ന്യൂഡല്‍ഹി: 50 കോടി ഇന്ത്യക്കാരുടെ ആരോഗ്യരക്ഷയ്ക്കായുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതി ‘ആയുഷ്മാന്‍ ഭാരതിനു’ തുടക്കം. രാജ്യത്തെ പാവപ്പെട്ടവര്‍ക്കു മികച്ച ചികിത്സ നല്‍കുന്നതില്‍ വലിയ ചവിട്ടുപടിയാണിതെന്നു ജാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയില്‍ പദ്ധതി ഉദ്ഘാടനം ചെയ്തു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
‘ലോകത്തെ മറ്റൊരു രാജ്യത്തിലും സര്‍ക്കാര്‍ നേതൃത്വത്തില്‍ ഇത്രവലിയ ചികിത്സാപദ്ധതിയില്ല. ആരോഗ്യമേഖലയുടെ വികസനത്തിനായി സര്‍ക്കാര്‍ സമഗ്രമായ സമീപനമാണു കൈക്കൊള്ളുന്നത്. കുറഞ്ഞ ചെലവിലുള്ള ചികിത്സയും രോഗപ്രതിരോധത്തിലൂന്നിയ ചികിത്സയും ഉള്‍ക്കൊള്ളുന്നതായിരിക്കും പദ്ധതി. കാനഡ, മെക്‌സിക്കോ, യുഎസ് എന്നീ രാജ്യങ്ങളുടെ ജനസംഖ്യയുടെ അത്രയും പേരെയാണു പദ്ധതിയില്‍ ഉള്‍ക്കൊള്ളുന്നത്’– മോദി പറഞ്ഞു.
60 ശതമാനം ചെലവ് കേന്ദ്ര സര്‍ക്കാരും ബാക്കി സംസ്ഥാനങ്ങളുമാണു വഹിക്കേണ്ടത്. കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയെക്കുറിച്ചു സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ മോദി വിശദീകരിച്ചിരുന്നു. അര്‍ഹരായവര്‍ക്കു സര്‍ക്കാര്‍ ആശുപത്രികളില്‍നിന്നും തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളില്‍നിന്നും ചികിത്സ തേടാം. ആധാറോ തിരഞ്ഞെടുപ്പ്, റേഷന്‍ കാര്‍ഡുകളില്‍ ഏതെങ്കിലും ഒന്നോ ആണ് രേഖയായി കാണിക്കേണ്ടത്. പ്രതിവര്‍ഷം അഞ്ചു ലക്ഷം രൂപവരെയുള്ള ചികിത്സ സൗജന്യമാണ്.
അതേസമയം കേരളം, ഒഡിഷ, ഡല്‍ഹി, പഞ്ചാബ് സംസ്ഥാനങ്ങള്‍ പദ്ധതിയുമായി സഹകരിക്കാനാകില്ലെന്ന നിലപാടിലാണ്. എട്ടു കോടി ഗ്രാമീണ കുടുംബങ്ങള്‍ക്കും രണ്ടു കോടി നഗരകുടുംബങ്ങള്‍ക്കുമാണ് ആനുകൂല്യങ്ങള്‍ ലഭ്യമാകുക. 2011 ലെ സാമുദായിക സെന്‍സസ് അനുസരിച്ചാണ് അര്‍ഹരായവരെ കണ്ടെത്തുന്നത്. 8,735 ആശുപത്രികളാണു പദ്ധതിയില്‍ ഇതുവരെ റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
Leave a Comment