പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യയുടെ ആത്മഹത്യ; മൂന്ന് ജയില്‍ ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍

കണ്ണൂര്‍: പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്ന് പേര്‍ക്ക് സസ്പെന്‍ഷന്‍. കണ്ണൂര്‍ വനിതാ ജയിലിലെ മൂന്ന് അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍മാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ജയില്‍ സൂപ്രണ്ട്, സംഭവദിവസം ജയിലിന്റെ ചുമതലയുണ്ടായിരുന്ന അസി. സൂപ്രണ്ട് എന്നിവര്‍ക്കെതിരെയും നടപടിക്ക് ശുപാര്‍ശയുണ്ട്.

ജീവനക്കാരുടെ ഭാഗത്തുണ്ടായ അനാസ്ഥയാണ് സൗമ്യയുടെ ആത്മഹത്യക്കു കാരണമായതെന്നു ഉത്തരമേഖല ജയില്‍ ഡിഐജി പ്രദീപ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയതിനെതുടര്‍ന്നാണ് നടപടി. ഇരുപത്തിമൂന്ന് ജയില്‍ സുരക്ഷ ജീവനക്കാരുള്ള ജയിലില്‍ സൗമ്യ ആത്മഹത്യ ചെയ്ത ദിവസം ജോലിക്കുണ്ടായിരുന്നത് നാല് അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍മാര്‍ മാത്രമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

സംഭവദിവസം സൗമ്യയെയും മറ്റു രണ്ട് തടവുകാരെയും ലോക്കപ്പില്‍ നിന്നിറക്കി ഡയറി ഫാമിലേക്ക് അയച്ചിരുന്നു. പിന്നീട് സൗമ്യക്കൊപ്പമുണ്ടായിരുന്ന രണ്ടുപേരെ അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍ പുറത്തേക്ക് കൊണ്ടുപോയതിനെത്തുടര്‍ന്ന് സൗമ്യ ആരുടേയും നിരീക്ഷണമില്ലാതെ തനിച്ചാകുകയായിരുന്നു. ജയിലിലെ ജീവനക്കാരുടെയും മറ്റു തടവുകാരുടെയും നീക്കങ്ങള്‍ പരിശോധിക്കാന്‍ പല കാരണങ്ങള്‍ പറഞ്ഞു ഗേറ്റിന് അടുത്ത് വരെ വന്നു മടങ്ങിയിട്ടു പ്രതിയെ ആരും ശ്രദ്ധിച്ചില്ല. സൗമ്യ മരിച്ച് ഒരു മണിക്കൂറിന് ശേഷമാണ് അക്കാര്യം ജയില്‍ അധികൃതര്‍ അറിഞ്ഞതെന്നതും ഡിഐജി പ്രദീപ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

കണ്ണൂര്‍ വനിതാ ജയിലില്‍ തിരുവോണതലേന്നാണ് സൗമ്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ 10 മണിയോടെയാണ് സൗമ്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. കാമുകനൊപ്പം തന്നിഷ്ടപ്രകാരം ജീവിക്കുന്നതിനായാണ് സൗമ്യ മാതാപിതാക്കളെയും, രണ്ട് പിഞ്ചു മക്കളെയും വിഷം കൊടുത്തു കൊന്നതെന്നാണ് കേസ്.

പിണറായി വണ്ണത്താന്‍ സൗമ്യയുടെ മാതാപിതാക്കളായ കമല, ഭര്‍ത്താവ് കുഞ്ഞിക്കണ്ണന്‍, സൗമ്യയുടെ പെണ്‍മക്കള്‍ എന്നിവരാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. ദുരൂഹ മരണം ചര്‍ച്ചയായതോടെ പൊലീസ് വിശദമായ അന്വേഷണം നടത്തിയപ്പോഴാണ് സംഭവത്തിലെ ദുരൂഹതയുടെ ചുരുളഴിഞ്ഞത്. കിണറിലെ വെള്ളത്തില്‍ നിന്നും വിഷബാധ ഏറ്റായിരുന്നു മരണമെന്നായിരുന്നു സൗമ്യ നാട്ടുകാരെയും അന്വേഷണ ഉദ്യോഗസ്ഥരെയും തുടക്കത്തില്‍ വിശ്വസിപ്പിച്ചിരുന്നത്. പിണറായി കൂട്ടക്കൊലക്കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്നു ബന്ധുക്കള്‍ ആരോപിക്കുകയും ഏക പ്രതി സൗമ്യ ദുരൂഹ സാഹചര്യത്തില്‍ മരിക്കുകയും ചെയ്ത സാഹചര്യത്തില്‍ കൂട്ടക്കൊലക്കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരിക്കുകയാണ്.

pathram desk 2:
Related Post
Leave a Comment