ദുരിതാശ്വാസ നിധിയിലേക്ക്‌ ഒരു മാസത്തെ ശമ്പളം നല്‍കില്ലെന്ന് പറഞ്ഞ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയ നടപടി റദ്ദാക്കി

തിരുവനന്തപുരം: ദുരിതാശ്വാസനിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നല്‍കില്ലെന്ന് നിലപാടെടുത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരായ നടപടി റദ്ദാക്കി. ഉദ്യോഗസ്ഥന്‍ അനില്‍രാജിന്റെ സ്ഥലംമാറ്റം വിവാദമായതിനെ തുടര്‍ന്നാണ് ഉത്തരവ് റദ്ദാക്കിയത്. പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന ഉത്തരവിറക്കിയ സെക്രട്ടറിയേറ്റിലെ ധനവകുപ്പിലെ ഫണ്ട്‌സ് വിഭാഗത്തിലെ സെക്ഷന്‍ ഓഫീസറാണ് അനില്‍ രാജ്.
സെക്രട്ടറിയേറ്റിലെ സി.പി.എം അനുകൂല സംഘടനയായ കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷനിലെ സജീവ പ്രവര്‍ത്തകന്‍ കൂടിയാണ് അനില്‍ രാജ്. സാമ്പത്തിക ബുദ്ധിമുട്ടുള്ളതിനാല്‍ ശമ്പളം നല്‍കാനാവില്ലെന്ന് അനില്‍ വകുപ്പിനെയും സംഘടനയെയും അറിയിച്ചു. നോ ടു സാലറി ചലഞ്ച് എന്ന പ്രസ്താവന ഫേസ് ബുക്കിലും വാട്‌സ് ആപിലും അയക്കുകയും ചെയ്തു. ഇത് പിന്നീട് നീക്കിയെങ്കിലും വിവരം ധനമന്ത്രിയുടെ ഓഫീസിന്റെ ശ്രദ്ധയില്‍പ്പെട്ടു.

ഉത്തരവിറക്കിയ ഉദ്യോഗസ്ഥന്‍ തന്നെ ഈ നടപടിയെടുത്തത് മന്ത്രിയുടെ ഓഫീസിനെയും കുഴക്കി. സെക്രട്ടറിയേറ്റിന് പുറത്തുള്ള ദേശീയ സമ്പാദ്യ പദ്ധതിയുടെ ഡയറക്ടറേറ്റിലേക്കാണ് അനില്‍ രാജിനെ സ്ഥലം മാറ്റിയത്. ശമ്പളം നല്‍കില്ലെന്ന് പറഞ്ഞ അനില്‍ രാജ് പിന്നീട് ഫേസ് ബുക്കില്‍ ക്ഷമാപണം നടത്തുകയും ചെയ്തു. പിന്നാലെയാണ് സ്ഥലം മാറ്റം റദ്ദാക്കിയത്.

pathram:
Related Post
Leave a Comment