പാലാ: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡിലായ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ ഇനി പാലാ സബ് ജയിലിലെ മൂന്നാം നമ്പര്‍ സെല്ലില്‍. കോടതി നടപടികള്‍ക്ക് ശേഷം കനത്ത സുരക്ഷയില്‍ ഉച്ചയ്ക്ക് രണ്ടരയോടെയാണ് ബിഷപ്പിനെ സബ് ജയിലില്‍ എത്തിച്ചത്. സി ക്ലാസ് ജയില്‍ ആയതിനാല്‍ കട്ടില്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ബിഷപ്പിന് ലഭിക്കില്ല. മൂന്നാം നമ്പര്‍ സെല്ലില്‍ രണ്ട് പെറ്റിക്കേസ് പ്രതികള്‍ക്കൊപ്പമാണ് ബിഷപ്പിന്റെ വാസം.
ബിഷപ്പിനെ സബ് ജയിലില്‍ എത്തിച്ച സമയത്ത് ജയില്‍ പരിസരം ജനങ്ങളെക്കൊണ്ട് നിറഞ്ഞിരുന്നു.
കേസില്‍ സെപ്റ്റംബര്‍ 19 ന് ബിഷപ്പിനെ അന്വേഷണ സംഘം ചോദ്യംചെയ്യലിനായി വിളിച്ചുവരുത്തിയിരുന്നു. തുടര്‍ന്ന് മൂന്നുദിവസം നീണ്ടുനിന്ന മാരത്തണ്‍ ചോദ്യം ചെയ്യലിന് ശേഷം 21 ന് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഫ്രാങ്കോ മുളയ്ക്കല്‍ ജാമ്യം തേടി കോടതിയെ സമീപിച്ചു. വിചാരണക്കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു.
പിന്നാലെ ജാമ്യാപേക്ഷയുമായി ഫ്രാങ്കോ മുളയ്ക്കലിന്റെ അഭിഭാഷകര്‍ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന ജാമ്യാപേക്ഷയില്‍ വ്യാഴാഴ്ചാണ് കോടതി തീരുമാനമെടുക്കുക. കോടതിവിധി അനുസരിച്ചിരിക്കും ബിഷപ്പിന്റെ ഭാവി.
അതേസമയം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റിലായതിനു പിന്നാലെ തനിക്കും കുടുംബത്തിനുമെതിരെ ഭീഷണിയുണ്ടെന്നും ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ട് കന്യാസ്ത്രീയുടെ സഹോദരി പരാതി നല്‍കി. ഫ്രാങ്കോയുടെ അനുയായികള്‍ വധഭീഷണി ഉള്‍പ്പെടെ ഉയര്‍ത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കി കാലടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കാണ് പരാതി നല്‍കിയിട്ടുള്ളത്. ഫ്രാങ്കോയെ അറസ്റ്റു ചെയ്യാത്തതില്‍ പ്രതിഷേധിച്ച് എറണാകുളത്ത് നടന്ന സമരത്തില്‍ നിരാഹാരമിരുന്ന സ്ത്രീയാണ് പരാതിക്കാരി.
എന്ത് ഹീനകൃത്യവും നടത്താന്‍ മടിയില്ലാത്ത, പണവും രാഷ്ട്രീയ സ്വാധീനമുള്ള ഫ്രാങ്കോ മുളയ്ക്കലില്‍ നിന്നും ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നും പീഡനത്തിനിരയായ സഹോദരിയ്‌ക്കൊപ്പം നിന്നതിനാലാണ് ഫ്രാങ്കോയ്ക്കും അനുയായികളും കടുത്ത ശത്രുത പുലര്‍ത്തുന്നതെന്നും പരാതിയില്‍ പറയുന്നു.
ശത്രുതമൂലം ഫ്രാങ്കോയുടെ ആളുകള്‍ തന്റെ സഹോദരനെതിരെ കള്ളപ്പരാതി നല്‍കിയിട്ടുണ്ട്. ഫ്രങ്കോയുടെ അനുയായിയായ തോമസ് ചിറ്റൂപ്പറമ്പന്‍ എന്നയാള്‍ മകനെയും സഹോദരനെയും അപായപ്പെടുത്തുമെന്ന് തന്നെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. എറണാകുളത്ത് നിരാഹാരമിരുന്നപ്പോള്‍ ഉണ്ണി ചിറ്റൂപ്പറമ്പന്‍ എന്നയാള്‍ തന്റെ ചിത്രമെടുത്ത് കൊണ്ടുപോയിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു.
Leave a Comment