അതും കൈവിട്ടു; ഇംഗ്ലണ്ടിനോട് വീണ്ടും തോറ്റ് ഇന്ത്യ; ഇംഗ്ലണ്ടിന്‌ 3-1ന് പരമ്പര

സതാംപ്ടണ്‍: ഇംഗ്ലണ്ടില്‍ വീണ്ടും ഇന്ത്യ തകര്‍ന്നടിഞ്ഞു. നാലാം ടെസ്റ്റില്‍ കളി തീരാന്‍ ഒരു ദിവസം ബാക്കിനില്‍ക്കെ ഇംഗ്ലണ്ടിന് 60 റണ്‍സ് വിജയം. ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 245 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 184 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. ഇതോടെ അഞ്ചു ടെസ്റ്റുകളടങ്ങിയ പരമ്പര 3-1ന് ഇംഗ്ലണ്ട് സ്വന്തമാക്കി. പരമ്പരയില്‍ ഇനി ഒരു ടെസ്റ്റ് മത്സരം മാത്രമാണ് ബാക്കിയുള്ളത്.

നാലാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി വിരാട് കോലി പുറത്തായതിന് പിന്നാലെ ഇന്ത്യ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുവീഴുകയായിരുന്നു. 58 റണ്‍സെടുത്ത് കോലി പുറത്തായതിന് പിന്നാലെ ഹാര്‍ദിക് പാണ്ഡ്യ ക്രീസ് വിട്ടു. അക്കൗണ്ട് തുറക്കും മുമ്പ് പാണ്ഡ്യയെ സ്‌റ്റോക്ക്‌സ് റൂട്ടിന്റെ കൈയിലെത്തിച്ചു. 12 പന്തില്‍ 18 റണ്‍സെടുത്ത് നിലയുറപ്പിക്കാന്‍ ശ്രമിക്കവെ റിഷഭ് പന്തും പുറത്തായി. മോയിന്‍ അലിക്കാണ് വിക്കറ്റ്.

പിന്നീട് നാല് റണ്‍സ് ചേര്‍ക്കുന്നതിടയില്‍ ഇന്ത്യ രണ്ട് വിക്കറ്റ് കളഞ്ഞു. 51 റണ്‍സെടുത്ത രഹാനയെ മോയിന്‍ അലി വിക്കറ്റിന് പിന്നില്‍ കുരുക്കി. തൊട്ടടുത്ത ഓവറില്‍ ഇഷാന്ത് ശര്‍മ്മയും വിക്കറ്റിന് മുന്നില്‍ കുരുങ്ങി. സ്‌റ്റോക്ക്‌സിനാണ് വിക്കറ്റ്. എട്ടു റണ്‍സെടുത്ത മുഹമ്മദ് ഷമിക്കും അധികം ആയുസ്സുണ്ടായിരുന്നില്ല. അവസാന വിക്കറ്റില്‍ ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ച അശ്വിനെ (25) കറന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ ഇന്ത്യയുടെ ഇന്നിങ്‌സ് അവസാനിച്ചു.

നാല് വിക്കറ്റ് വീഴ്ത്തിയ മോയിന്‍ അലി തന്നെയാണ് രണ്ടാം ഇന്നിങ്‌സിലും ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ വെള്ളം കുടിപ്പിച്ചത്. ഇതോടെ രണ്ടിന്നിങ്‌സിലുമായി മോയിന്‍ അലിക്ക് ഒമ്പത് വിക്കറ്റായി. സ്‌റ്റോക്ക്‌സ് രണ്ട് വിക്കറ്റെടുത്തു. സ്‌കോര്‍: ഇംഗ്ലണ്ട് 246 & 271, ഇന്ത്യ 273 & 184

pathram:
Related Post
Leave a Comment