ദുല്‍ഖര്‍ സല്‍മാനോടൊപ്പം അഭിനയിച്ച കമ്മട്ടിപ്പാടം എന്ന സിനിമ കാണാന്‍ തോന്നിയില്ലെന്ന് ബോളിവുഡ് നടി രസിക ദുഗ്ഗല്‍. രസിക ആദ്യമായി അഭിനയിച്ച മലയാള സിനിമയായിരുന്നു രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടം. ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ കൂടെ വലിയ സീനുകളില്‍ അഭിനയിച്ച രസിക പക്ഷെ കണ്ടില്ല. സിനിമ റിലീസ് അടുത്തപ്പോഴാണ് അഭിനയിച്ച ഭൂരിഭാഗം സീനും വെട്ടി ഒഴിവാക്കേണ്ടി വന്നു എന്ന വാര്‍ത്ത കേട്ടത്. സംവിധായകന്‍ രാജീവ് രവി തന്നെയായിരുന്നു അത് വിളിച്ച് പറഞ്ഞത്. കേട്ടപ്പോള്‍ വളരെ അധികം സങ്കടം തോന്നിയെന്നും, അത് കൊണ്ട് തന്നെ പിന്നീട് കമ്മട്ടിപ്പാടം സിനിമ കാണാന്‍ തോന്നിയില്ലയെന്നും നടി രസിക ദുഗ്ഗല്‍ തുറന്ന് പറഞ്ഞു.
‘സിനിമ റിലീസ് ചെയ്യുന്നതിന്റെ ഒരാഴ്ച്ച മുന്‍പ് രാജീവിന്റെ കയ്യില്‍ കമ്മട്ടിപ്പാടത്തിന്റെ നാല് മണിക്കൂര്‍ വേര്‍ഷനുണ്ടായിരുന്നു. അദ്ദേഹത്തിന് അതിലെ മുംബൈയില്‍ നിന്നുള്ള വലിയൊരു ഭാഗം മുഴുവനായും എഡിറ്റ് ചെയ്യണമായിരുന്നു. പൂനെ ഫിലിം ഇന്‌സ്ടിട്യൂട്ടില്‍ എന്റെ സീനിയറായിരുന്നു രാജീവ്. അതിനാല്‍ തന്നെ ഇക്കാര്യത്തില്‍ ഒരുപാട് മാപ്പ് പറഞ്ഞു’; രസിക പറയുന്നു. ‘സിനിമ കണ്ട ഒരുപാട് പേര് ഫോണ്‍ വിളിച്ച് എന്ത് കൊണ്ട് കുറച്ച് മാത്രം അഭിനയിച്ചെന്ന് ചോദിച്ചു, അതിലെനിക്ക് വളരെ അസ്വസ്ഥത തോന്നി, അതല്ലായിരുന്നു ഞാന്‍ ചെയ്തത്, ചിലപ്പോള്‍ കാര്യങ്ങള്‍ ഇങ്ങനെയായിരിക്കും സംഭവിക്കുക , നമ്മുടെ കയ്യിലായിരിക്കില്ല ഒന്നും’, രസിക പറയുന്നു.
‘ഡയറക്ടേഴ്‌സ് കട്ട് നേരത്തെ പുറത്തിറങ്ങേണ്ടതായിരുന്നു. വളരെ മനോഹരമായ വേഷമായിരുന്നു ഞാനതിലഭിനയിച്ചത്. എനിക്ക് അത് വര്‍ക്ക് ഔട്ടായോയെന്ന് കാണണമായിരുന്നു, നാല് മണിക്കൂര്‍ സിനിമയൊന്നും ഞാന്‍ കണ്ടില്ല, പുറത്തിറങ്ങിയ ഒരു വേര്‍ഷനും ഞാന്‍ കണ്ടില്ല. എന്റെ ഭാഗം രാജീവ് ഒഴിവാക്കിയതില്‍ അപ്പോള്‍ അത്രയും സങ്കടം തോന്നിയിരുന്നു’, രസിക തുടര്‍ന്നു.
ദുല്‍ഖറിനെ വരെ അത് അസ്വസ്ഥമാക്കിയിരുന്നു. ദുല്‍ഖര്‍ വിളിച്ച് നടന്ന കാര്യങ്ങള്‍ സംസാരിച്ചു. രാജീവും ദുല്‍ഖറും ഒരുപാട് മാപ്പ് പറഞ്ഞു. പക്ഷെ രാജീവിന് നാല് മണിക്കൂര്‍ വേര്‍ഷന്‍ ഇറക്കാന്‍ സാധിക്കില്ലായിരുന്നു. ഇത് ഒരു വ്യവസായമാണ്. അത് ഞാന്‍ മനസ്സിലാക്കുന്നുവെന്നും രസിക പറഞ്ഞു. ദുല്‍ഖറിനൊപ്പമുള്ള അഭിനയം അതി മനോഹരമായിരുന്നു. ഓരോ നിമിഷവും ഞാന്‍ ആസ്വദിച്ചുവെന്നും രസിക കൂട്ടി ചേര്‍ത്തു.
ആദ്യ സിനിമ നല്ല അനുഭവമല്ലായിരുന്നുവെങ്കിലും ഇനിയും പ്രാദേശിക സിനിമകളില്‍ അഭിനയിക്കാന്‍ തയ്യാറാണെന്നും രസിക പറഞ്ഞു. ഒരുപാട് കഴിവുള്ള താരങ്ങളുള്ള മലയാള സിനിമ വ്യവസായത്തില്‍ ഞാന്‍ അഭിനയിക്കാനിഷ്ടപ്പെടുന്നുവെന്നും രാജീവിനെ പോലുള്ളവരാണ് ഇവിടെ ന്യൂ ജനറേഷന്‍ തരംഗം കൊണ്ട് വന്നതെന്നും രസിക പറയുന്നു. നന്ദിത ദാസിന്റെ ഏറ്റവും പുതിയ ചിത്രമായ മാന്റോവിലൂടെ രസിക വേറിട്ടൊരു വേഷവുമായി ബിഗ് സ്‌ക്രീനിലേക്ക് വരുകയാണ്.
Leave a Comment