വി.എസിനെയും ഗൗരിയമ്മയേയും പോലെയാണ് രാജഗോപാലെന്ന് എ.കെ. ബാലന്‍

വടക്കഞ്ചേരി: വി.എസിനെയും ഗൗരിയമ്മയെയും പോലെ ആദരണീയനായ രാഷ്ട്രീയ പ്രവര്‍ത്തകനാണ് ബിജെപി എംഎല്‍എ ഒ. രാജഗോപാലെന്ന് എ.കെ. ബാലന്‍. പക്വതയോടെ സംസാരിച്ച് മാന്യത പുലര്‍ത്തുന്നയാള്‍ കൂടിയാണദ്ദേഹം. പാലക്കാട് ആലത്തൂരില്‍ രാജഗോപാലിന്റെ നവതി ആഘോഷങ്ങളോട് അനുബന്ധിച്ച് നടന്ന ചടങ്ങിലാണ് ബിജെപി നേതാവിനെ മന്ത്രി ബാലന്‍ പ്രശംസിച്ചത്.

വി.എസ് അച്യുതാനന്ദനെയും കെ.ആര്‍ ഗൗരിയമ്മയെയും പോലെ പല കാരണങ്ങളാലും സമാദരണീയനായ രാഷ്ട്രീയ പ്രവര്‍ത്തകനാണ് ഒ. രാജഗോപാലെന്നായിരുന്നു ബാലന്റെ ആദ്യ പ്രശംസാ വാചകം. രാഷ്ട്രീയ വിമര്‍ശനം പക്വതയോടെ കൈകാര്യം ചെയ്യുന്ന അദ്ദേഹം വാക്കുകള്‍ കൊണ്ട് പോലും എതിരാളികളെ നോവിക്കാറില്ല.

ബിജെപിയുടെ ഏറ്റവും പ്രിയപ്പെട്ട ജനകീയ സ്ഥാനാര്‍ത്ഥിയായി പലവട്ടം മത്സരിച്ച് തോറ്റെങ്കിലും ആര്‍ക്കും പ്രവചിക്കാനാകാത്ത മത്സരത്തില്‍ വിജയിച്ചു. എക്കാലത്തും ധാര്‍മികത ഉയര്‍ത്തിപ്പിടിച്ച അദ്ദേഹം സൗമ്യതയും വിനയവും കൊണ്ട് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അടയാളപ്പെടുത്തട്ടെയെന്നും ബാലന്‍ പറഞ്ഞു.

നവതി ആഘോഷങ്ങളുടെ ഭാഗമായി ജന്മഗ്രാമമായ മണപ്പാടം കണ്ണന്നൂരിലെ ശ്രീ കാര്‍ത്ത്യായനി ഭഗവതി ക്ഷേത്രത്തില്‍ ഒ.രാജഗോപാല്‍ എട്ടുലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച നവതി സ്മൃതി മണ്ഡപത്തിന്റെ ഉദ്ഘാടനവും ചടങ്ങില്‍ മന്ത്രി എ.കെ ബാലന്‍ നിര്‍വഹിച്ചു. ഒ. രാജഗോപാലും മന്ത്രിയും ചേര്‍ന്ന് ഫലവൃക്ഷത്തൈകളും നട്ടു.
പുതുക്കോട് പഞ്ചായത്ത് പ്രസിഡന്റ് പി.എ.ഇസ്മായില്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഒ.ഗിരിധരന്‍, പഞ്ചായത്ത് അംഗം ബള്‍ക്കീസ്, ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് നന്ദകുമാര്‍, എം.കെ.ചന്ദ്രന്‍, ജി.സല്‍പ്രകാശ്, പി.എം.അലി, എ.പ്രമോദ്, ശ്യാമപ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.

pathram:
Related Post
Leave a Comment