ഡല്‍ഹിയിലെ നിരത്തില്‍ സാരിയും ബ്ലൗസുമണിച്ച ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ എത്തിയപ്പോള്‍ ആരാധകര്‍ ഞെട്ടി. എന്തിനാണ് ഗംഭീര്‍ ഇത്തരമൊരു വേഷം തിരഞ്ഞെടുത്തത് എന്നായി പിന്നീട് ചര്‍ച്ച. ഒടുവില്‍ അക്കാര്യം വെളിപ്പെട്ടു. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന്റെ വാര്‍ഷിക ഒത്തുചേരല്‍ പരിപാടിയായ ‘ഹിജ്ഡ ഹബ്ബ’യുടെ 11-ലെ പതിപ്പില്‍ പങ്കെടുക്കാനെത്തിയതായിരുന്നു താരം.
സ്വവര്‍ഗ ലൈംഗികത കുറ്റകരമല്ലെന്ന് അറിയിച്ച് സെക്ഷന്‍ 377 സുപ്രീം കോടതി എടുത്ത് മാറ്റിയതിന് പിന്നാലെയാണ് ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗം ഹിജ്ഡ ഹബ്ബ സംഘടിപ്പിച്ചത്. ഡല്‍ഹി മാളില്‍ നടന്ന പരിപാടിയില്‍ നിരവധി പേരാണ് പങ്കെടുത്തത്. ‘ഇങ്ങനെയാണ് ഞാന്‍ ജനിച്ചത്’ എന്ന മുദ്രാവാക്യത്തോടെയാണ് എച്ച്ഐവി/എയ്ഡ്സ് അലൈന്‍സ് ഇന്ത്യ ഈ വര്‍ഷം പരിപാടി സംഘടിപ്പിച്ചത്. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തെ സമൂഹത്തിന്റെ മുന്‍നിരയിലേക്ക് കൊണ്ടു വരാനും ശക്തിപ്പെടുത്താനും ഉദ്ദേശ്യമിട്ടാണ് പരിപാടി നടത്തുന്നത്.
ഡാന്‍സും പാട്ടും പ്രസംഗങ്ങളുമൊക്കെ ആയി ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗം പരിപാടി ആഘോഷമാക്കി. ഗംഭീറിന് വന്‍ സ്വീകരണമാണ് ചടങ്ങില്‍ ലഭിച്ചത്. ഗംഭീറിന്റെ ചിത്രങ്ങള്‍ പുറത്തു വന്നതോടെ നിരവധി പേരാണ് അദ്ദേഹത്തെ പ്രശംസിച്ച് രംഗത്തെത്തുന്നത്. ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്തായ ഗൗതം ഗംഭീര്‍ നിലവില്‍ ഡല്‍ഹി ഡയര്‍ ഡെവിള്‍സ് താരമാണ്.