മന്ത്രിയായതുകൊണ്ട് എനിക്ക് ഇന്ധനവില വര്‍ധന പ്രശ്‌നമല്ല; സൗജന്യമായി ലഭിക്കുമെന്ന് കേന്ദ്രമന്ത്രി; കിടിലന്‍ മറുപടിയുമായി കമന്റുകള്‍

ഇന്ധനവില വര്‍ധനയില്‍ ജനങ്ങല്‍ ദുരിതമനുഭവിക്കുന്നതിനിടെ ജനങ്ങളെ പരിഹസിച്ച് കേന്ദ്ര മന്ത്രി രാംദാസ് അതാവാലെ രംഗത്തെത്തി. പെട്രോള്‍ വില ലിറ്ററിന് ഇപ്പോള്‍ 89 രൂപയോളം എത്തിയിരിക്കുന്നു. താനൊരു മന്ത്രിയാണെന്നും ഇന്ധന വില തന്നെ ബാധിക്കില്ലെന്നും തനിക്ക് സൗജന്യമായി ഇന്ധനം ലഭിക്കുമെന്നും അതാവാലെ പറഞ്ഞു.

അതേസമയം, കേന്ദ്രമന്ത്രിയുടെ പ്രസ്താവനയ്ക്ക് കിടിലന്‍ മറുപടികളും വരുന്നുണ്ട്. കേന്ദ്രമന്ത്രിയുടെ ധാര്‍ഷ്ട്യമാണ് ഇതെന്നും ജനങ്ങളുടെ നികുതിയെടുത്താണ് മന്ത്രിമാര്‍ക്ക് സൗജന്യമായി ഇന്ധനം നല്‍കുന്നതെന്നും ട്വിറ്ററില്‍ അതാവാലെയ്‌ക്കെതിരേ വിമര്‍ശനമുയര്‍ന്നു. കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും അതാവാലെയുടെ പ്രസ്താവനയ്‌ക്കെതിരേ ട്വിറ്ററില്‍ രംഗത്ത് വന്നു. നിങ്ങള്‍ക്ക് ലഭിക്കുന്ന ഇന്ധനം സത്യത്തില്‍ സൗജന്യമായി ലഭിക്കൊന്നതൊന്നും അല്ല. രാജ്യത്ത് കഠിനാധ്വാനം ചെയ്യുന്ന ജനങ്ങള്‍ നികുതിയടച്ചിട്ടാണ് ഇന്ധനം നിങ്ങള്‍ക്ക് ലഭിക്കുന്നത്. നിങ്ങള്‍ക്ക് വേണ്ടിയും അവര്‍ക്ക് വേണ്ടിയും ജനങ്ങള്‍ തന്നെയാണ് നികുതിയടക്കുന്നത്. ഒമര്‍ അബ്ദുള്ളയുടെ ട്വീറ്റില്‍ പറയുന്നു.

സൗജന്യമായി ഇന്ധനം ലഭിക്കുന്ന മന്ത്രി എന്ന സ്ഥാനത്ത് നിന്നും ജനങ്ങള്‍ക്ക് നിങ്ങളെ പണം കൊടുത്ത് ഇന്ധനം വാങ്ങിക്കുന്ന ആളാക്കാനും സാധിക്കുമെന്ന മുന്നറിയിപ്പും ട്വിറ്ററിലുണ്ട്. കാര്യങ്ങള്‍ ഇത്ര ഗൗരവമേറിയതായിട്ടും യാതൊരു ഉത്തരവാദിത്വവും കാണിക്കാത്ത കേന്ദ്രമന്ത്രിമാരടക്കമുള്ളവരാണ് രാജ്യത്തിന്റെ തിരിച്ചടിയെന്നും ട്വിറ്ററില്‍ രൂക്ഷ വിമര്‍ശനമുണ്ട്.

രൂപയുടെ മൂല്യത്തകര്‍ച്ചയും ഇന്ധനവിലക്കയറ്റവും ചര്‍ച്ചചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ യോഗം വിളിച്ചുചേര്‍ത്തിരുന്നു. തുടര്‍ച്ചയായി നാല്‍പ്പത്തിആറാം ദിവസമാണ് രാജ്യത്ത് ഇന്ധനവില കൂടുന്നത്.

pathram:
Related Post
Leave a Comment