ശബരിമല: കന്നി മാസത്തിലെ പൂജകള്‍ക്കായി ശബരിമല നട തുറന്നു. സന്നിധാനത്ത് വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. പ്രളയത്തിനു ശേഷം ആദ്യമായാണ് ഭക്തര്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിക്കുന്നത്.
സ്വാമിമാരെ സ്വീകരിക്കാനുള്ള ക്രമീകരണങ്ങളെല്ലാം പൂര്‍ത്തിയായതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞു. പ്രളയത്തില്‍ പമ്പയിലും ത്രിവേണിയിലും വലിയ നാശനഷ്ടങ്ങളാണുണ്ടായത്. മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിനു നടതുറക്കുന്നതിനു മുന്‍പായി ഇവ പരിഹരിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുമെന്നു ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ പമ്പ ത്രിവേണിയുടെ പുനരുദ്ധാരണത്തിനായി സഹായം ലഭ്യമാക്കുമെന്ന് ഇവിടം സന്ദര്‍ശിച്ച ലോകബാങ്ക്, എഡിബി സംഘം അറിയിച്ചിട്ടുണ്ട്.
നിലയ്ക്കലില്‍ കുടിവെള്ളം, ശുചിമുറി സംവിധാനങ്ങള്‍, പാര്‍ക്കിങ്ങിന് ആവശ്യമായ സ്ഥലം എന്നിവ കൂടുതലായി ഒരുക്കി. ബേസ് ക്യാംപ് എന്ന നിലയില്‍ എല്ലാ സ്വകാര്യ വാഹനങ്ങളും നിലയ്ക്കലില്‍ പാര്‍ക്ക് ചെയ്യണം. തീര്‍ഥാടകരെ കെഎസ്ആര്‍ടിസി ബസുകളിലാണു പമ്പയില്‍ എത്തിക്കുന്നത്. ഇപ്പോഴുള്ള ബസുകള്‍ പോരെന്നു തീര്‍ഥാടകര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
പെരുനാട്, വടശേരിക്കര, മാടമണ്‍, മണ്ണാരക്കുളഞ്ഞി മുതല്‍ നിലയ്ക്കല്‍ വരെയുള്ള ഭാഗങ്ങളില്‍ ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കുന്നത്. പമ്പയിലെ ആശുപത്രിയുടെ ഒരു നില മണ്ണുമൂടി പോയി. ഇതുനീക്കം ചെയ്ത് അണുവിമുക്തമാക്കും. താല്‍ക്കാലികമായി രണ്ടാമത്തെ നിലയില്‍ ഒ.പി സംവിധാനങ്ങളും ആശുപത്രിയും ക്രമീകരിച്ചു. ശബരിമലയിലെ വൈദ്യുത വിതരണ സംവിധാനങ്ങള്‍ പൂര്‍ണമായും പുനഃസ്ഥാപിച്ചു.
ഭക്തജനങ്ങള്‍ക്കു ദര്‍ശനത്തിനായി ത്രിവേണിയിലൂടെ സന്നിധാനത്തേക്കു പോകാന്‍ താല്‍ക്കാലിക പാത ഒരുക്കിയതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു. ജൈവ ശുചിമുറികള്‍ സ്ഥാപിച്ചു. നിലയ്ക്കല്‍ ബേസ് ക്യാംപില്‍ തീര്‍ഥാടകര്‍ക്കു വിരി വയ്ക്കുന്നതിനുള്ള സംവിധാനം ഒരുക്കി. പമ്പാ സ്‌നാനത്തിനും പിതൃതര്‍പ്പണത്തിനുമായി ത്രിവേണി പാലത്തിനടുത്തു മണല്‍ചാക്ക് അടുക്കി സൗകര്യമൊരുക്കി. സന്നിധാനത്ത് ദേവസ്വം ബോര്‍ഡ് അന്നദാനം നടത്തും.
ഗതാഗത തടസ്സം ഉണ്ടാകും വിധം വീണുകിടന്ന മരങ്ങള്‍ വെട്ടിമാറ്റിയതായി വനംവകുപ്പും പമ്പമണപ്പുറം, ത്രിവേണി, കെഎസ്ആര്‍ടിസി എന്നീ ഭാഗങ്ങളിലെ വഴിവിളക്കുകള്‍ തെളിച്ചതായി കെഎസ്ഇബിയും അറിയിച്ചു. പമ്പ മുതല്‍ മരക്കൂട്ടം വരെയുള്ള സ്ഥലങ്ങളില്‍ തീര്‍ഥാടകര്‍ക്കു ശുദ്ധജലം സുലഭമായി ലഭ്യമാക്കുന്നതിനു കിയോസ്‌കുകള്‍ ക്രമീകരിച്ചു. പ്രളയത്തില്‍പെട്ടു തകര്‍ന്ന പമ്പയിലെ കിണറും പമ്പ് ഹൗസും വൃത്തിയാക്കി. മണിക്കൂറില്‍ 30,000 ലീറ്റര്‍ കുടിവെള്ളം ശുദ്ധീകരിച്ചു നല്‍കാനുള്ള പ്ലാന്റുകളും കിയോസ്‌കുകളും താല്‍ക്കാലികമായി തയാറാക്കിയിട്ടുണ്ട്.
Leave a Comment