈ വര്‍ഷം വിപുലമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ബുദ്ധിമുട്ടാണെന്നും പത്മകുമാര്‍ പറഞ്ഞു.

തുലാമാസ പൂജക്ക് നടതുറക്കുമ്പോള്‍ സ്ത്രീകളെ പ്രവേശിപ്പിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടാണ് ദേവസ്വംബോര്‍ഡിന് മുന്നിലുള്ള വെല്ലുവിളി. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി വിശാലമായ ഭരണഘടന ബെഞ്ചിന് കേസ് വിടണമെന്ന് പുനഃപരിശോധന ഹര്‍ജിയോടൊപ്പം ആവശ്യപ്പെടാന്‍ പന്തളം രാജുകുടുംബം തീരുമാനിച്ചു. വിധി മറികടക്കാന്‍ നിയമനിര്‍മാണത്തിന് കേന്ദ്രസര്‍ക്കാരിനെ സമീപിക്കാന്‍ പന്തളം കൊട്ടാരത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായിരുന്നു.

വിധിയുടെ പിന്‍ബലത്തില്‍ അധികം ആളുകള്‍ ശബരിമലയിലേക്ക് എത്തുമെന്ന് കരുതുന്നില്ലെന്നു പത്മകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. നിലവിലെ സൗകര്യങ്ങള്‍ തന്നെ ഇത്തവണ ഉപയോഗിക്കും. കടുത്ത വിശ്വാസികളായ സ്ത്രീകള്‍ ആരും ക്ഷേത്രങ്ങളിലേക്ക് വരില്ലെന്നും. തന്റെ വീട്ടില്‍ നിന്നും ആരും ക്ഷേത്രത്തിലേക്ക് പോകില്ലെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കായി 100 ഏക്കര്‍ ഭൂമി സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് പത്മകുമാര്‍ പറഞ്ഞു.

സുപ്രീം കോടതി വിധിയില്‍ ദേവസ്വം ബോര്‍ഡ് പുനഃപരിശോധന ഹര്‍ജി നല്‍കുന്നതില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ദേവസ്വം ബോര്‍ഡ് സ്വതന്ത്രസംവിധാനമാണ്. സിപിഎം നിലപാടുമായി അതിനെ കൂട്ടിക്കുഴയ്‌ക്കേണ്ടതില്ല. വിധിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കണമോയെന്ന് ബോര്‍!ഡിനു തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു.

pathram:
Leave a Comment