പീഡനം നടന്നിട്ടില്ല എന്നതിന് തെളിവ് ആണ്‌ പിതാവിനോടൊപ്പം ചിരിച്ചുല്ലസിച്ച് അടുത്തിരിക്കുന്ന സിസ്റ്ററുടെ ഫോട്ടോ; കന്യാസ്ത്രീയെ അപമാനിച്ച് അന്വേഷണ റിപ്പോര്‍ട്ട്

ഇരയാക്കപ്പെട്ട കന്യാസ്ത്രീയെ കുറ്റപ്പെടുത്തിയും ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെള്ള പൂശിയും മിഷണറീസ് ഓഫ് ജീസസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. എം.ജെ കോണ്‍ഗ്രിഗേഷന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ കുറുപ്പില്‍ റിപ്പോര്‍ട്ടിന്റെ പ്രസക്തഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പീഡനം നടന്നോ എന്നതായിരുന്നില്ല മറിച്ച് ആരോപണത്തിനു പിന്നിലുള്ള ഗൂഢാലോചനയാണ് അന്വേഷണത്തിന്റെ പ്രധാനലക്ഷ്യമെന്ന് കോണ്‍ഗ്രിഗേഷന്‍ പുറത്തിറക്കിയ പത്രക്കുറിപ്പ് വായിച്ചാല്‍ വ്യക്തമാവും. പീഡനം കന്യാസ്ത്രീമാര്‍ കെട്ടിച്ചമച്ചതാണെന്ന മുന്‍വിധിയോടെയാണ് അന്വേഷണം കോണ്‍ഗ്രിഗേഷന്‍ നടത്തിയെന്നതും കുറിപ്പ വായിച്ചാല്‍ സംശയം തോന്നും.

ഇപ്പോള്‍ ആരോപണ വിധേയയായ സിസ്റ്ററിനോടൊപ്പം സമരം ചെയ്യുന്ന അഞ്ചു സിസ്റ്റര്‍ മാരും 2017 ല്‍ സഭ നല്‍കിയ ഔദ്യോഗിക സ്ഥലം മാറ്റ ചട്ട പ്രകാരം മറ്റു കോണ്‍വെന്റുകളിലേക്ക് പോയിരുന്നു പിന്നീട് അധികാരികളുടെ അനുവാദം കൂടാതെ ഒരു സുപ്രഭാതത്തില്‍ കുറുവിലങ്ങാട് മഠത്തിലെത്തിയെന്നും കമ്മീഷന്‍ കുറ്റപ്പെടുത്തുന്നു. എല്ലാ സഭാനിയമങ്ങളും കാറ്റില്‍ പറത്തിയാണ് കുറുവിലങ്ങാട് ഇവര്‍ തമ്പടിച്ചതെന്നും കമ്മീഷന്‍ ആരോപിക്കുന്നു. സഭയുമായി ഔദ്യോഗികമായി യാതൊരു ബന്ധവുമില്ലാത്ത നാലു വ്യക്തികളുടെ സഹായത്തോടെ ഗൂഢാലോചന നടത്തിയതായും എം.ജെ കോണ്‍ഗ്രിഗേഷന്‍ കണ്ടെത്തിയിട്ടുണ്ട്. നിരവധി തവണ താക്കീത് നല്‍കിയിട്ടും ഇവര്‍ അവരുടെ യഥാര്‍ത്ഥ മഠത്തിലേക്ക് തിരികെ പോകാന്‍ തയ്യാറായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അഭിവന്ദ്യ പിതാവിനോടൊപ്പം ചിരിച്ചുല്ലസിച്ച് അടുത്തിരിക്കുന്ന സിസ്റ്ററുടെ ഫോട്ടോ പീഡനം നടന്നിട്ടില്ല എന്നതിന് തെളിവാണെന്ന അതി ക്രൂരമായ നിഗമനത്തിലാണ് മിഷണറീസ് ഓഫ് ജീസസ് അവരുടെ അന്വേഷണത്തിലൂടെ എത്തിയിരിക്കുന്നത്. തങ്ങളുടെ നിഗമനം സ്ഥാപിച്ചെടുക്കാന്‍ ഇരയാക്കപ്പെട്ട കന്യാസ്ത്രീയുടെ ഫോട്ടോ മാധ്യമങ്ങള്‍ക്ക് എത്തിക്കാനും അവര്‍ മടികാണിച്ചില്ല .

