പണത്തിന് മീതെ സഭാ പിതാക്കന്മാരുടെ നാവ് പൊങ്ങില്ല; കന്യാസ്ത്രീകളുടെ സമരം കൂടുതല്‍ ശക്തമാക്കുന്നു; ഇന്നുമുതല്‍ നിരാഹാരം

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തില്‍ ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള സമരം കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനം. ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയുടെ സഹോദരി തിങ്കളാഴ്ച മുതല്‍ കൊച്ചിയിലെ സമരപ്പന്തലില്‍ നിരാഹാര സമരം തുടങ്ങും. ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതു വൈകുന്നതിനാലാണു തീരുമാനം.

പരാതിയില്‍ സഭാപിതാക്കന്‍മാരുടെ നിസംഗത വേദനിപ്പിക്കുന്നുവെന്നു കന്യാസ്ത്രീയുടെ സഹോദരി പറഞ്ഞു. സഭയില്‍ നിന്നു നീതി കിട്ടിയില്ല. പണത്തിനു മീതെ സഭാപിതാക്കന്‍മാരുടെ നാവു പൊങ്ങില്ലെന്നും സഹോദരി ആരോപിച്ചു. ഇതിനിടെ, കൊച്ചിയില്‍ നിരാഹാരം അനുഷ്ഠിക്കുന്നവരില്‍ ഒരാളെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്കു മാറ്റി. ജലന്തര്‍ രൂപതയുടെ ഭരണചുമതലയില്‍ നിന്ന് ബിഷപ് ഫ്രാങ്കോ പിന്‍മാറിയെങ്കിലും അറസ്റ്റുണ്ടാകുന്നതുവരെ സമരം തുടരാനാണു സമരസമിതിയുടെ തീരുമാനം.

സമരം ഒന്‍പതാം ദിവസം പിന്നിടുമ്പോള്‍ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ ഉള്‍പ്പെടെ നൂറുകണക്കിനു പേരാണു പിന്തുണയുമായി എത്തുന്നത്. ബിഷപ്പിനെ അറസ്റ്റ് ചെയ്യുംവരെ അനിശ്ചിതകാല നിരാഹാരസമരം തുടരുമെന്നു കന്യാസ്ത്രീകള്‍ വ്യക്തമാക്കി. ബിഷപ് ഫ്രാങ്കോ സ്ഥാനമൊഴിഞ്ഞാലും സമരം നിര്‍ത്തില്ല. വി.എസ്.അച്യുതാനന്ദനെപ്പോലുള്ളവര്‍ സമരത്തെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും സര്‍ക്കാര്‍ നിലപാട് അനുകൂലമാണെന്നു കരുതുന്നില്ലെന്നും അവര്‍ പറഞ്ഞു.

പിന്തുണയുമായി സിറോ മലബാര്‍ സഭാ മുന്‍ വക്താവ് ഫാ. പോള്‍ തേലക്കാട്ടിന്റെ നേതൃത്വത്തില്‍ എറണാകുളം അങ്കമാലി അതിരൂപതയിലെ എട്ടു വൈദികര്‍ സമരപ്പന്തലിലെത്തിയതു സമരക്കാര്‍ക്ക് ഊര്‍ജമായി. ഇവര്‍ക്കു പുറമേ മാര്‍ത്തോമ്മാ സഭയിലെ വൈദികരും വന്നു. സമരത്തില്‍ വത്തിക്കാന്‍ ഇടപെട്ട് നീതി നടപ്പാക്കണമെന്നു ഫാ. പോള്‍ തേലക്കാട്ട് പറഞ്ഞു. സഭയില്‍ അധികാരത്തിന്റെ രോഗലക്ഷണങ്ങള്‍ ഉണ്ടെന്നും അതിനു പരിഹാരം കണ്ടേ മതിയാകൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സമരത്തിന്റെ വരവു ചെലവു കണക്കുകള്‍ പുറത്തുവിടുമെന്നു സേവ് ഔവര്‍ സിസ്‌റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ഫാ. അഗസ്റ്റിന്‍ വട്ടോളി പറഞ്ഞു. ഇതിനൊപ്പം ബിഷപ് ഫ്രാങ്കോയുടെ സ്വത്തു വിവരം വെളിപ്പെടുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.

pathram:
Related Post
Leave a Comment