കളിക്കിടെ ആലിസ് കോര്‍നെറ്റ് കോര്‍ട്ടില്‍ വച്ച് വസ്ത്രം ഊരിയ സംഭവം; ‘തെറ്റ് പറ്റിപ്പോയി, ഇനി ആവര്‍ത്തിക്കില്ല’, ക്ഷമ ചോദിച്ച് യുഎസ് ഓപ്പണ്‍

ന്യൂയോര്‍ക്ക്: ഫ്രഞ്ച് താരം ആലിസ് കോര്‍നെറ്റിന് എതിരായ നടപടയില്‍ ഖേദം രേഖപ്പെടുത്തി യുഎസ് ഓപ്പണ്‍ അധികൃതര്‍. കളിക്കിടെ കോര്‍ട്ടില്‍ വച്ച് വസ്ത്രം ഊരിയതിന് താരത്തിനെതിരെ നടപടിയെടുത്തത് വന്‍ വിവാദമായിരുന്നു. യുഎസ് ഓപ്പണില്‍ ലിംഗ വിവേചനം നിലനില്‍ക്കുന്നുണ്ടെന്നായിരുന്നു ആരോപണം. ഈ സാഹചര്യത്തിലാണ് യുഎസ് ഓപ്പണ്‍ അധികൃതര്‍ തെറ്റ് തിരുത്തി രംഗത്തെത്തിയത്.

കളിക്കിടെയുള്ള ബ്രേക്ക് കഴിഞ്ഞ് മടങ്ങി വരവെയാണ് താന്‍ ഷര്‍ട്ട് തിരിച്ചാണ് ഇട്ടതെന്ന് കോര്‍നെറ്റ് തിരിച്ചറിയുന്നത്. ഇതോടെ അവിടെ വച്ചു തന്നെ താരം വസ്ത്രം അഴിച്ച് നേരെ ഇടുകയായിരുന്നു. അടിയില്‍ ധരിച്ചിരുന്ന സ്പോര്‍ട്സ് ബ്രാ കാണും വിധത്തില്‍ വസ്ത്രം അഴിച്ചതിനെതിരെയാണ് നടപടി. അമ്പയറായ ക്രിസ്റ്റ്യന്‍ റാസ്‌കാണ് താരത്തിനെതിരെ നടപടിയെടുത്തത്. എന്നാല്‍ കൊടും ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ പുരുഷ താരങ്ങള്‍ കളിക്കിടെ വസ്ത്രം അഴിക്കുന്നതും മിനിറ്റുകളോളം ട്രൗസര്‍ മാത്രം ധരിച്ച് കളിക്കളത്തില്‍ ഇരിക്കുന്നതോ നിയമ വിരുദ്ധമാകില്ലേയെന്നാണ് സോഷ്യല്‍ മീഡിയയുടെ ആരോപണം.

വിവാദം കനത്തതോടെ അധികൃതര്‍ വിശദീകരണവുമായി എത്തുകയായിരുന്നു. എല്ലാ താരങ്ങള്‍ക്കും കളിക്കിടെ വസ്ത്രം മാറുന്നതിന് അനുമതിയുണ്ടെന്ന് ആലിസിന്റേത് നിയമ ലംഘനം അല്ലെന്നും യുഎസ് ഓപ്പണ്‍ പ്രസ്താവനയിലൂടെ അറിയിച്ചു. താരത്തിനെതിരെയുള്ള നടപടിയില്‍ ഖേദിക്കുന്നുണ്ടെന്നും ഭാവിയില്‍ ഇതുപോലെ സംഭവിക്കില്ലെന്ന് ഉറപ്പു നല്‍കുന്നതായും പ്രസ്താവനയില്‍ പറയുന്നു. അതേസമയം, താരത്തിനെതിരെ നടപടിയെടുത്തില്ലെന്നും മുന്നറിയിപ്പ് നല്‍കുക മാത്രമാണ് ചെയ്തതെന്നും പ്രസ്താവനയില്‍ പറയുന്നു.

ചൂട് കൂടിയ കാലാവസ്ഥ ആയതിനാല്‍ കളിക്കിടെ ബ്രേക്ക് എടുത്ത് തിരികെ വരുന്നതിനിടെയായിരുന്നു ഫ്രഞ്ച് താരമായ ആലിസ് കോര്‍നെറ്റ് വസ്ത്രം അഴിച്ചത്. താന്‍ വസ്ത്രം തല തിരിച്ചാണ് ധരിച്ചിരിക്കുന്നത് എന്ന് തിരിച്ചറിഞ്ഞ കോര്‍നെറ്റ് അഴിച്ച് നേരെ ഇടുകയായിരുന്നു.

സെക്കന്റുകളുടെ വ്യത്യാസത്തിലായിരുന്നു താരം വസ്ത്രം അഴിച്ച് തിരിച്ചിട്ടത്. എന്നാല്‍ ഉടനെ തന്നെ താം യുഎസ് ഓപ്പണിന്റെ കോഡ് തെറ്റിച്ചെന്ന് കാണിച്ച് താരത്തിനെതിരെ നടപടിയെടുക്കുകയായിരുന്നു. അത്യുഷ്ണമായതിനാല്‍ വനിതാ താരങ്ങള്‍ക്ക് മൂന്നാം സെറ്റിന് മുന്നോടിയായി പത്ത് മിനിറ്റ് ബ്രേക്ക് അനുവദിച്ചിട്ടുണ്ട്. ഈ ബ്രേക്ക് എടുത്ത ശേഷം തിരികെ വരുമ്പോഴായിരുന്നു താരം തനിക്ക് അബദ്ധം പറ്റിയത് തിരിച്ചറിഞ്ഞത്. പിന്നീട് തിരിച്ച് പോകാന്‍ കഴിയാത്തതിനാല്‍ കോര്‍ട്ടില്‍ വച്ച് തന്നെ വസ്ത്രം അഴിച്ച് നേരെ ഇടുകയായിരുന്നു.

സ്വീഡിഷ് താരമായ ജോഹാന ലാര്‍സനെതിരെയായിരുന്നു മത്സരം. കളിയില്‍ കോര്‍നെറ്റ് പരാജയപ്പെടുകയും ചെയ്തു. എന്നാല്‍ ചെയര്‍ അമ്പയരുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ദ്യോക്കോവിച്ച് പത്ത് മിനിറ്റോളം ഷര്‍ട്ടില്ലാതെ കളിക്കളത്തില്‍ ഇരുന്നിട്ടും നടപടിയെടുക്കാതിരുന്നതിനെയാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിച്ചത്.

കഴിഞ്ഞ ദിവസം ഇതിഹാസ താരം സെറീന വില്യംസണിന്റെ ക്യാറ്റ് സ്യൂട്ടിനെതിരെയും നടപടിയുണ്ടായിരുന്നു. ഇതും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നു. വനിതാ താരങ്ങളോട് വിവേചനം കാണിക്കുന്നുവെന്നാണ് ആരോപണം. സെറീനയ്ക്ക് ഫ്രഞ്ച് ഓപ്പണില്‍ തന്റെ ക്യാറ്റ് സ്യൂട്ട് ധരിക്കുന്നതില്‍ നിന്നും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

pathram desk 2:
Related Post
Leave a Comment