ഇരയായ കന്യാസ്ത്രീക്കെതിരേയുള്ള റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ താഴെ പറയുന്നു

യുക്തിവാദികളുടെ പിന്തുണയും ചിന്തകളും ഈ കന്യാസ്ത്രീമാരെ സ്വാധീനിച്ചിരുന്നു എന്ന് എം.ജെ കോണ്‍ഗ്രിഗേഷന് ബോധ്യപ്പെട്ടിട്ടുണ്ട്. അതിനാല്‍ തന്നെ മഠത്തില്‍ വന്നുപോകുന്ന അപരിചിതരെ ശ്രദ്ധിക്കുവാന്‍ എം.ജെ കോണ്‍ഗ്രിഗേഷന്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. സന്യാസ ജീവിതത്തിന്റെ ഏറ്റവും പരമപ്രധാനമായ വ്രത നവീകരണം ഈ കന്യാസ്ത്രീകള്‍ വിസമ്മതിച്ച് ഇതുവരെ നടത്തിയിട്ടില്ല എന്നത് ഇതിന്റെ ഏറ്റവും വലിയ ഗൗരവമേറിയ തെളിവായി എം.ജെ കോണ്‍ഗ്രിഗേഷന്‍ കണ്ടെത്തിയിരിക്കുന്നു.
കുറവിലങ്ങാട് മഠത്തിലെ സന്ദര്‍ശക രജിസ്റ്റര്‍ എഴുതിയിരുന്നത് പരാതിക്കാരിയായ കന്യാസ്ത്രീയുടെ അടുപ്പക്കാരിയായ കന്യാസ്ത്രീ ആയിരുന്നു. സന്ദര്‍ശകരുടെ വിവരങ്ങളും മറ്റും ഈ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിരുന്നത് സന്ദര്‍ശകര്‍ പോയതിന് ശേഷം മാത്രമായിരുന്നു. അതില്‍ അവിടെ താമസിക്കുന്ന സന്ദര്‍ശകരുടെ ഒപ്പുമേടിക്കാറുമില്ല. മാത്രമല്ല അതില്‍ എന്ത് എഴുതണമെന്ന് ആ മഠത്തിലെ മദര്‍ സുപ്പീരിയറിന്റെ വിവേചനാധികാരമാണ്. ആയതിനാല്‍ തന്നെ ഒരു വലിയ ഗൂഢാലോചനയുടെ തെളിവായി നല്‍കുവാന്‍ നേരത്തെ തന്നെ മുന്‍കൂട്ടിതയ്യാറാക്കിയ പദ്ധതി അനുസരിച്ച് ഈ സന്ദര്‍ശക രജിസ്റ്ററില്‍ ഇഷ്ടാനുസരണം മാറ്റം വരുത്താനുള്ള സാധ്യത എം.ജെ കോണ്‍ഗിഗേഷന്‍ കണ്ടെത്തിയിരുന്നു.
ആദ്യമായി അഭിവന്ദ്യ പിതാവ് പീഡിപ്പിച്ചു എന്നു പറയുന്ന 2014, മെയ് മാസം 5നു പിതാവ് കുറുവിലങ്ങോട് മഠം സന്ദര്‍ശിച്ചു അത്താഴം കഴിച്ചതിനു ശേഷം അവിടെ താമസിക്കാതെ മറ്റൊരു മഠത്തിലാണ് താമസിച്ചത് എന്ന് തെളിവുകള്‍ സഹിതം ബോധ്യപ്പെട്ടിട്ടുണ്ട്. ഈ തെളിവുകള്‍ അന്വേഷണ സംഘത്തിന് കൈമാറുന്നതായിരിക്കും.
