പണം പിരിക്കാന്‍ മന്ത്രിമാര്‍ വിദേശയാത്ര നടത്തുന്നതിനെതിരേ ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: മന്ത്രിമാരുടെ സാന്നിധ്യവും നേതൃത്വവും ജില്ലകളില്‍ വേണ്ട സമയത്തു ധനശേഖരണത്തിന് അവര്‍ വിദേശത്തുപോകുന്നതു നീട്ടിവയ്ക്കണമെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ഉമ്മന്‍ചാണ്ടി. മുഖ്യമന്ത്രി പിണറായി വിജയനു നല്‍കിയ കത്തിലാണ് ഉമ്മന്‍ചാണ്ടി ഇക്കാര്യം ആവശ്യപ്പെട്ടത്. ക്യാംപുകളില്‍ നിന്ന് ആളുകള്‍ മടങ്ങിയതോടെ ദുരിതാശ്വാസ പ്രവര്‍ത്തനം നിലച്ചമട്ടാണ്. എന്നാല്‍, യുദ്ധകാലാടിസ്ഥാനത്തില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ ജില്ലയിലെ മുഴുവന്‍ ജനപ്രതിനിധികളെയും ഉള്‍പ്പെടുത്തി ശുചീകരണ, കുടിവെള്ള!, ആരോഗ്യസുരക്ഷാ പദ്ധതികള്‍ക്കു തീവ്രയജ്ഞം ഉണ്ടാകേണ്ട സമയമാണിതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ദുരിതബാധിതര്‍ക്കു നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവായ 10,000 രൂപ അര്‍ഹരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും നല്‍കണം. വെള്ളക്കെട്ട്, മണ്ണിടിച്ചില്‍ എന്നീ കാരണങ്ങളാല്‍ വാസയോഗ്യമല്ലാതായ കുടുംബങ്ങള്‍ക്കു മാത്രമേ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം പണം ലഭിക്കുകയുള്ളു. ഈ വ്യവസ്ഥ നടപ്പാക്കിയാല്‍ പ്രളയം മൂലം ദുരിതം അനുഭവിച്ച വലിയൊരു വിഭാഗത്തിന് ആനുകൂല്യം ലഭിക്കില്ല. വെള്ളപ്പൊക്കം മൂലം വീടുവിട്ടുമാറിയവര്‍, വെള്ളം കയറിയ വീടുകളില്‍ താമസിച്ചവര്‍, മലയിടിഞ്ഞതിനെ തുടര്‍ന്ന് അപകടമേഖലയില്‍നിന്നു മാറിത്താമസിച്ചവര്‍, തൊഴില്‍ ചെയ്യാന്‍ കഴിയാതിരുന്ന മത്സ്യത്തൊഴിലാളികള്‍ തുടങ്ങിയവര്‍ക്കു കൂടി 10,000 രൂപ നല്‍കണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

ഇലക്ട്രോണിക്‌സ് സാധനങ്ങള്‍ ഉള്‍പ്പെടെയുള്ള വീട്ടുപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് ആനുപാതികമായ നഷ്ടപരിഹാരം നല്‍കണം. സാധാരണ മഴക്കാലത്തുപോലും നല്‍കുന്ന സൗജന്യറേഷന്‍ ഇതുവരെ കൊടുത്തിട്ടില്ല. സൗജന്യ റേഷന്‍ നല്‍കുമെന്നു മുഖ്യമന്ത്രി നിയമസഭയില്‍ ഉറപ്പു പറഞ്ഞിരുന്നു. ഒരു മാസം വരെയോ സാധാരണജീവിതം സാധ്യമാകുന്നതു വരെയോ സൗജന്യ റേഷന്‍ കൊടുക്കണം. പ്രളയത്തിന്റെ ഏറ്റവും കനത്ത ആഘാതമേറ്റ കാര്‍ഷിക മേഖലയുടെ പുനരുദ്ധാരണവും കര്‍ഷകര്‍ക്കുള്ള സഹായവും അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കണം. ദുരിതബാധിത പ്രദേശമായി പ്രഖ്യാപിച്ച സ്ഥലങ്ങളിലെ കര്‍ഷകരുടെ അഞ്ചുലക്ഷം രൂപ വരെയുള്ള വായ്പ എഴുതിത്തള്ളണം. കാര്‍ഷിക മേഖലയിലെ നഷ്ടം കണക്കാക്കാനും കര്‍ഷകര്‍ക്കു നല്‍കേണ്ട സഹായം തീരുമാനിക്കാനും പ്രത്യേക സംവിധാനം ഉണ്ടാകണം.

ഓണക്കച്ചവടത്തിനു കടകളില്‍ കൂടുതല്‍ സ്‌റ്റോക്ക് ഉണ്ടായിരുന്നതിനാല്‍ വ്യാപാര, വ്യവസായ മേഖലയ്ക്കും കനത്ത നഷ്ടം സംഭവിച്ചു. അവരുടെ നഷ്ടത്തിന്റെ ഒരു ഭാഗം സര്‍ക്കാര്‍ നല്‍കുകയും ബാക്കി തുകയ്ക്ക് ഉദാരമായ ബാങ്ക് വായ്പ ലഭ്യമാക്കുകയും വേണം. അടിസ്ഥാന സൗകര്യങ്ങളുടെ പുനരുദ്ധാരണവും വീടുകളുടെ പുനര്‍നിര്‍മാണവുമാണ് കേരളം നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി. ലോകബാങ്കില്‍ നിന്നും എഡിബിയില്‍ നിന്നും വായ്പ തേടിയതു പ്രായോഗികമായ സമീപനമാണ്.

ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ പ്രതിപക്ഷം പൂര്‍ണ സഹകരണമാണു നല്‍കുന്നത്. എന്നാല്‍ ചില ദുരിതാശ്വാസ ക്യാംപുകളില്‍ അന്ധമായ രാഷ്ട്രീയം കടന്നുവന്നു. ദുരിതബാധിതര്‍ക്കു വേണ്ടി സമാഹരിച്ച സാധനങ്ങള്‍ ചിലര്‍ കടത്തുകയും ചിലയിടങ്ങളില്‍ വിതരണം ചെയ്യാന്‍പോലും കഴിയാതെ വന്നതും ഒഴിവാക്കേണ്ടതായിരുന്നു. ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ നിര്‍ബന്ധിത പങ്കാളിത്തത്തിനു പകരം അര്‍പ്പണ മനോഭാവത്തോടെയുള്ള സേവന പങ്കാളിത്തമാണ് ഉണ്ടാകേണ്ടതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment