വീണ്ടും വന്‍ തട്ടിപ്പ്, 5000 കോടി രൂപ വായ്പാ എടുത്ത് ഗുജറാത്ത് വ്യവസായി നൈജീരിയയിലേക്കു മുങ്ങി

ന്യൂഡല്‍ഹി: വിജയ് മല്യക്കും നീരവ് മോദിക്കും മെഹുല്‍ ചോക്സിക്കും ശേഷം രാജ്യത്തെ ഞെട്ടിച്ച് വീണ്ടും ബാങ്ക് വായ്പ തട്ടിപ്പ്. 5000 കോടി രൂപയുടെ വായ്പാ തട്ടിപ്പു നടത്തിയ ശേഷം ഗുജറാത്ത് വ്യവസായിയും കുടുംബവും നൈജീരിയയിലേക്കു മുങ്ങി.സ്റ്റെര്‍ലിംഗ് ബയോടെക് കമ്പനിയുടെ ഉടമ നിഥിന്‍ സന്ദേശര, സഹോദരന്‍ ചേതന്‍ സന്ദേശര, ഭാര്യ ദീപ്തി ബെന്‍ എന്നിവരാണ് പണം വെട്ടിച്ച് നൈജീരിയയിലേക്കു മുങ്ങിയത്.

സന്ദേശരയെ ദുബായിയില്‍നിന്ന് കഴിഞ്ഞമാസം അറസ്റ്റ് ചെയ്തതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ സിബിഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും പ്രതിയെ വിട്ടുകിട്ടാനുള്ള നടപടികളുമായി മുന്നോട്ടുപോകുന്നതിനിടെയാണ് നിഥിന്‍ സന്ദേശര നൈജീരിയയിലേക്ക് രക്ഷപ്പെട്ടതായി വിവരം പുറത്തുവരുന്നത്.

വഡോദര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ഡയറക്ടര്‍മാരായ ഇവര്‍ മൂന്നുപേര്‍ക്കുമൊപ്പം വിലാസ് ജോഷി, രാജ്ഭൂഷണ്‍ ഓംപ്രകാശ് ദീക്ഷിത്, ഹേമന്ത് ഹാത്തി, ആന്ധ്രാബാങ്ക് മുന്‍ ഡയറക്ടര്‍ അനുപ് ഗാര്‍ഗ എന്നിവരാണ് കേസിലെ പ്രതികള്‍. ഇതില്‍ അനൂപ് ഗാര്‍ഗ്, രാജ്ഭൂഷന്‍ ദീക്ഷിദ്, ന്യൂഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വ്യവസായി ഗഗന്‍ ധവാന്‍ എന്നിവരെ എന്‍ഫോഴ്സ്മെന്റ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ആന്ധ്രബാങ്ക്, യൂക്കോ ബാങ്ക് , അലഹബാദ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ കണ്‍സോര്‍ഷ്യത്തില്‍നിന്നാണ് പ്രതികള്‍ 5000 കോടി രൂപ വായ്പ എടുത്തത്. 2016 ഡിസംബര്‍ 31 ലേ കണക്കനുസ്സരിച്ച് 5,383 കോടി രൂപയാണ് കമ്പനി പലിശയടക്കം തിരിച്ചടക്കേണ്ടത്.

pathram desk 2:
Related Post
Leave a Comment