മഠത്തിലെ സന്ദര്‍ശകര്‍ ആരാണെന്ന് മറ്റുള്ളവര്‍ അറിയാതിരിക്കാനായി മഠത്തില്‍ സ്ഥാപിച്ച സിസിടിവി ക്യാമറയുടെ കണ്‍ട്രോള്‍ സിസ്റ്റം സിസ്‌റ്റേഴ്‌സ് അവരുടെ റൂമിലേക്ക് മാറ്റിയത് ഈ ഗൂഢാലോചനയില്‍ പങ്കെടുത്ത വ്യക്തികള്‍ ആരൊക്കെ എന്ന് അധികാരികള്‍ക്ക് തെളിവ് ലഭിക്കാതിരിക്കുന്നതിനാണ്. മഠത്തില്‍ പലപ്പോഴും വന്നിരുന്ന സന്ദര്‍ശകര്‍ ഇക്കാലയളവിലെ മദര്‍സുപ്പീരിയറിന് അപരിചിതരായിരുന്നു എന്നുള്ളത് ഇതിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.
2014 മുതല്‍ 2016 വരെയുള്ള കാലഘട്ടത്തില്‍ അഭിവന്ദ്യ പിതാവിനാല്‍ തങ്ങളുടെ ഈ സഹോദരി നിരവധി തവണ പീഡിപ്പിക്കപ്പെട്ടു എന്നുള്ള ആരോപണം അടിസ്ഥാനരഹിതവും ഒരു വലിയ ഗൂഢാലോചനയുടെ ഭാഗമാണെന്നും എം.ജെ കോണ്‍ഗിഗേഷന് ബോധ്യപ്പെട്ടു. കാരണം 2015 മെയ്മാസം 23നു ബിഷപ്പ് പങ്കെടുത്ത ഒരു വീട് വെഞ്ചിരിപ്പിനു വളരെ ആവേശത്തോടെ അധികാരികളെ വിളിച്ചു അനുവാദം മേടിച്ചു പങ്കെടുത്തതായി എംജെ കോണ്‍ഗ്രിഗേഷന്‍ കണ്ടെത്തിയിരിക്കുന്നു. ഇങ്ങനെ നിരവധി പരിപാടികളില്‍ ഇങ്ങോട്ടു വിളിച്ച് അനുവാദം ആവശ്യപ്പെട്ട് ഈ സിസ്റ്റര്‍ പങ്കെടുത്തതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഒരു വ്യക്തിയാല്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട ഒരു സ്ത്രീ ഒരിക്കലും അയാളോടൊപ്പം മറ്റൊരു പരിപാടിയില്‍ സ്വയം അനുവാദം ചോദിച്ചു പങ്കെടുക്കുകയോ യാത്ര ചെയ്യുകയോ ഇല്ല എന്നുള്ളത് അവഗണിക്കാനാകാത്ത സത്യമാണ്. അതിനാല്‍ തന്നെ മെയ്മാസം 23ന് അഭിവന്ദ്യ പിതാവിനോടൊപ്പം ചിരിച്ചുല്ലസിച്ചു അടുത്ത് തന്നെ ഇരിക്കുന്ന ഫോട്ടോ താഴെ ചേര്‍ക്കുന്നു. ഇത് പീഡനം നടന്നിട്ടില്ല എന്ന നിഗമനത്തിലേക്ക് വിരല്‍ ചൂണ്ടുന്നു.
ബിഷപ്പിനെതിരേ ഗൂഢാലോചന നടത്തിയെന്ന് പറയുന്നതല്ലാതെ എന്തിന് നടത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നില്ല എന്നതും ശ്രദ്ധേയമാണ്.

pathram:
Related Post
Leave a Comment