ചാരക്കേസില്‍ നമ്പി നാരായണന് അരക്കോടി രൂപ നഷ്ടപരിഹാരം വിധിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി വന്നതോടെ പല രാഷ്ട്രീയക്കാരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും മുന്‍കാല നിലപാടുകള്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ചയായിരുന്നു. ഇതിനൊപ്പം പിണറായിയുടെ പഴയ നിയമസഭാപ്രസംഗവും ശ്രദ്ധേയമാകുന്നു.
ചാരക്കേസ് സംബന്ധിച്ച നിയമസഭയിലെ അവിശ്വാസപ്രമേയ ചര്‍ച്ചയില്‍, അന്ന് ഐജിയായിരുന്ന രമണ്‍ ശ്രീവാസ്തവയ്‌ക്കെതിരെ പിണറായി വിജയന്‍ നടത്തിയ കടന്നാക്രമണം ആണ് ചര്‍ച്ചയാകുന്നത്. ശ്രീവാസ്തവയാണ് ഇന്നു മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവെന്നതാണു ഇപ്പോള്‍ ഇത് പൊങ്ങിവരാന്‍ കാരണമാകുന്നത്.
”നമുക്ക് മറവി പലപ്പോഴും വേഗത്തില്‍ വരാറുണ്ട് എന്നതാണ് ഒരു പ്രത്യേകത. ഇപ്പോള്‍ തന്നെ രമണ്‍ ശ്രീവാസ്തവയുടെ പ്രശ്‌നം കുറേശെ മറവിയിലേക്കു തള്ളിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ രാജ്യത്തു രാജ്യദ്രോഹപ്രവര്‍ത്തനം നടത്തിയ ഐജിയെ സംരക്ഷിക്കുന്ന നിലപാടാണു മുഖ്യമന്ത്രി സ്വീകരിച്ചത്.” 1995 ഫെബ്രുവരി 14നു സഭയിലെ പ്രസംഗത്തില്‍ ആണ് പിണറായി ഇങ്ങനെ പറഞ്ഞത്.
തുടര്‍ന്നുള്ള ദീര്‍ഘമായ പ്രസംഗത്തില്‍ പിണറായി കൂടുതലും കേന്ദ്രീകരിക്കുന്നതു ശ്രീവാസ്തവയെ മുഖ്യമന്ത്രി കരുണാകരന്‍ സംരക്ഷിക്കുന്നുവെന്ന ആക്ഷേപത്തിലാണ്. സിബി മാത്യുവിന്റെ റിപ്പോര്‍ട്ടും ഹൈക്കോടതിയുടെ പരാമര്‍ശങ്ങളുമെല്ലാം അദ്ദേഹം ഇതിനായി ഉദ്ധരിക്കുന്നു. ശ്രീവാസ്തവയുടെ കൈകളിലൂടെ പണം കൈമാറിയെന്ന നിഗമനവും പിണറായി ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരസിംഹറാവുവും മുഖ്യമന്ത്രി കെ.കരുണാകരനും ചേര്‍ന്നു ശ്രീവാസ്തവയെ സംരക്ഷിക്കാനുള്ള ഗൂഢാലോചന നടത്തിയെന്നും ആരോപിച്ചു.
മാത്രമല്ല, മുന്‍മുഖ്യമന്ത്രിയായിരുന്ന അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി ഇ.കെ.നായനാരും പാര്‍ട്ടിയും അദ്ദേഹത്തിനെതിരെ ഉന്നയിച്ച ആക്ഷേപങ്ങള്‍ക്ക് എണ്ണമില്ല. ശ്രീവാസ്തവയെ അറസ്റ്റ് ചെയ്യണമെന്ന് എല്‍ഡിഎഫ് തന്നെ അന്ന് ആവശ്യപ്പെട്ടു.
ശ്രീവാസ്തവ കരുണാകരന്റെ ചാരനാണെന്നും സസ്‌പെന്‍ഡ് ചെയ്തുവേണം കേസ് അന്വേഷിക്കാനെന്നുമാണ് അന്നു നായനാര്‍ ചൂണ്ടിക്കാട്ടിയത്. അദ്ദേഹത്തിന്റെ വാക്കുകള്‍ അന്ന് ഇങ്ങനെ: ‘ശ്രീവാസ്തവയുടെ അഴിമതികളെക്കുറിച്ചു മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ തന്നെ എനിക്കറിമായിരുന്നു. മുന്നറിയിപ്പ് ഞാന്‍ നല്‍കിയതാണ്.’ മുഖ്യമന്ത്രി കെ.കരുണാകരന്‍ സംരക്ഷിക്കുന്നതില്‍ പ്രതിഷേധിച്ചു മുസ്‌ലിം ലീഗ് മന്ത്രിസഭ വിടാന്‍ തയാറാകണമെന്നും നായനാര്‍ ആവശ്യപ്പെടുകയുണ്ടായി.
പ്രതിഷേധം കനത്തപ്പോള്‍ സസ്‌പെന്‍ഷനിലായ അദ്ദേഹത്തിനെതിരെയുള്ള നടപടി പിന്നീടു കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. കഴിഞ്ഞ വിഎസ് സര്‍ക്കാരിന്റെ കാലത്തു കോടിയേരി ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ ഡിജിപിയായി പ്രവര്‍ത്തിച്ചതും രമണ്‍ ശ്രീവാസ്തവ തന്നെ.
Leave a Comment