മോദി വീണ്ടും അധികാരത്തില്‍ വരരുത്; എന്‍ഡിഎയില്‍ തന്നെ പടയൊരുക്കം; കേന്ദ്രമന്ത്രിയുടെ വെളിപ്പെടുത്തല്‍

പാട്‌ന: പ്രധാനമന്ത്രിയായി നരേന്ദ്രമോദി വീണ്ടും വരുന്നത് കാണാന്‍ എന്‍ഡിഎയിലെ ചിലര്‍ ആഗ്രഹിക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്വാഹ. എന്‍ഡിഎ ഘടകക്ഷിയായ രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടി (ആര്‍എല്‍എസ്പി)യുടെ മന്ത്രിയാണ് ഉപേന്ദ്ര കുശ്വാഹ.

ബിഹാറിലെ ലോക്‌സഭാ സീറ്റുകളുടെ എണ്ണം സംബന്ധിച്ച തര്‍ക്കങ്ങള്‍ നിലനില്‍ക്കെയാണ് മന്ത്രിയുടെ വിവാദ പരാമര്‍ശം. പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പറഞ്ഞ ഉപേന്ദ്ര കുശ്വാഹ എന്നാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയില്ല.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിതീഷ് കുമാറിന്റെ ജെഡിയു കൂടുതല്‍ സീറ്റ് ആവശ്യപ്പെട്ട് സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്. ഇതോടെ ചെറുപാര്‍ട്ടികളായ ആര്‍എല്‍എസ്പിക്കും, രാംവിലാസ് പസ്വാന്റെ എല്‍ജെപിക്കും നിലവിലെ സീറ്റുകളില്‍ കുറവുണ്ടാകാനുള്ള സാധ്യതയുണ്ട്. ഇത് മുന്നില്‍ കണ്ടാണ് കുശ്വാഹയുടെ ഒളിയമ്പെന്നാണ് സൂചന.

നേരത്തെ ജെഡിയു അംഗവും നിതീഷ്‌കുമാറിന്റെ അടുത്ത അനുയായിയുമായിരുന്ന കുശ്വാഹ 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പാണ് പാര്‍ട്ടി വിട്ട് ആര്‍എല്‍എസ്പി എന്ന പാര്‍ട്ടി രൂപീകരിച്ച് എന്‍ഡിഎയുടെ ഭാഗമാകുന്നത്. എന്നാല്‍ ജെഡിയു തിരികെ എന്‍ഡിഎയില്‍ എത്തിയെങ്കിലും നിതീഷ് കുമാറും ഉപേന്ദ്ര കുശ്വാഹയും തമ്മിലുള്ള ബന്ധം നന്നായിട്ടില്ല.

ദിവസങ്ങള്‍ക്ക് മുമ്പ് ഉപേന്ദ്ര കുശ്വാഹ നടത്തിയ ഘീര്‍ പരാമര്‍ശം ബീഹാറില്‍ വലിയ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. കുശ്വാഹ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മഹാസഖ്യത്തിലേക്ക് ചേക്കേറാന്‍ ഒരുങ്ങുന്നുവെന്നതരത്തിലാണ് അത് വ്യാഖ്യാനം ചെയ്യപ്പെട്ടത്. എന്നാല്‍ തന്റെ പരാമര്‍ശം ഏതെങ്കിലും പാര്‍ട്ടിക്കെതിരെയല്ലെന്നും സമൂഹത്തില്‍ നിന്ന് പരമാവധി വോട്ടുകള്‍ സമാഹരിക്കുന്നതിനേക്കുറിച്ച് പൊതുവായി പറഞ്ഞതാണെന്നും അദ്ദേഹം വ്യക്തമാക്കി. മോദിക്ക് വേണ്ടി വോട്ടുകള്‍ സമാഹരിക്കാന്‍ താന്‍ പരിശ്രമിക്കുമെന്നും കുശ്വാഹ പറഞ്ഞു.

പുതിയ കാര്‍, ബൈക്ക് വാങ്ങുന്നവര്‍ക്ക് എട്ടിന്റെ പണി; വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പ്രീമിയം ദീര്‍ഘകാലത്തേക്ക് ഒന്നിച്ചടയ്ക്കണം

pathram:
Related Post
Leave a Comment