കൊച്ചി: പ്രശസ്ത ചലച്ചിത്ര താരം ക്യാപ്റ്റന്‍ രാജു അന്തരിച്ചു. 68 വയസായിരുന്നു. കൊച്ചി ആലിന്‍ചുവട്ടിലെ വസതിയില്‍ വച്ച് തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം. വില്ലനായും സഹനടനായും മലയാള സിനിമയില്‍ തിളങ്ങിയ ക്യാപ്റ്റന്‍ രാജു 500 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ജൂണില്‍ അദ്ദേഹത്തെ ഒമാനിലെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുണ്ടായി. അമേരിക്കയിലേക്കുള്ള യാത്രാമധ്യേ വിമാനത്തില്‍ വച്ചാണ് അന്ന് അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായത്. മസ്‌കത്ത് രാജ്യാന്തര വിമാനത്താവളത്തില്‍ അടിയന്തിരമായി വിമാനം ഇറക്കി അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടുത്തെ ചികിത്സയ്ക്ക് ശേഷം കൊച്ചിയിലേക്ക് കൊണ്ടുവന്ന് ചികിത്സ തുടര്‍ന്നു.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലെ സിനിമകളിലും അദ്ദേഹം വേഷമിട്ടു. വില്ലന്‍ വേഷങ്ങളിലെ മാനറിസങ്ങളാണ് ക്യാപ്റ്റന്‍ രാജുവിന് പ്രേക്ഷകമനസ്സില്‍ ഇരിപ്പിടം നല്‍കിയത്. ഇതാ ഒരു സ്‌നേഹഗാഥ, മി.പവനായി 99.99 എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. നിരവധി സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
സൈനിക സേവനത്തിന് ശേഷം 1981 ല്‍ പുറത്തിറങ്ങിയ രക്തം എന്ന സിനിമയിലൂടെയാണ് ക്യാപ്റ്റന്‍ രാജു സിനിമയിലേക്ക് എത്തിയത്. ആദ്യകാലങ്ങളില്‍ വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധനേടിയ ക്യാപ്റ്റന്‍ രാജുവിന്റെ പവനായി എന്ന കഥാപാത്രം പ്രേക്ഷകരെ അതിലെ ഹാസ്യം കൊണ്ട് തന്നെ നെഞ്ചേറ്റി.
ആഗസ്റ്റ് ഒന്ന് എന്ന സിനിമയിലെ നിക്കോളാസ് എന്ന കഥാപാത്രം അദ്ദേഹത്തിന്റെ വില്ലന്‍ വേഷങ്ങളിലെ തിളക്കമാര്‍ന്ന കഥാപാത്രമായിരുന്നു. പോലീസ് വേഷങ്ങളിലും സ്വന്തമായ ഒരു ശൈലി അദ്ദേഹം കൊണ്ടുവന്നു. മാസ്റ്റര്‍ പീസാണ് അവസാനമായി അഭിനയിച്ച ചിത്രം. പ്രമീളയാണ് അദ്ദേഹത്തിന്റെ ഭാര്യ. ഏക മകന്‍ രവിരാജ്.
1950 ജൂണ്‍ 27ന് കെ.ജി.ഡാനിയലിന്റെയും അന്നമ്മയുടെയും ഏഴു മക്കളില്‍ ഒരാളായി ജനനം. ഓമല്ലൂര്‍ സര്‍ക്കാര്‍ യുപി സ്‌കൂളില്‍ അധ്യാപകരായിരുന്നു മാതാപിതാക്കള്‍. ഓമല്ലൂര്‍ യുപി സ്‌കൂളിലും എന്‍എസ്എസ് ഇംഗ്ലിഷ് മീഡിയം സ്‌കൂളിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടര്‍ന്നു പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍നിന്നു സുവോളജി ബിരുദം നേടിയ രാജു, 21–ാം വയസില്‍ ഇന്ത്യന്‍ സൈന്യത്തില്‍ കമ്മിഷന്‍ഡ് ഓഫിസറായി ജോലിയില്‍ പ്രവേശിച്ചു.
പട്ടാളത്തില്‍നിന്നു വിരമിച്ച ശേഷം കുറച്ചുകാലം മുംബൈയിലെ ‘ലക്ഷ്മി സ്റ്റാര്‍ച്ച്’ എന്ന കമ്പനിയിലും ജോലി ചെയ്തിട്ടുണ്ട്. ഇവിടെ ജോലി ചെയ്യുന്നതിനിടെ പ്രതിഭാ തിയറ്റേഴ്‌സ് ഉള്‍പ്പെടെ മുംബൈയിലെ അമച്വര്‍ നാടക ട്രൂപ്പുകളില്‍ ക്യാപ്റ്റന്‍ രാജു സഹകരിച്ചിരുന്നു. പിന്നീടാണു ചലച്ചിത്രരംഗത്തേയ്ക്കു കടന്നത്.
ഇക്കഴിഞ്ഞ ജൂലൈയില്‍ മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ഒമാനില്‍ ചികിത്സയിലായിരുന്നു. പിന്നീടു കൊച്ചിയിലെത്തിച്ചു. ഭാര്യയും മകനുമൊത്തു കൊച്ചിയില്‍നിന്നു ന്യൂയോര്‍ക്കിലേക്കുള്ള യാത്രയ്ക്കിടെ മസ്തിഷ്‌കാഘാതം ഉണ്ടായതിനെത്തുടര്‍ന്നു മസ്‌കത്തില്‍ അടിയന്തരമായി വിമാനമിറക്കിയാണു ക്യാപ്റ്റന്‍ രാജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Leave a Comment