ഹൈക്കോടതിക്കും പൊലീസിനും അസഭ്യവര്‍ഷം നടത്തിയ ബിജെപി നേതാവിനെതിരേ കേസ്

പൊലീസിനെതിരേയും ഹൈക്കോടതിക്കെതിരേയും അസഭ്യവര്‍ഷം നടത്തിയ ബിജെപി കേന്ദ്ര നേതാവിനെതിരേ കേസെടുത്തു. ചെന്നൈയില്‍ ഗണേശോത്സവത്തിന്റെ ഭാഗമായി നടത്തിയ ഘോഷയാത്രയ്ക്കിടെ അസഭ്യവര്‍ഷം നടത്തിയതിന് ആണ് ബി.ജെ.പി. ദേശീയ സെക്രട്ടറി എച്ച്. രാജയ്ക്കും മറ്റ് 18 പേര്‍ക്കുമെതിരേ കേസ് എടുത്തത്.. ചെന്നൈ പുതുക്കോട്ടയില്‍ ശനിയാഴ്ച ഘോഷയാത്ര വഴി മാറ്റിവിടാന്‍ പോലീസ് ശ്രമിച്ചതിനെത്തുടര്‍ന്നായിരുന്നു രാജയുടെ രോഷപ്രകടനം.

തമിഴ്‌നാട്ടിലെ പോലീസ് അഴിമതിക്കാരാണെന്നും പണം വാങ്ങിയാണ് ഘോഷയാത്ര തടയുന്നതെന്നും ആരോപിച്ച രാജ ഹൈക്കോടതിയെയും അസഭ്യം പറഞ്ഞു. കഴിഞ്ഞദിവസം തിരുനല്‍വേലിയില്‍ ഗണേശവിഗ്രഹ ഘോഷയാത്രയ്ക്കിടെ ഹിന്ദു-മുസ്‌ലിം സംഘര്‍ഷമുണ്ടായി. തുടര്‍ന്ന് ചെങ്കോട്ട അടക്കമുള്ളയിടങ്ങളില്‍ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. സംഘര്‍ഷസാധ്യതയുള്ള സ്ഥലത്തുകൂടി ഘോഷയാത്ര കടന്നുപോകുന്നത് മാറ്റണമെന്ന് പോലീസ് നിര്‍ദേശിച്ചതാണ് രാജയെ ചൊടിപ്പിച്ചത്. മറ്റ് മതത്തില്‍പ്പെട്ടവരില്‍ നിന്ന് കൈക്കൂലിവാങ്ങി പോലീസ് ഹിന്ദുക്കള്‍ക്കെതിരേ പ്രവര്‍ത്തിക്കുകയാണെന്നും രാജ ആരോപിച്ചു.

ഗണേശോത്സവ ഘോഷയാത്രകള്‍ നടത്തുന്നത് സംബന്ധിച്ച് ഹൈക്കോടതിയുടെ മാര്‍ഗനിര്‍ദേശം ചൂണ്ടിക്കാട്ടിയപ്പോള്‍ കോടതിയ്‌ക്കെതിരേ തിരിഞ്ഞു. കോടതി മണ്ണാങ്കട്ടയാണെന്ന് പറഞ്ഞ രാജ അസഭ്യവാക്കും ഉപയോഗിച്ചു.

തമിഴ്‌നാട്ടിലെ പോലീസ് അഴിമതിയില്‍ കുളിച്ചുനില്‍ക്കുകയാണ്. ഡി.ജി.പി.യുടെ വീട്ടില്‍വരെ പരിശോധനനടന്നു. ജയിലില്‍ കഴിയുന്ന തീവ്രവാദികള്‍ക്ക് പണംവാങ്ങി ആഡംബര സൗകര്യങ്ങള്‍ അനുവദിക്കുന്നുണ്ടെന്നും രാജ കുറ്റപ്പെടുത്തി.

സംഘര്‍ഷസാധ്യതയുള്ള ഗ്രാമത്തിലൂടെ അനുമതിയില്ലാതെയാണ് രാജയുടെ നേതൃത്വത്തില്‍ ഘോഷയാത്ര നടത്തിയതെന്ന് പോലീസ് പറഞ്ഞു. കോടതിയെയും പോലീസിനെയും രാജ അധിക്ഷേപിക്കുന്ന വീഡിയോദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കോടതിയെ അധിഷേപിച്ചുവെന്ന വാര്‍ത്ത നിഷേധിച്ച രാജ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് എഡിറ്റ് ചെയ്ത വീഡിയോകളാണെന്ന് ആരോപിച്ചു.

pathram:
Leave a Comment