‘ദൈവത്തിന്റെ സ്വന്തം നാട്ടിലെ ദൈവത്തിന്റെ സ്വന്തം സേനയാണ് മത്സ്യത്തൊഴിലാളികള്‍’, സ്വന്തം വിഷമങ്ങള്‍ മറന്ന് നിങ്ങള്‍ ഇറങ്ങിവന്നുവെന്ന് രാഹുല്‍ ഗാന്ധി

ആലപ്പുഴ: പ്രളയക്കെടുതിയില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന് സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളെ വാനോളം പ്രശംസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കേരളത്തിന്റെ വിഷമ ഘട്ടത്തില്‍ സ്വന്തം വിഷമങ്ങള്‍ മറന്ന് ഇറങ്ങിവന്ന മത്സ്യത്തൊഴിലാളികളെ ആദരിക്കാന്‍ അവസരം ലഭിച്ചത് തനിക്കു ലഭിച്ച ബഹുമതിയാണെന്ന് രാഹുല്‍ പറഞ്ഞു. മത്സ്യത്തൊഴിലാളികളെ ആദരിക്കാന്‍ ആലപ്പുഴ ഡിസിസി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

ധീരമായ പ്രവര്‍ത്തനമാണ് പ്രളയ ദിനങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ നടത്തിയത്. മൂവായിരം മത്സ്യത്തൊഴിലാളികള്‍ എഴുപതിനായിരം പേരെയാണ് രക്ഷപ്പെടുത്തിയത്. സ്വന്തം വിഷമങ്ങള്‍ മറന്നാണ് അവര്‍ കേരളത്തിന്റെ പ്രതിസന്ധി ഘട്ടത്തില്‍ ഓടിയെത്തിയത്. ഓഖി ദുരന്തത്തിനിരയായ മത്സ്യത്തൊഴിലാളികള്‍ക്ക് അര്‍ഹിച്ച നഷ്ടപരിഹാരം കിട്ടിയിട്ടില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ അഭിപ്രായപ്പെട്ടു.

ദൈവത്തിന്റെ സ്വന്തം നാട്ടിലെ ദൈവത്തിന്റെ സ്വന്തം സേനയാണ് മത്സ്യത്തൊഴിലാളികള്‍. കോണ്‍ഗ്രസ് ഭരണത്തിലെത്തിയാല്‍ മത്സ്യമേഖലയ്ക്കായി മന്ത്രാലയമുണ്ടാക്കും. അതിലൂടെ മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ കുറെയങ്കിലും പരിഹരിക്കപ്പെടും. രാജ്യത്തെ സൃഷ്ടിച്ചത് കര്‍ഷകരാണ്, അവരെ രക്ഷിക്കൂ എന്നാണ് എപ്പോഴും ഉയര്‍ന്നുകേള്‍ക്കുന്ന മുദ്രാവാക്യം. രാജ്യത്തെ രക്ഷിച്ചത് മത്സ്യത്തൊഴിലാളികളാണ്, അവരെ സംരക്ഷിക്കൂ എന്ന മുദ്രാവാക്യവും ഉയരേണ്ടതുണ്ടെന്ന് രാഹുല്‍ പറഞ്ഞു.

pathram desk 2:
Related Post
Leave a Comment