മനസുകൊണ്ട് കരഞ്ഞിരുന്നു; വില്ലന്‍ റോളുകള്‍ അവസാനിപ്പിക്കാന്‍ കാരണം അമ്മയായിരുന്നു

സിനിമയിലേക്ക് വന്ന കാലം മുതല്‍ വില്ലന്‍ റോളുകളില്‍ തിളങ്ങിയ ആളാണ് ക്യാപ്റ്റന്‍ രാജു. പരുക്കന്‍ കഥാപാത്രങ്ങളേയും ക്രൂരവില്ലന്‍മാരേയും അവതരിപ്പിക്കാന്‍ തന്റെ ഘനഗംഭീരമായ ശബ്ദവും ആകാരഗരിമയും ക്യാപ്റ്റന്‍ രാജുവിനെ സഹായിച്ചിരുന്നു. എന്നാലും താന്‍ ചെയ്ത നെഗറ്റീവ് റോളുകള്‍ കാരണം ഒരു കലാകാരനെന്ന നിലയില്‍ സമൂഹത്തില്‍ തനിക്ക് അകല്‍ച്ച നേരിടേണ്ടി വന്നിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ വിലയിരുത്തല്‍. വ്യക്തിപരമായും അദ്ദേഹം വില്ലന്‍ റോളുകളില്‍ അസ്വസ്ഥനായിരുന്നു. സിനിമയില്‍ കൊലപാതകം പോലുള്ള രംഗങ്ങളില്‍ അഭിയിക്കുമ്പോള്‍ അദ്ദേഹം മനസ്സുകൊണ്ടു കരഞ്ഞിരുന്നു. മകന്റെ വില്ലന്‍ വേഷങ്ങള്‍ അമ്മയ്ക്കും ഇഷ്ടമായിരുന്നില്ല. അമ്മ മരിച്ച ഘട്ടത്തിലാണ് ഇനി നെഗറ്റീവ് റോള്‍ വേണ്ടെന്ന തീരുമാനത്തില്‍ ക്യാപ്റ്റന്‍ രാജു എത്തിയത്.
ജീവിതത്തിലും സിനിമയിലും ആ തീരുമാനം വഴിത്തിരിവായി. ക്യാരക്ടര്‍ റോളുകളിലും രാജു തിളങ്ങി. പില്‍ക്കാലത്ത് ടിവി സീരിയലുകളിലൂടെ അദ്ദേഹം കുടുംബസദസ്സുകളുടെ പ്രിയങ്കരനായി. താന്‍ ചെയ്ത വേഷങ്ങളിലെല്ലാം ‘ക്യാപ്റ്റന്‍ ടച്ച്’ സൂക്ഷിച്ചു.
മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, ഇംഗ്ലിഷ് തുടങ്ങിയ ഭാഷകളില്‍ 500 ലധികം സിനിമകളില്‍ രാജു അഭിനയിച്ചു. പത്തോളം സീരിയലുകളിലും വേഷമിട്ടു. 1997 ല്‍ ‘ഇതാ ഒരു സ്‌നേഹഗാഥ’ എന്ന സിനിമ സംവിധാനം ചെയ്തു. 2012ല്‍ തന്റെ പ്രിയ കഥാപാത്രമായ പവനായിയുടെ രണ്ടാം വരവായി ‘മിസ്റ്റര്‍ പവനായി 99.99’ എന്ന ചിത്രത്തിന്റെ സംവിധാന ജോലികള്‍ ആരംഭിച്ചിരുന്നു.

pathram:
Related Post
Leave a Comment