ഞങ്ങളുടെ പിതാവ് നിരപരാധിയാണ്; വേണ്ട നടപടികള്‍ മുഖ്യമന്ത്രിയെടുക്കും; ബിഷപിനുവേണ്ടി പിണറായിയുമായി കൂടിക്കാഴ്ച

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നിരപരാധിയാണെന്നും പൊലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയനോട് മിഷനറീസ് ഓഫ് ജീസസ് പ്രതിനിധികള്‍. ബിഷപ് അറസ്റ്റിലായതുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ കേരളാ ഹൗസില്‍ വെച്ചാണ് മിഷനറീസ് ഓഫ് ജീസസ് പ്രതിനിധികള്‍ പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയത്.

നിലവിലെ പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്ന് പ്രതിനിധികള്‍ കൂടിക്കാഴ്ചക്ക് ശേഷം പറഞ്ഞു. നിരപരാധിയായ ഞങ്ങളുടെ പിതാവിനേയാണ് ക്രൂശിച്ചിരിക്കുന്നത്. നിരവധി വര്‍ഷങ്ങളായി പഞ്ചാബില്‍ ഞങ്ങള്‍ ജിവിക്കുന്നു. ഫ്രാങ്കോ മുളയ്ക്കല്‍ പിതാവ് നിരപരാധിയാണെന്ന് ഞങ്ങള്‍ക്കറിയാം. പറയേണ്ട കാര്യങ്ങള്‍ മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ട്. വേണ്ട നടപടികള്‍ മുഖ്യമന്ത്രി എടുക്കുമെന്നും സിസ്റ്റര്‍ അമല പറഞ്ഞു.

അതേസമയം കന്യാസ്ത്രീയെ പീഡിപ്പിതുമായി ബന്ധപ്പെട്ട് ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ സംഭവത്തിലെ രണ്ട് അനുബന്ധ കേസുകള്‍ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസും പരാതിക്കാരിയുടെ ചിത്രം പ്രസിദ്ധീകരിച്ച കേസുമാണ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്. വൈക്കം ഡിവൈഎസ്പിയില്‍ നിന്ന് ചുമതല മാറ്റിയത് പ്രധാന കേസില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനെന്നാണ് ഔദ്യോഗിക വിശദീകരണം. അതേസമയം ഈ നീക്കം കേസ് അട്ടിമറിക്കാനാണെന്ന ആരോപണവും ഉയരുന്നുണ്ട്.

സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസില്‍ ഫാ.ജെയിംസ് എര്‍ത്തയിലാണ് പ്രതിസ്ഥാനത്ത്. ബിഷപ്പിനെതിരായ കേസില്‍ നിന്ന് പിന്‍മാറാന്‍ പത്തേക്കര്‍ ഭൂമിയും മഠവുമാണ് എര്‍ത്തയില്‍ വാഗ്ദാനം ചെയ്തത്. വഴങ്ങിയില്ലെങ്കില്‍ പ്രതികാര നടപടികളുണ്ടാകുമെന്നും ഭീഷണിപ്പെടുത്തി. കോതമംഗലം സ്വദേശിയുടെ നിര്‍ദേശപ്രകാരമാണ് ഭൂമി വാഗ്ദാനം ചെയ്തതെന്നാണ് ചോദ്യം ചെയ്യല്‍ വേളയില്‍ വൈദികന്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ ബിഷപ്പിന്റെ അറിവോടെ സഭയിലെ ഉന്നതരാണ് ഈ നീക്കത്തിന് പിന്നിലെന്നും അന്വേഷണത്തില്‍ വ്യക്തമായി. ഫോണ്‍ രേഖകളടക്കം ഇതിന് തെളിവായി ശേഖരിച്ചു. അറസ്റ്റിലേക്ക് നീങ്ങുന്നതിനിടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.

പരാതിക്കാരിയുടെ ചിത്രം പ്രസിദ്ധീകരിച്ച കേസില്‍ മിഷനറീസ് ഓഫ് ജീസസ് നേതൃത്വത്തിനെതിരെയാണ് അന്വേഷണം നടക്കുന്നത്. പീഡനപരാതി ഉയര്‍ന്നത് മുതല്‍ ബിഷപ്പിന് അനുകൂലമായി നിലപാടെടുത്തവരാണ് മിഷനറീസ് ഓഫ് ജീസസ് നേതൃത്വം. പരാതിക്കാരിയെ തള്ളിപ്പറഞ്ഞ മിഷനറീസ് ഓഫ് ജീസസ് സന്യസ്തസമൂഹം സംഭവം അന്വേഷിക്കാന്‍ കമ്മിഷനെയും നിയോഗിച്ചിരുന്നു. അറസ്റ്റിലായ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനായി ബുധനാഴ്ച മിഷനറീസ് ഓഫ് ജീസസ് ഉപവസിച്ചു പ്രാര്‍ഥിക്കുന്നുമുണ്ട്. ഇതിനിടെ, ബിഷപ്പിനെതിരെ വ്യാജ തെളിവുകള്‍ ഉണ്ടാക്കുന്നതിനായി സ്ഥാപനങ്ങളെ പൊലീസ് കരുവാക്കുന്നതായി ചൊവ്വാഴ്ച മിഷനറീസ് ഓഫ് ജീസസ് മദര്‍ ജനറല്‍ സിസ്റ്റര്‍ റെജീനയും അസിസ്റ്റന്റ് സിസ്റ്റര്‍ മരിയയും അറിയിച്ചു.

കമ്മിഷന്‍ റിപ്പോര്‍ട്ടിനോടൊപ്പമാണ് പരാതിക്കാരിയുടെ ചിത്രവും മിഷനറീസ് ഓഫ് ജീസസ് പുറത്തുവിട്ടത്. സഭാ വക്താവ് സിസ്റ്റര്‍ അമലയെ ചോദ്യംചെയ്യുന്നതിനായി കഴിഞ്ഞ ദിവസം പൊലീസ് നോട്ടിസ് അയച്ചിരുന്നു. പത്രക്കുറിപ്പിലെ ഒപ്പ് സിസ്റ്റര്‍ അമലയുടേതാണെന്നു സ്ഥിരീകരിച്ചാല്‍ അറസ്റ്റു ചെയ്യുമെന്നാണ് സൂചന. ബിഷപ്പിനെതിരായ പീഡനക്കേസ് അന്വേഷിക്കുന്ന വൈക്കം ഡിവൈഎസ്പി കെ. സുഭാഷിനായിരുന്നു ഈ രണ്ട് കേസുകളുടെയും അന്വേഷണ ചുമതല. കേസിന്റെ നിര്‍ണായക ഘട്ടത്തില്‍ അന്വേഷണം മാറ്റിയതാണ് സംശയത്തിന് ഇടനല്‍കുന്നത്.

ഇതിനിടെ, അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ പി.സി. ജോര്‍ജ് എംഎല്‍എയ്‌ക്കെതിരെ പരാതിക്കാരിയായ കന്യാസ്ത്രീ കഴിഞ്ഞ ദിവസം പരാതി നല്‍കിയതില്‍ പൊലീസ് നടപടികള്‍ തുടങ്ങിയിരുന്നു. ഒന്‍പതിന് കോട്ടയത്ത് വാര്‍ത്താസമ്മേളനത്തിനിടെ കന്യാസ്ത്രീക്കെതിരെ പി.സി.ജോര്‍ജ് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. നിയമസഭാംഗമായതിനാല്‍ സ്പീക്കറുടെ അനുമതി തേടിയശേഷമാകും പൊലീസ് നടപടി. രണ്ടു വര്‍ഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന കേസാണിത്.

pathram:
Leave a Comment